കീ ബോർഡ് നിരൂപണങ്ങൾക്ക് മുന്നേ

കൃഷ്‌ണേന്തു കലേഷ്

സിനിമ എന്നത് ലോകത്തിലെ ഏറ്റവും റീച് ഉള്ള പോപ്പുലർ ആർട്ട് ആണ്. അതിനു നാം കടപ്പെട്ടിരിക്കുന്നത് മാലോക ഫിലിം മേക്കെർസിനൊട് മാത്രമല്ല, മറിച്ച് ചിതറിക്കിടന്നിരുന്ന ആ സൃഷ്ടികളെ മഥിച്ച് ലോകനിലവാരത്തിൽ തുലനം/ തിരുത്തൽ ചെയ്തവതരിപ്പിച്ച ക്രിട്ടിക്ക്‌സിനോട് കൂടിയാണ്. അക്ഷരങ്ങളുടെ തിരക്കഥയെ ദ്രിശ്യവൽക്കരിക്കുന്നതാണ് സിനിമ എങ്കിൽ അതേ സിനിമയെ തിരിച്ച് (reconstruction) കുറുക്കിയ അക്ഷരങ്ങളിലേക്ക് ഒതുക്കി കഥയുടെ രഹസ്യങ്ങൾ ചോരാതെ ഘട്ടമായി വിശദീകരിക്കുന്നതാണ് നിരൂപണം. ഈ നിരൂപണത്തിനൊപ്പം തന്നെ ആ സിനിമയുടെ അർത്ഥവും, ദൃശ്യഭാഷയും (ഘടന, ശൈലി, വ്യാഖ്യാനം), സ്ഥാനവും ഓട്ടോപ്പ്‌സിക്കൽ അപഗ്രഥനം നടത്തിയുള്ള ഒരു ഡോക്ടറൽ നിർണ്ണയത്തെ ക്രിട്ടിസിസം എന്ന് പറയാം. ഒരു നല്ല ക്രിട്ടിക് എന്നാൽ നല്ലൊരു ചരിത്രാന്വേഷി, സമഗ്ര-കലാസ്വാദകൻ, റിസർച്ച് സയന്റീസ്റ്റ്, സാന്‌ഗേതിക-സാമ്പത്തിക വിദഗ്ദ്ധൻ, പൊളിറ്റിക്കൽ റീഡർ, ഭാഷാ പണ്ഡിതൻ, കവി, എഴുത്തുകാരൻ, ജേർണലിസ്റ്റ് സർവോപരി ഒരു ഫിലിം ടീച്ചർ എന്നിവയുടെ ആകെത്തുകയാണ്. അത്രയും അറിവാളലിൽ പലപ്പോപ്‌ഴും അക്കൂട്ടരെ ഒരു ഫിലിം മേക്കറിന് മുന്നേ സഞ്ചരിക്കെണ്ടവർ അല്ലെങ്കിൽ മുകളിൽ നിൽക്കേണ്ടവർ ആക്കിത്തീർക്കുന്നുണ്ട്. ഇപ്പോൾ ഉയർന്നെക്കാവുന്ന രണ്ടു ചോദ്യങ്ങളെ ഇപ്പോഴേ അഡ്രസ് ചെയ്‌തേക്കാം;

ചോ: കോഴിയോ മുട്ടയോ ആദ്യം ഉണ്ടായി? .
ഉ : ഇവരിൽ ആരാണ് കോഴി, ഏതാണ് മുട്ട?

ചോ: ഒരു ക്രിട്ടിക്കോ നിരൂപകനോ ഇല്ലെങ്കിലും സിനിമക്ക് എന്ത് കുഴപ്പം വരാനാണ്?
ഉ: ഒരു സിനിമ ഇല്ലെങ്കിലും ഈ ലോകത്തിനെന്ത് എന്ത് കുഴപ്പം വരാനാണ്?

-ഇവയുടെ കൂടുതൽ ക്ലാരിഫിക്കേഷൻ ആർട്ട് ഹിസ്റ്ററി നൽകും-

ലോക ക്ലാസ്സിക് സിനിമകളെ ആസിഡിൽ മുക്കി സൂക്ഷിച്ച് കാലാകാലം അവയെ ഓർമപ്പെടുത്തുകയും, സമകാലീന ചിത്രങ്ങളെ ലോക ജനതയ്ക്ക് മുന്നിൽ ഡിസ്ട്രിബ്യൂട്ട് ചെയ്യാനും, എന്തിനേറെ നമ്മുടെ എല്ലാവരുടെയും ഫേവറിറ്റ് ലിസ്റ്റിനും ഫെസ്റ്റിവൽ ചിത്രങ്ങൾക്കും പീന്നിൽപോലും അഖിലലോക ക്രിട്ടിക്കുകളുടെ നിശബ്ദമായ ശുപാർശകൾ ഉള്ളതായി കാണാം.

