നോൺസ്റ്റിക്ക് പാത്രങ്ങളോട് ചെയ്യരുതാത്തത്

അനൂപ് ടെക്നോളജിസ്റ്റ്

കഴിവതും നോൺസ്റ്റിക് പാനുകളിൽ എണ്ണയോ ബട്ടറോ ഉപയോഗിക്കരുത്. എണ്ണ ഇല്ലാതെ തന്നെ കുക്ക് ചെയ്യാൻ ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ളവയാണ് അവ. അഥവാ എണ്ണ ഉപയോഗിക്കുന്നുണ്ടെങ്കിൽ തന്നെ അത് പാൻ ചൂടായിക്കഴിഞ്ഞ് ഒഴിയ്ക്കാതിരിക്കുക. പാൻ തണുത്തിരിക്കുമ്പോൾ എണ്ണ ഒഴിച്ച് മെല്ലെ മെല്ലെ ചൂടായി വരുന്നതാണ് പാനിന്റെ ആയുസ്സിന് നല്ലത്.

ഒരു കാരണവശാലും കൂടിയ ചൂടിൽ ഇത്തരം പാത്രങ്ങൾ ഉപയോഗിക്കരുത്. അമിതമായ ചൂടിൽ അധികസമയമിരുന്നാൽ നോൺസ്റ്റിക് കോട്ടിങ്ങുകൾ നശിച്ചുപോകും. മാത്രമല്ല പാത്രത്തിൽ പൂശിയിരിക്കുന്ന രാസവസ്തുക്കൾ കൂടിയ ചൂടിൽ ഇളകിവരാനും സാധ്യതയുണ്ട്. അതുകൊണ്ട് കുറഞ്ഞ ചൂടിലോ മീഡിയം ചൂടിലോ മാത്രം നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുക.

ലോഹങ്ങൾ കൊണ്ടുണ്ടാക്കിയ തവികൾ, ചട്ടുകങ്ങൾ തുടങ്ങിയവ നോൺസ്റ്റിക് പാത്രങ്ങളിൽ ഉപയോഗിക്കരുത്. പാത്രത്തിൽ പോറലുകൾ വീഴാനും നോൺസ്റ്റിക് കോട്ടിങ്ങ് ഇളകി ഭക്ഷണത്തിൽ കലരാനും ഇത് കാരണമാക്കും . അതുകൊണ്ട് സിലിക്കോൺ നിർമ്മിതമോ തടി നിർമ്മിതമോ ആയ തവികൾ ഉപയോഗിക്കുക.

നോൺസ്റ്റിക് പാത്രങ്ങൾ കഴുകുമ്പോൾ വീര്യമേറിയ ഡിറ്റർജന്റുകൾ ഉപയോഗിക്കരുത്. അവ പാത്രത്തിലെ കോട്ടിങ്ങുകൾ ഇളകിപ്പോവാനിടയാക്കും. അതുപോലെ തന്നെ പാത്രം ഉരച്ച് കഴുകുമ്പോഴും ശ്രദ്ധിക്കണം. കഴുകാനായി സോഫ്റ്റായിട്ടുള്ള സ്പോഞ്ചുകൾ മാത്രം ഉപയോഗിക്കുക.

ബാക്കി വരുന്ന ഭക്ഷണം പാനിൽത്തന്നെ സൂക്ഷിക്കരുത്. പാൻ ഫ്രിഡ്ജിലും വെയ്ക്കരുത്. അങ്ങനെ വെച്ചാൽ ഫുഡിലെ രാസവസ്തുക്കൾ ദീർഘസമയം പ്രതിപ്രവർത്തിച്ച് നോൺസ്റ്റിക് കോട്ടിങ്ങിനെ നശിപ്പിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് കുക്കിങ്ങ് കഴിഞ്ഞാലുടൻ ഭക്ഷണം വേറെ പാത്രത്തിലേക്ക് മാറ്റിയിട്ട് പാൻ കഴുകി തുടച്ച് വെയ്ക്കണം. എന്നാൽ ചൂടായിരിക്കുന്ന നോൺസ്റ്റിക് പാനുകൾ തണുത്തതിനുശേഷം മാത്രം കഴുകാൻ ശ്രദ്ധിക്കുക.

ഇങ്ങനെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് വർഷങ്ങളോളം നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാൻ സാധിക്കും.