ജയ്പൂർ ഫെസ്റ്റ് കാലത്തെ രാജസ്ഥാൻ യാത്ര

ചിത്തിര കുസുമൻ

ജനുവരി 18 ന് ഉച്ച തിരിഞ്ഞാണ് ഞങ്ങൾ ജയ്പൂർ റെയിൽവേ സ്റ്റേഷനിലിറങ്ങുന്നത്. അത്രയും സമയം ഒരു മുഴുവൻ രാത്രിയും പകുതി പകലും,ദുരന്തോ എക്സ്പ്രസ് ഞങ്ങൾക്ക് വേണോ വേണോ എന്ന് സൂപ്പും കട്ലറ്റും ബ്രെഡും ജാമും ചോറും ചപ്പാത്തിയും തന്ന് സ്നേഹിച്ചു കൊണ്ടിരുന്നു.ഞങ്ങളാകട്ടെ ,ഇങ്ങനെ തന്നാലെങ്ങനെ തിന്നും എന്നറിയാതെ പുറത്ത് ഓടിയോടിപ്പോകുന്ന കടുകുപാടങ്ങളെ അന്തം വിട്ട് നോക്കിയിരുന്നു .

ജയ്പൂർ റെയിൽവേ സ്റ്റേഷനിൽ അനിലേട്ടൻ, ആർട്ടിസ്റ്റ് അനിൽ ദയാനന്ദ് എന്നിവർ കാത്തു നിന്നിരുന്നു .കുസുമൻ ചേട്ടന്റെ മകളായിരിക്കുന്നതിന് ഒരുപാട് പ്രിവിലേജുകളുണ്ട് ലോകത്ത്.അവിടെ നിന്ന് രാജു ഭായിയുടെ ഓട്ടോയിൽ കയറി വീട്ടിലേക്ക് പോയി വരുന്ന അഞ്ചു ദിവസങ്ങളിലെ ഞങ്ങളുടെ പാരഡൈസിലേക്ക് ചെന്നിറങ്ങിയപ്പോൾ ഏതാണ്ട് മൂന്നു മണിയായിരുന്നു. വലിയ തണുപ്പ് തോന്നിയില്ല. അഞ്ച്,ആറ് മണിയായതോടെ മാറിത്തുടങ്ങി .

കഴിഞ്ഞയാഴ്ച 2 ഡിഗ്രി ആയിരുന്നെന്നും ഇപ്പോഴത് 8 ആയിട്ടുണ്ടെന്നും അനിലേട്ടൻ പറഞ്ഞു. ഞാനപ്പോഴേ വിറച്ചു തുടങ്ങി . വായിൽ നിന്നിനിയും രുചി പോയിട്ടില്ലാത്ത, കൊതി മാറിയിട്ടില്ലാത്ത പാചകമായിരുന്നു അനിലേട്ടന്റേത്. അമ്മച്ചിയമ്മയുണ്ടാക്കിത്തരും പോലെ എത്ര ദിവസം, എത്ര നേരമാണ് ഞങ്ങൾക്ക് ഭക്ഷണമുണ്ടാക്കിത്തന്നത് !

കോവൂരിന്റെ സ്റ്റുഡിയോ :

സന്ധ്യയായി . വിറച്ചു തുടങ്ങി . കൊണ്ടു പോയ സ്വറ്ററും ജാക്കറ്റും സോക്‌സും ഒക്കെയിട്ടിട്ടും രക്ഷയില്ല . അന്നേരമാണ് ഇങ്ങനെയിരുന്നാൽ മതിയോ , ഒന്ന് പുറത്തിറങ്ങണ്ടേ എന്ന് അനിലേട്ടൻ ചോദിക്കുന്നത് . ‘അതു വേണോ’ എന്ന മട്ടിൽ നോക്കിയെങ്കിലും ഞങ്ങളിറങ്ങി ,ജയ്പൂർ നഗരത്തിലെ ആദ്യരാത്രിയിലേക്ക് .

പിന്നെയുള്ള നാല് രാത്രികളിലും ഞങ്ങളെ അകത്തു കയറ്റാനായിരുന്നു പാട് എന്ന് അദ്ദേഹം പറയും . രാജസ്ഥാൻ യൂണിവേഴ്‌സിറ്റിയിലെ ഫൈൻ ആർട്സ് ഡിപ്പാർട്മെന്റിലെ അസി . പ്രൊഫസറാണ് ശ്രീ . തോമസ് കോവൂർ . അദ്ദേഹത്തിന്റെ സ്റ്റുഡിയോയിലേക്കാണ് നേരെ പോയത് .