അമേരിക്ക കണ്ട ഏറ്റവും നല്ല ക്രിട്ടിക് ജെയിംസ് ആഗേയുടെ സിനിമാ കോളങ്ങൾ കവിതകൾ ആയിരുന്നു. മാന്നി ഫാബെർ ആത്യന്തികമായി ഒരു പെയിന്റെർ ആയിരുന്നു. അദ്ദേഹം എഴുതിയിരുന്നത് ഏറെയും ഫ്രേമുകളിലെ ജ്യോമെട്രി, പ്രൊപൊർഷൻ, സ്‌പേസ്, സ്റ്റെജിങ്ങ് എന്നിവയെ അധികരിച്ചായിരുന്നു. ഉപമകൾ ഉപയോഗിച്ചുള്ള അദ്ദേഹത്തിന്റെ കോളങ്ങളുടെ ചില ശീർഷകങ്ങൾ പിന്നീട് ഇങ്ങോട്ട് വളര പോപ്പുലർ ആയി ഉപയോഗിച്ച് പോരാറുണ്ട് (With Camera and Gun, The Cardboard Star, The Great Brain Robbery etc.). അമേരിക്കയിലെ സ്‌പോർട്‌സ് ജേർണലിസ്റ്റുകൾ വരെ ഇദ്ദേഹത്തിന്റെ ശൈലി പിന്തുടർന്നിട്ടുണ്ട്. ഫ്രഞ്ച് ന്യൂവേവിനു തുടക്കം കുറിച്ച സംവിധായകരായ ആന്ദ്രെ ബെസീൻ, ത്രൂഫോ, ഗൊദാർദ് തുടങ്ങി ഏവരും അവരുടെ സിനിമാ ജീവിതം ക്രിട്ടിക്‌സ് ആയാണ് തുടങ്ങിയത്. ഇന്ത്യയിൽ സത്യജിത് റെ നല്ലൊരു ക്രിട്ടിക് കൂടിയായിരുന്നു. ഇന്ന് ജീവിചിരിക്കുന്നതിൽ ഏറ്റവും പ്രശസ്തനും സിനിമയെ രീതിശാസ്ത്രമനുസരിച്ച് ഏറ്റവും സൂക്ഷ്മമായി അനലൈസ് ചെയ്യുന്നതും ഡേവിഡ് ബോർഡ്വൽ ആണ്. http://www.davidbordwell.net/

റോജർ എബെർറ്റ് പുലിറ്റ്‌സർ പുരസ്‌കാരം വരെ കിട്ടിയ ജനകീയനായ ക്രിട്ടിക് ആയിരുന്നു. വിധിനിർണ്ണയത്തിൽ ‘thumbs up/thumbs down’ അദ്ദേഹത്തിന്റെ സംഭാവനയാണ്. ഇന്നത്തെ ‘സ്റ്റാർ റേറ്റിംഗ്’ പോപ്പുലർ ആക്കിയതും ഇദ്ദേഹമാണ്. വിരോധാഭാസം എന്നത് ഗോഡ്ഫാദർ-2 (3*), ബ്ലൂ വെൽവെറ്റ് (1*), യൂഷ്വൽ സസ്‌പെക്റ്റ് (1.5*) കൊടുത്തു വിമർശിക്കുകയും പിന്നീട് സ്‌പൈടെർമാൻ-2 (4*) കൊടുത്ത് ആശ്ലേഷിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. അർമാഗ്ടൻ (1*) എന്ന ചിത്രം കണ്ടു റോജർ എബെർട്ട് കോളത്തിന്റെ ഒടുക്കം എഴുതിയത് ‘ ഇതിന്റെ ടിക്കെറ്റിനു കൊടുക്കുന്ന പണം കാഴ്ചക്കാർക്ക് തീയേറ്ററിൽ നിന്ന് ഇടക്ക് ഇറങ്ങിപ്പോരാൻ ഉള്ള സ്വാതന്ത്യത്തിനു കൂടി ഉള്ളതാണ്’ എന്നാണ്. അതിനെല്ലാം വ്യക്തമായ വിശദീകരണം അദ്ദേഹത്തിന്റെ കോളങ്ങളിൽ ഉണ്ട്, കാരണം ആത്യന്തികമായി അദ്ദേഹം സിനിമകളെ വിലയിരുത്തിയുരുന്നത് relative (താരതമ്യപഠനം) ആയിട്ടായിരുന്നു. അത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലി. ‘ എത്ര വലിയ പ്രതിഭയായാലും, സംശയാലുവായാലും ആത്യന്തികമായി നിങ്ങളിൽ ഉണ്ടാകുന്ന വികാരങ്ങൾ ആണ് സത്യം’ എന്നാണ് സിനിമാകാഴ്ച്ചയുടെ അനന്തരഫലത്തെ അദ്ദേഹം വിലയിരുത്തുന്നത്.

‘ഒരു ഫാർമസിയിലെ ഏറ്റവും വീര്യമുള്ള മരുന്നു പോലെയാണ് സിനിമയിൽ ക്ലോസ് അപ്പ്, അവയുടെ ഉപയോഗത്തിൽ മിതത്വം പാലിക്കണം’ എന്നാണ് ഡ്വിറ്റ് മാക് ഡോണാൾഡ് സിനിമാക്കാരോട് പറഞ്ഞത്. ട്രാക്ക്, സ്ലോ- മോഷൻ ഷോട്ടുകളുടെ ദൈർഖ്യത്തെക്കുറിച്ചും, രണ്ടു ഫെയിമുകൾക്കിടയിലുള്ള ബന്ധത്തെക്കുറിച്ചും, ആസ്‌പെക്റ്റ് റേഷ്യോ കഥാപാത്രങ്ങളുടെ ഇമോഷനെ ദ്യോതിപ്പിക്കുന്നതിനെക്കുറിച്ചും അതേപോലെ കഥാപാത്രങ്ങൾ തമ്മിലുള്ള മാനസിക അകലം സാധ്യമാക്കുന്നതിനെക്കുറിച്ചും കൂടാതെ ലൈറ്റിങ്ങിലെ മൂർത്ത ഭാവങ്ങളെയും, 150 മിനിറ്റുള്ള ഒരു സിനിമയിൽ ഷോട്ടുകളുടെ എണ്ണവും അവയുടെ ദൈർഘ്യവും അതിന്റെ ഫലങ്ങളും. അങ്ങിനെ ഒരായിരം വായനകൾ ആണ് അവർ ചിത്രങ്ങളിൽക്കൂടി നടത്താറ്. അതിനെ ബേസ് ചെയ്താണ് പിന്നീടു ചലച്ചിത്ര പുസ്തകങ്ങൾ വരെ ഇറക്കിയിട്ടുള്ളത്.

വിനോദ സിനിമയിൽ, ‘ഗോഡ് ഫാദർ (1972)’ എന്ന ചിത്രം ഇതുവരെയുള്ള ലോക നിരൂപണങ്ങളുടെ ആകെത്തുകയിൽ ഒന്നാമതാണ് (‘arguably the great American work of popular art’). അന്നത്തെ കാഴ്ചാശീലങ്ങളെ മുഴുവൻ നവീകരിച്ച (താരതമ്യേന പരീക്ഷണ) സിനിമയായിരുന്നിട്ടു കൂടി അത് ആ വർഷത്തെ (1972) അമേരിക്കൻ ടോപ് ഗ്രോസ്സർ ആയി. അതിനു താഴെയുള്ള ആ വർഷത്തെ ഒൻപത് ബോക്‌സ് ഓഫീസ് ഹിറ്റുകളും സ്ഥിരം ഫോർമാറ്റിലുള്ള തട്ടുപൊളിപ്പൻ ചിത്രങ്ങളായിരുന്നു, എന്ന് വെച്ചാൽ അമേരിക്കയിലും ലോകമെമ്പാടും ഗോഡ്ഫാദറെ എലെവേറ്റ് ചെയ്തതിന് (നമ്മുടെ ഉപ-ഭൂഖണ്ഡത്തിലെത്തിയതിനും) പിന്നിൽ അതിന്റെ മേന്മ തിരിച്ചറിഞ്ഞുള്ള നിരൂപകരുടെ ഏകാഭിപ്രായം കൂടിയുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര മേളകളായ കാനിലും, ബെർലിനിലും വെനീസിലും എല്ലാം ചലച്ചിത്ര പ്രവർത്തകരോടൊപ്പം തന്നെ നിരൂപകരും സീറ്റ് ഷെയർ ചെയ്യുന്നുണ്ട്. അവരാണ് പിന്നീട് അവിടുത്തെ ചിത്രങ്ങളെ, അവയുടെ മേന്മകളെ ശിഷ്ട പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക. അതിനായി സിനിമയെക്കൂടാതെ ഇറാന്റെ രാഷ്ട്രീയവും, കൊറിയയുടെ അരാഷ്ട്രീയവും ഐസ്ലാണ്ടിലെ കാലാവസ്ഥയും മുതൽ കേരളത്തിന്റെ മുണ്ടുടുക്കൽ വരെയുള്ള സാമൂഹ്യ രീതികളെക്കുറിച്ച് വരെ അവർക്ക് തത്സമയം പഠിക്കേണ്ടാതായിട്ടുണ്ട് .