താഴെ നിലയിൽ വലിയ ശിൽപങ്ങൾ അവസാനഘട്ടത്തിലേക്ക് അടുക്കുന്നു . അടുത്ത ദിവസത്തെ ബ്രോൺസ് കാസ്റ്റിംഗിനുള്ള ഒരുക്കങ്ങൾ നടക്കുന്നു . ഒന്നാം നിലയിൽ പുറത്തു നിന്ന് വന്ന ആർട്ടിസ്റ്റുമാർ ചെയ്തു കഴിഞ്ഞതും ചെയ്തു കൊണ്ടിരിക്കുന്നതുമായ വർക്കുകൾ . റെസിഡന്റ് ആർട്ടിസ്റ്റുമാർക്കായി ഇനിയൊരു നില ഒരുങ്ങിക്കൊണ്ടിരിക്കുന്നു .

കേരളത്തിലെ ചിത്രകാരന്മാരെയും ശിൽപികളെയും ഓർത്തു . കിടപ്പുമുറിയിൽ, കട്ടിലിനും പുസ്തകങ്ങൾക്കും ഇടയിൽ വിരിച്ചിട്ട ക്യാൻവാസിൽ വരക്കുന്ന എന്റെ ചേട്ടന്മാരെയോർത്തു . കുറച്ചു സമയം അവിടെയിരുന്ന പുസ്തകങ്ങൾ നോക്കി. ശിൽപങ്ങൾ കണ്ട് നടന്നു . തിരികെ പോരും മുൻപ് ഒരു ദിവസം കൂടെ , പകൽ , അവിടെ പോയി . ഇടം എന്നതൊരു വാക്കല്ല .

ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ :

ഫെസ്റ്റിവലിന് പോകും മുൻപ് , രാവിലയെ പരിചയപ്പെടുകയായിരുന്നു . രാത്രി മുഴുവൻ കേട്ട മുഴക്കമുള്ള ശബ്ദങ്ങളുടെ ഉടമകളായ മയിലുകളെയും . ബാൽക്കണിയിൽ നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നോക്കിയാൽ മയിലുകളുടെയൊരു സാമ്രാജ്യമാണ് . പിന്നെ നിറയെ അരിപ്രാവുകളും .

എല്ലാ വീടുകളിലും മരങ്ങൾ , ഭംഗി . അത് സിവിൽ ലൈൻ ആയതു കൊണ്ടാണെന്നും നഗരത്തിന്റെ എല്ലാ ഭാഗങ്ങളും ഇങ്ങനെയല്ല എന്നും അനിലേട്ടൻ പറഞ്ഞു . വെയിൽ വീണു തുടങ്ങിയിട്ടും വിറയൽ മാറിയില്ല . സോക്സൊക്കെ നനഞ്ഞ പോലെ . എത്ര പുതപ്പിട്ട് മൂടിയാണ് ഉറങ്ങിയതല്ലേ ! സാരമില്ല , ഞാൻ ആദ്യമായല്ലേ തണുപ്പറിയുന്നത്

ടെറസിൽ കയറി നോക്കി, ചുറ്റും കാണാം.പക്ഷേ കാലിൽ പട്ടച്ചരട് ഉടക്കി മുറിയും . ചിലപ്പോ അത് കഴുത്തിലാവും . വലിഞ്ഞു കിടപ്പാണ് നഗരം മുഴുവൻ പടച്ചരടുകൾ , തൊട്ടു മുൻപ് ഞങ്ങൾ പൂനെയിൽ ആഘോഷമാക്കിയ മകര സംക്രാന്തിയുടെ ബാക്കിയായി .

ലിറ്ററേച്ചർ ഫെസ്റ്റിവൽ നടക്കുന്നത് ഡിഗ്ഗി പാലസ് എന്നൊരിടത്താണ് , എന്തൊരു പേര് ! അവിടെ കയറി ചെന്നപ്പോഴോ , ആകെയൊരു മേളം . കുറച്ചൊന്നുമല്ല, ഒരഞ്ചാറു പൂരത്തിനുള്ള ആൾക്കാർ . എന്നാലോ , തിരക്കൊട്ടുമില്ല താനും .