ഇന്നത്തെ യുവതയുടെ താരമായ, പോപ്- കൾച്ചർ സംവിധായകൻ ടറാന്റീനൊ യുടെ ആദ്യചിത്രം ‘പൾപ്പ് ഫിക്ഷൻ (1993)’ ശ്രദ്ധിക്കപ്പെടുന്നത് ആ വർഷം കാനിൽ മികച്ച ചിത്രം ആയതിനു ശേഷമാണ്. അദ്ദേഹത്തിന്റെ ലേറ്റസ്റ്റ് ചിത്രമായ ‘ഹേറ്റ്ഫുൽ 8 ‘നെക്കുറിച്ച് ടൈം മാഗസിൻ ലേഖകൻ വിശേഷിപ്പിച്ച ഭാഷ ‘Aside its glorious, nosw-capped visuals, ‘The Hateful Eight’ comes off as haggard and atrophied’ എന്നാണ്. എനിക്ക് മനസ്സിലാക്കാൻ സമയമെടുത്തു, കാരണം അവിടെ അയാളുടെ ഭാഷാജ്ഞാനത്തിനൊപ്പം നമ്മൾ ഉയരേണ്ടതായിട്ടു വരും, വിഷ്വൽ ഭാഷയെ കാച്ചിക്കുറുക്കി ഒറ്റ വാക്കിൽ ഒതുക്കുന്ന ഒരു പരിഭാഷണം അവിടെ സാധിക്കുന്നുണ്ട്, അപ്രകാരം ഒരു വിദ്യാർഥി എന്ന നിലയിൽ ആ വിശേഷണം മനസ്സിലാക്കാനുള്ള എന്റെ അദ്ധ്വാനം ഫലത്തിൽ ലാഭകരമായിരുന്നു.

ഇനി നാട്ടിലോട്ടു വരാം. അതിനു മുന്നോടിയായി പറഞ്ഞോട്ടെ, 360 ഡിഗ്രി കറങ്ങുന്ന ഒരു ചൂണ്ടു പലകയുടെ മുന്നിലിരുന്നാണ് ഇത് എഴുതുന്നത്. എന്ന് വച്ചാൽ നിങ്ങളെപ്പോലെ തന്നെ ഇതെന്നെയും ചൂണ്ടും ഇടക്ക്! പാശ്ചാത്യ ലോകത്തെ കാണികൾ ഒരു ചിത്രം കണ്ട ശേഷം ‘ഇഷ്ടപ്പെട്ടു/ ഇല്ല’ എന്ന രീതിയിൽ ചില നുറുങ്ങ് വ്യക്തിഗത-അഭിപ്രായങ്ങൾ കൈമാറും, കാരണം അതിൽക്കൂടുതൽ അറിവ് അക്കാര്യത്തിൽ ആവശ്യമില്ല എന്ന് അവർ വിശ്വസിക്കുന്നു. സിനിമയെ പഠിക്കുന്നവർ IMDB, Rotten Tomatoes, Metacritic എന്നീ സിനിമാസംബന്ധികളായ സൈറ്റുകളിലോ ചില വ്യക്തിപരമായ ബ്ലോഗ്കളിലോ കുറിക്കും. എന്നാൽ അമ്പത് കോടി ജനങ്ങൾ ഇന്റർനെറ്റ് ഉപഭോഗാക്താക്കളായും, അതിൽ 12 കോടിയോളം ഫേസ്ബുക്ക് യൂസെർസുമായ ഇന്ത്യയിൽ (നമ്മൾ പടച്ചു വിടുന്ന അൽപ്പജ്ഞാനത്തിന്റെ റീച് മനസ്സിലാക്കുക), വളർന്നു വലുതായി കാര്യങ്ങൾ പഠിക്കുന്നതിന് മുമ്പേ നാല് ലോകസിനിമയുടെ പിൻബലത്തിൽ നാമെല്ലാം അറിയാതെ തന്നെ സിനിമയുടെ അപ്പോസ്തലന്മാരായി മാറുന്നുണ്ട്, പറഞ്ഞിട്ട് കാര്യമില്ല, അത്രയ്ക്ക് ശക്തവും സ്വാധീന ശേഷിയുമുള്ളതാണ് ഒരു ഫോക്ക് സംസ്‌കാരം ഉള്ള നമ്മുടെ കാഴ്ച്ചാശീലം. നാം എക്കാലവും പാർക്കുന്ന വീടിന്റെ നിർമ്മാണത്തെപ്പറ്റിയോ, എന്നും സഞ്ചരിക്കുന്ന വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയോ, തുമ്പ വിക്ഷേപിക്കുന്ന റോക്കെറ്റുകളുടെ ശാസ്ത്രത്തെപ്പറ്റിയോ, വളിച്ച ബിരിയാണിക്ക് കൊടുക്കുന്ന 250 രൂപയെപ്പറ്റിയോ വാചാലരാകാറില്ല , എന്നാൽ നിരന്തരം കാണുന്നു എന്ന ഒറ്റക്കാരണത്താൽ സിനിമകളെപ്പറ്റി എഴുതുമ്പോൾ നമ്മൾ ചാക്കോമാഷുമ്മാരാണ്. ഇന്ത്യയിൽ, ഫിലിം ക്രിട്ടിക് കൂടിയായ തരൺ ആദർശ് എന്നയാൾ ഇന്ന് ഒരു സിനിമാ സാമ്പത്തിക വിദഗ്ദ്ധൻ ആണ്, അയാളായിരിക്കും ഒരു പക്ഷെ ഇവിടെ ഏറ്റവും കൂടുതൽ ഇന്ത്യൻ സിനിമകൾ കാണുന്നത്. എന്നാൽ ആ സ്ഥാനത്ത് നിൽക്കേ, ഒരു ജേർണലിസ്റ്റ് കൂടിയായ അദ്ദേഹം, സിനിമയുടെ സാമ്പത്തിക/ മാർക്കെറ്റിംഗ് കണക്കുകളിൽ കവിഞ്ഞ് ഒരു വാക്ക് പോലും ഏതെങ്കിലും ഒരു ചിത്രത്തെപ്പറ്റി തന്റെ ഫേസ്ബുക് സ്‌പേസിൽ എഴുതാറില്ല.

ഒരു ഭാഷയുടെ വൈദഗ്ദ്ധ്യം/ഉപയോഗം പൂർണ്ണമാകുന്നത് എഴുത്ത്, വായന, ഗ്രഹിക്കൽ എന്നിവയിൽ കൂടി വ്യാകരണം തെറ്റാതെയുള്ള ആശയവിനിമയം (Listening, Speaking, Reading, Writing) സാധ്യമാകുമ്പോഴാണ്. ചലച്ചിത്ര ഭാഷക്കും വ്യാകരണമുൾപ്പെടെ ഇത് ബാധകമാണ്! തിരക്കഥയുടെ രീതിശാസ്ത്രം പറയുന്ന സിദ് ഫീൽടിന്റെ ബുക്കുകൾ, ചായാഗ്രാഹണത്തിന്റെ എഞ്ചുവടി ‘ 5 C’s ഓഫ് സിനെമാട്ടോഗ്രാഫി’, മെത്തേഡ് ആക്ടിംഗ് നെ പരിചയപ്പെടുത്തുന്ന സ്റ്റാൻസ്ലൊവിസ്‌കിയുടെ പഠനങ്ങൾ, സിനിമയുടെ സൗന്ദര്യബോധത്തെ അടിമുടി വിശദീകരിക്കുന്ന ടർക്കോവ്‌സക്കിയുടെ ‘Sculpting in Time’, എഡിറ്റിങ്ങിനെ കുറിച്ചുള്ള വാൾട്ടർ മർക്കിന്റെ ‘In the Blink of an Eye’, ഹിസ്റ്ററി ഓഫ് സിനിമ… തുടങ്ങിയവിൽ ഏതിലെങ്കിലും കൈവെക്കാവരുടെത് ആധികാരിക വിമർശങ്ങളെന്ന തോന്നൽ മാത്രമേ നല്കൂ. ഒരിക്കലും സിനിമയെ ‘നല്ലത്, ചീത്ത, മോശം’ എന്ന ഒറ്റവാക്കിൽ ഒരു പ്രൊഫെഷണൽ വിമർശകനും വിലയിരുത്തി എഴുതുകയില്ല , അത് അൺ-എത്തിക്കൽ ആണ്. ‘എനിക്കിഷ്ടമായില്ല, എന്റെ പ്രതീക്ഷ’ എന്നൊക്കെയുള്ള പ്രയോഗങ്ങൾ അൺ-പ്രോഫെഷണലും. ഓരോ വരിയിലും പാരഗ്രാഫിലും എന്തൊക്കെ കവർ ചെയ്യും, എവിടെയൊക്കെ വാക്കുകൾ ആവർത്തിക്കുന്നുണ്ട്, അഭിസംബോധനകൾ തുടങ്ങിയ ക്രിട്ടിക്കൽ & ക്രിയേറ്റിവ് എഴുത്തുരീതികൾ (structural) ആണ് ഭൂരിഭാഗവും പിൻതുടരാറ്. മൊത്തത്തിൽ ഒരു ജഡ്ജ് മെന്റ് പ്രകടിപ്പിക്കാനാണ് സ്റ്റാർ സിസ്റ്റം നിലവിൽ വന്നത്. അതിലും ഓരോ സ്റ്റാറിനും വ്യക്തമായ എക്‌സ്‌പ്രെഷൻ ഉണ്ട്.