ചെല്ലുമ്പോൾ ഋഷി കപൂറിന്റെ ആത്മകഥയുടെ പ്രകാശനത്തിന് ശേഷമുള്ള പ്രസംഗമാണ്.ഞാനും അവനും മാത്രമാണ് കണ്ടാലൊരു ലുക്കില്ലാത്ത രണ്ടേ രണ്ടു പേർ ബാക്കി എല്ലാവരും ഫാഷൻ സ്റ്റേറ്റ്മെന്റ് ആയിട്ടാണ് നടപ്പ് . പുസ്തകക്കടയിൽ കയറി . കൊതിച്ചിട്ട് ദേഷ്യം വന്നു .എന്തൊക്കെ പുസ്തകമാണ് , എന്തൊരന്തം വിട്ട വിലയാണ് . പോ നാശം . എനിക്കെങ്ങും വേണ്ട . സായന്തെവിടെ ? അങ്ങോട്ട് കയറിയ വഴിക്ക് ക്യാമറയെടുത്ത് കണ്ണിൽ വെച്ച് പോയതാണ് .

വിളിച്ചപ്പോ എവിടെയെവിടെയോ ഉണ്ട്,വന്നു.പല വേദികളിലാണ് സംസാരങ്ങൾ, കവിത,പുസ്തക പ്രകാശനങ്ങൾ,സംവാദങ്ങൾ.അടുത്തത് എന്താണ്? ആഹ് ! പെരുമാൾ മുരുകൻ,ഇമയം,കണ്ണൻ,ശുഭ ശ്രീ .അമ്പമ്പ ! വിശക്കുന്നല്ലോന്ന് പക്ഷേ അകത്ത് തന്നെ കഴിക്കാനുള്ളതൊക്കെയുണ്ട്.മുടിഞ്ഞ കാശാന്നേയ്,രണ്ട് വെജിറ്റബിൾ സാൻഡ്വിച്ച് താ ചേച്ചീ .വെള്ളം ബാഗിലുണ്ട്.വാ പെരുമാൾ മുരുകനെ കാണാം,കേൾക്കാം ന്ന് ഞങ്ങളങ്ങോട്ട് പോയി , പിന്നല്ല . ഞാനൊന്നും പറഞ്ഞില്ല , കേട്ടില്ല , അന്തം വിട്ടിരുന്നതേ ഓർമയുള്ളു .

എന്റെ നാട്ടിലെ ലിറ്ററേച്ചർ എന്താണിങ്ങനെ തുറന്നു പറയാത്തത് . നല്ല ശുദ്ധമാനെ തമിഴിൽ ഇതാ രണ്ടു തനിസാധാരണക്കാർ ഇവിടെയിരുന്ന് സാഹിത്യം പറയുന്നു , രാഷ്ട്രീയം പറയുന്നു . അത് തീർന്നോ , വേണ്ടിയിരുന്നില്ല . ഇറങ്ങുമ്പോഴുണ്ട് അനിലേട്ടൻ . ജവഹർ കലാ കേന്ദ്രയിൽ ഒരു എക്സിബിഷൻ ഉദ്ഘാടനമുണ്ട് വൈകിട്ട് പോയാലോ ? പൊയ്ക്കളയാം , എന്തു നോക്കാൻ . ഇറങ്ങി . അതൊരു സങ്കടത്തിലേക്കായിപ്പോയി .

എന്റെ ആപ്പിൾ :

പൊട്ടിയതായിരുന്നു . പുറപ്പെടും മുൻപ് ഫോട്ടോയെടുത്ത് ഫേസ് ബുക്കിലിട്ട് കളിയാക്കിയത് ഞാൻ തന്നെയാണ് . എന്നാലും പോകുമെന്നോർത്തില്ല . അത് ആകെയുള്ള രണ്ടു കൂട്ടുകാരിൽ രണ്ടാമത്തെയാൾ വാങ്ങിത്തന്നതാണ് . അന്നത് തരാൻ പാങ്ങുണ്ടായിട്ടല്ല, ഇഷ്ടം കൊണ്ടാണെന്ന് എനിക്കറിയാമല്ലോ .