ഇവിടെയിറങ്ങുന്ന പാവാടയെയും, ബ്ലൌസിനെയും പറ്റി എഴുതാൻ എന്തിനിത്ര അദ്ധ്വാനം എന്നാണെങ്കിൽ റിവ്യൂ എന്നതിന് പകരം ‘അലക്ക്’ എന്ന തലക്കെട്ടോടു കൂടി തുടങ്ങുകയാണ് ആപ്റ്റ്. ഇവിടുത്തെ ‘അലക്കി’ൽ ഏറിയ പങ്കും പരാതികളും പരിഭവങ്ങളും,ആണ്. ‘പോരാ ‘, ‘കുഴപ്പമില്ല’, ‘ആയില്ല’, ‘ഇഴഞ്ഞു ‘ എന്നിവയൊക്കെ കൂടാതെ പരാതിയുടെ മുഖ്യ കാരണം/ ലോജിക് അതിൽ നമ്മൾ സിനിമ കാണുമ്പോൾ സമർപ്പിതമായ സമയം ഇൻവെസ്റ്റ് ചെയ്യുന്നുണ്ട് എന്നതാണ്. ട്രാഫിക് ബ്ലോക്ക് മുതൽ അമ്പലത്തിലെ ക്യൂ വരെ സമയം പാഴാക്കുന്നുണ്ടെങ്കിലും നാം സിനിമക്ക് കളയുന്ന സമയം (പണവും) മുഴുക്കെ അമൂല്യമാണ്. ഇനി ഇതിന്റെ മറുഭാഗത്തിന്റെ ഡിഫെൻസുകൾ അതിലും ബാലിശമാണ്. ‘ഞങ്ങൾ ചോര നീരാക്കിയ പടം, അനേകം പേരുടെ വയറ്റിപ്പിഴപ്പ്, കെട്ടു താലി വിറ്റെടുത്ത സൃഷ്ടി’ അങ്ങിനങ്ങിനെ. ഇതിലേറ്റവും രസം ‘ ഒന്ന് ചെയ്തു കാണിക്കൂ’ എന്നതാണ്. ഫിലിം മേക്കിങ്ങിന്റെയും വിമർശനത്തിന്റെയും പ്രാകൃതമാനദണ്ഡങ്ങളിൽ പോലും ഇങ്ങനൊരു വാദപ്രതിവാദം സാധ്യമല്ല. ജനിച്ച കുട്ടിയുടെ ആരോഗ്യ പ്രശ്‌നങ്ങള ചൂണ്ടിക്കാണിക്കുന്ന ഡോക്ടറോട് ഒന്ന് ‘പ്രസവിച്ചു കാണിക്കൂ’ എന്ന് പറയുന്നത്ര അബദ്ധജടിലം. ഓരോ രാജ്യത്തിനും അർഹിക്കുന്ന ഭരണാധികാരിയെ ലഭിക്കും എന്ന് പറഞ്ഞ പോലെ ദൃശ്യഭാഷാനവീകരണം/ വിദ്യാഭ്യാസം, ഇവ സാധ്യമാക്കാത്ത രാജ്യത്തെ ഫീലിം മേക്കെർസിന് അർഹിക്കുന്ന പ്രേക്ഷകരെ (തിരിച്ചും) തന്നെ ലഭിക്കും. അവിടെ കാണുന്നവനും കൊടുക്കുന്നവനും ഫിലിം ലിറ്റെറസിയുടെ പരിമിതികളെ ഉണ്ടയുരുട്ടി പരസ്പരം എറിയും.

‘ഇന്റർസ്റ്റെല്ലാർ’ ഇറങ്ങിയപ്പോൾ ക്രിട്ടിക്കുകൾക്ക് പുറമേ പ്രശസ്ത ആസ്‌ട്രോഫിസിസ്റ്റ് ആയ നീൽ ഡിഗ്രാസ് ടൈസൻ വരെ വന്ന് നിരൂപണം നടത്തിയിരുന്നു. വെറും 36 ലക്ഷം രൂപയ്ക്കു ഹോളിവുടിൽ ഇറങ്ങി ശേഷം ആയിരം കോടിയോളം കളക്റ്റ് ചെയ്ത ‘The Blair Witch Project’ എന്ന സിനിമയുടെ വിജയത്തിന് പിന്നിൽ അത്തരം ചിത്രങ്ങൽ കൊണ്ട് വന്നേക്കാവുന്ന പരീക്ഷണ സാധ്യതകളും, സിനിമയുടെ ജനകീയവൽക്കരണവും മുന്നിൽക്കണ്ട വിമർശകരുടെയും, ഫിലിം തീയരിസ്റ്റ്കളുടെയും അകമഴിഞ്ഞ പ്രോത്സാഹനം ഉണ്ടായിരുന്നു.

ഇതിനിടയിൽ, വർഷങ്ങളായി ലക്ഷണമൊത്ത ഒരു വിനോദ സിനിമയെക്കുറിച്ച് എഴുതി പറത്താൻ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന വയോധികരായ ഇവിടുത്തെ പാവം ക്രിട്ടിക്‌സിന്റെ അവസ്ഥ പരിതാപകരമാണ്. ഉള്ള സ്വീകാര്യത കൂടി പോയേക്കും എന്ന് പേടിച്ചു പാവപ്പെട്ട തല്ലിക്കൂട്ട് സമാന്തര-അവാർഡ് ചിത്രങ്ങളെയും അവർ വെറുതെ വിട്ടു കളയുന്നുണ്ട്. മലയാളത്തിൽ ഏറ്റവും പേരെടുത്തവർ ഡോക്ടറേറ്റ് എടുത്തവരും, പ്രോഫെസറുമ്മാരുമായ C.S.വെങ്കിടെശ്വരൻ (ദി ഹിന്ദു), വിജയകൃഷ്ണൻ… തുടങ്ങി നാലഞ്ചു പേരാണ്, പലരും ബുക്കെഴുത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. വടക്ക് കുറേപ്പേർ പ്രൈം ടൈമിൽ സെലിബ്രിറ്റികളെ അഭിമുഖീകരിക്കുന്നു. മൊത്തം എണ്ണം ഇന്ന് വിക്കിപ്പീടിയയിൽ പോലും 25 ൽ താഴെ (ബംഗാളിൽ നിന്നായിരുന്നു പണ്ട് ഏറ്റവും അധികം). വേറെ കുറെ സിനിമാ എഴുത്തുകാർ, കൂടുതലും ഇടത്തരം എഴുത്ത് തൊഴിലാളികൾ (റിലീസിങ്ങ് റൈട്ടെർസ്), അദൃശ്യങ്ങളായ ഇ-കോളങ്ങലിലേക്ക് ചേക്കേറി. 82,000 പത്രങ്ങളും 2,800 ഓളം ചാനെലുകളും കൊല്ലത്തിൽ ആയിരത്തിൽപ്പരം സിനിമകളെക്കൊണ്ടും തിങ്ങി നിറഞ്ഞ മാധ്യമ ഭൂപടത്തിൽ നിന്നും ലോകസിനിമാ ഭൂപടത്തിൽ എത്തുമ്പോൾ ഇന്ത്യയുടെ സ്ഥാനം എന്ത് എന്നുള്ളത് ഈ വംശനാശത്തോട് കൂട്ടിവായിക്കാം. പുറം ലോകത്ത് വിനോദങ്ങൾക്ക് പോലും ഒരു നിലവാര സങ്കൽപ്പമുണ്ട്.

മലയാളത്തിൽ നിലവിലുള്ള എണ്ണം പറഞ്ഞ ധാരാളം തിയറിസ്റ്റ്, ക്രിട്ടിക്കുകളെ കണ്ടില്ലെന്നു നടിക്കുന്നതല്ല, റിസൾട്ടിനെ ബേസ് ചെയ്താണ് എന്റെ ചെറിയ വിലയിരുത്തലുകൾ. നമ്മളെല്ലാവരും കറ തീർന്ന പ്രൊഫെഷണൽസ് ആയിട്ടെ പേനെയെടുക്കാവൂ എന്നല്ല, ഇത് പഠിച്ചുകൊണ്ടുള്ള ഒരു വളർച്ചയാണ്, പക്ഷെ ആധികാരികമാക്കുന്നതിനു മുന്നേ ഗ്രഹിക്കണം, ഉറപ്പുണ്ടാവണം, അറിവിൻ തഴബ് വളരുന്ന തള്ളവിരൽ ഉണ്ടാവണം.