എം ഐ റോഡിലേക്കിറങ്ങി , ഇന്ത്യൻ കോഫി ഹൌസിൽ കേറി കാപ്പി കുടിച്ച്, അജ്മീരി ഗേറ്റിൽ നിന്ന് ഓട്ടോ വിളിച്ച് – അവിടെ നിന്ന് ഏതാണ്ട് 15 മിനിറ്റേയുള്ളു ജെ. കെ.കെ . വരെ – കലാകേന്ദ്രയ്ക്ക് മുൻപിലിറങ്ങി , ദേഹത്ത് വട്ടമിട്ടിരുന്ന ബാഗിൽ നിന്ന് ആപ്പിൾ ഫോണെടുക്കാൻ കൈയിട്ടു , വെറുതെ . ഒന്നുമില്ലായിരുന്നു .

ഓട്ടോയിൽ കയറും മുൻപ് ഞാൻ തൊട്ടതാണ് . കഥയൊന്നുമില്ല, പോക്കറ്റടിച്ചു പോയതാണ് , ഓട്ടോയുടെ സൈഡ് സീറ്റിൽ ഇരിക്കുകയായിരുന്നു , ജാക്കറ്റിന്റെ കനം കൊണ്ട് തൊട്ടതറിഞ്ഞില്ല , സിഗ്നലിൽ നിർത്തിയിട്ടപ്പോഴാകണം . കലാകേന്ദ്രയിലേക്ക് അനിലേട്ടനോട് കയറിക്കോളാൻ പറഞ്ഞ് ഞാനുമവനും ആ ഹൈവേയിൽ കൂടെ ഓടി , റോഡിൽ മുഴുവൻ നിന്നും ഇരുന്നും പരതി .

ഞാൻ ഉറക്കെയുറക്കെ കരഞ്ഞു , ഓർമ്മയുണ്ട് . തമാശയല്ല , ആ ഫോണിലായിരുന്നു എന്റെ ചേച്ചി എനിക്കയച്ച മുഴുവൻ മെസേജുകളും. ഇനിയൊരിക്കലും എനിക്ക് തിരികെ കിട്ടില്ലാത്ത അയാളുടെ ചിരിയും വർത്തമാനവും . അതിലായിരുന്നു ഗ്രീൻ വെയിന്റെ രണ്ടരക്കൊല്ലത്തെ മുഴുവൻ ഫോട്ടോകളും വീഡിയോകളും . അതിലായിരുന്നു എന്റെ മുഴുവൻ ഓർമ്മകളും .

അതിലായിരുന്നു പാചകം ചെയ്യുമ്പോൾ എങ്ങനെയാണ് ഒരു സ്പൂൺ സ്നേഹം ചേർക്കേണ്ടതെന്ന് മേതിൽ പറഞ്ഞ കഥകൾ മുഴുവൻ . എല്ലാം അതിലായിരുന്നു . ഞാനന്നേരം ഒന്നുമില്ലാത്തവളായിപ്പോയി . പോട്ടെ . പൊയ്‌ക്കോട്ടെ . എനിക്ക് സ്നേഹമായിരുന്നെന്ന് ഒന്നു പറയാൻ പറ്റിയെങ്കിൽ നന്നായിരുന്നു .

റോഡ് , ഓട്ടോ സ്റ്റാൻഡ് , പോലീസ് ഘാന , ആപ്പിൾ ഷോറൂം, ഓഫായിപ്പോയ അവന്റെ ഫോൺ …. വീടെത്തിയപ്പോൾ രാത്രി പത്തര . എട്ടു ഡിഗ്രി തണുപ്പിൽ വിയർത്തൊലിച്ച്, കരഞ്ഞു നനഞ്ഞ് ഞങ്ങൾ രണ്ടു പേർ വേണ്ടാത്ത രാത്രി . രാകേഷിനെ , സജിത്തിനെ , വേറെ ആരെയൊക്കെയോ വിളിച്ച് ഒറ്റ ശ്വാസത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു .അന്ന് ഞാനുറങ്ങില്ലെന്നു പേടിച്ച് അവൻ എഴുന്നേറ്റിരുന്നു വെളുപ്പാൻ കാലം വരെ .