ഒരു കർമ്മത്തിൽ പൂണ്ടാൻ വേണ്ടുന്ന അറിവും യോഗ്യതയും തമ്മിലുള്ള ഇഴബന്ധത്തെയും അൽപ്പജ്ഞാനത്തെ ഭേദഗതി ചെയ്യേണ്ടതായ ധാർമ്മികമായ ഒരു ഉത്തരവാദിത്തത്തെപ്പറ്റിയുമാണ് ഞാൻ പറയാൻ ശ്രമിച്ചിരിക്കുന്നത്. നിരൂപക-വിമർശക കൂട്ടങ്ങൾക്കു പുല്ലുവില നല്കുന്ന ലോകോത്തര സംവിധായകരുമുണ്ട്. പക്ഷെ അവിടെ കൂടുതലും നടന്നിട്ടുള്ളത് ഭാഷയും സംവേദനവും നീതിശാസ്ത്രവും സൌന്ദര്യശാസ്ത്രവും മുൻനിറുത്തിയുള്ള നിശബ്ദ യുദ്ധങ്ങളാണ്. രാജ്യങ്ങൾ തമ്മിലുള്ള പൊളിറ്റിക്കൽ അജെണ്ടകളും വംശീയതയും ചിലപ്പോൾ അവിടെ തർക്ക വിഷയമാകാറുണ്ട്. അമേരിക്കൻ നിരൂപകയായ പോളിൻ കേൽ പറഞ്ഞതിൽ നിന്ന് ഈ ലേഖനം അവസാനിപ്പിക്കാം, ‘In the arts, the critic is the only independent osurce of information. The rest is advertising’.

എന്നാൽ ഇത് വരെ പറഞ്ഞതിലൊന്നും പെടാത്ത രണ്ടു തരം ഫംഗസുകളും വ്യാപിക്കുന്നുണ്ട് ;

1) ഓസ്‌കാർ നേടിയ ‘ബേർഡ്മാൻ’ എന്ന ചിത്രത്തിൽ മൈക്കൽ കീറ്റണിന്റെ സ്വപ്നപദ്ധതിയെ എഴുതി തകർത്തേ അടങ്ങൂ എന്ന് വാശി പിടിച്ചു നടക്കുന്ന ഒരു പ്രശസ്തയായ ഈഗോയിസ്റ്റിക് ക്രിട്ടിക്കിന്റെ കഥാപാത്രം ഉണ്ട്. അവരുടെ ഉപദ്രവത്തിൽ മനം മടുത്ത് ഒരു വേള കീറ്റൻ ഒരു കമ്മന്റ് പാസ് ചെയ്യുന്നുണ്ട്, ‘യോദ്ധാവാകാൻ കഴിയാത്തവൻ ഒറ്റുകാരനായിത്തീരുന്നതു പോലെ, കലാകാരൻ ആവാൻ കഴിയാത്തവൻ വിമർശകൻ ആയിത്തീരും’ എന്ന്.

2) ഇനി അൽപ്പഞാനം പൂർണ്ണതയും അഹങ്കാരം മേന്മയുടെ പുല്ലിന്ഗവുമാണെന്ന് കരുതുന്ന, സാങ്കൽപ്പിക ജനകീയ പേജുകൾ കൈയ്യാളുന്ന പൊടിമീശ-വിമർശകരുണ്ട്. ഹഫ്ത കൊടുക്കാത്ത റിലീസിംഗ് സിനിമകൾക്ക് നേരെയുള്ള മൊട്ടുസൂചി-ഭീഷണിയാണവരുടെ ആയുധം. അവർക്ക് വേണ്ടിയും ‘ബേർഡ്മാനി’ൽ ഒരു വാചകമുണ്ട്. കുറച്ചു പരിഷ്‌കരിച്ചാൽ ഇങ്ങനെ പറയാം ‘ആ നാവു കൊണ്ട്‌പോയി ഊരുതെണ്ടികളുടെ ആസനം വൃത്തിയാക്കിക്കൊടുത്തു കൂടെ ?’ എന്ന്!

ആ ചൂണ്ടുപലക കറക്കം നിർത്തി.