ജെ.കെ.കെ,മണി കൗൾ എന്നൊക്കെ :

രാവിലെ എണീറ്റ് പോലീസ് സ്റ്റേഷനിൽ പോയി . അപ്പോഴേക്ക് അത് പോയി , ഇനി കിട്ടില്ല എന്ന് ഞാനെന്നെ പറഞ്ഞു പഠിപ്പിച്ചു . ഒടുക്കം ഒരുമ്മ കൊടുക്കാൻ പറ്റിയെങ്കിൽ എന്നിപ്പോഴും കൊതി . ആപ്പിൾ കമ്പനിക്കാർ പറഞ്ഞ വിദ്യയൊക്കെ ചെയ്തു . അത് കിട്ടിയ ആൾ പാവം . ഓട്ടോ നമ്മൾ വിളിക്കണം എന്നില്ല അവിടെ , നമ്മളെ ഓട്ടോ പിടിച്ചു കയറ്റിക്കോളും . ഞങ്ങളുടെ ഓട്ടോക്കാരൻ പോലീസ് സ്റ്റേഷനിൽ വന്ന് പരാതിയും കൊടുത്തിട്ടേ പോയുള്ളു . അവിടെ ഏതാണ്ട് നൂറോളം വരുന്ന മൊബൈൽ ഫോൺ നഷ്ടപ്പെട്ട പരാതികളുടെ കൂടെ ഒന്നു കൂടെയായി .

ജവഹർ കലാകേന്ദ്രയിൽ തലേന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടത് മണി കൗൾ , രൺബീർ സിങ് കലേക്ക എന്നിവരുടെ , A Very Deep Surface എന്നു പേരിട്ട എക്സിബിഷനാണ് . അതിനു മുൻപ് ആ കെട്ടിടത്തെ കുറിച്ച് പറയട്ടെ. കണ്ടമ്പററി ആർകിടെക്ച്ചർ എന്നു പറയുന്നത്എറണാകുളത്ത് ഇപ്പൊ കാണപ്പെടുന്ന ഇനം കെട്ടിടങ്ങളല്ല ! പദ്മശ്രീയും പദ്മവിഭൂഷണും കൊടുത്ത് ഇന്ത്യ ആദരിച്ചിട്ടുള്ള ചാൾസ് കൊറേയ എന്ന മഹാനായ ആർകിടെക്ട് ആണ് രാജസ്ഥാൻ ഗവണ്മെന്റ് പണിയിപ്പിച്ച ഈ കെട്ടിടം രൂപകൽപന ചെയ്തത് .

ഏറ്റവും പുതുമയുള്ള ഗ്യാലറികൾ , ആംഫി തീയറ്റർ … ആകെ നിറയെ സ്ഥലമാണ് . കെട്ടിടം കണ്ടു തീർക്കാൻ ഒരു ദിവസം വേണം , എന്നിട്ടല്ലേ ഷോ കാണാൻ . പാവം ഞങ്ങൾ . പിന്നെ രണ്ടും കൽപ്പിച്ച് രണ്ടും കൂടെയങ്ങു കണ്ടു . സിനിമാ ചരിത്രകാരനായ ആശിഷ് രാജാധ്യക്ഷയാണ് ക്യൂറേറ്റർ .

പോരും മുൻപ് ആളുടെയൊരു വർത്തമാനം കേൾക്കാൻ പറ്റി . സിനിമയും വീഡിയോയും തമ്മിലുള്ള ഒരു കളിയാണ് ആറ് ഗ്യാലറികളിൽ . ചലിക്കുന്ന, ചലിച്ചു കൊണ്ടേയിരിക്കുന്ന ദൃശ്യങ്ങൾ . വീഡിയോ ഇൻസ്റ്റലേഷനുകൾ , ക്യാൻവാസിൽ, അതെയെന്നേ പെയിന്റ് ചെയ്ത ക്യാൻവാസിൽ അതിനു മീതെയും താഴെയും ഒക്കെയായി വീഡിയോകൾ .

ഓ , ആർട്ടിനെ പറ്റി പറയാൻ ഞാൻ ആളല്ല . കെട്ടിടം കാണാൻ കൊല്ലം ടി . കെ . എം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് കുട്ടികളെ കൊണ്ടുവന്നിട്ടുണ്ട് . അവരങ്ങനെ മലയാളം കടിച്ചുതുപ്പി അവിടെ കേരളമാക്കിക്കളഞ്ഞു പെട്ടെന്ന് . ഞങ്ങളുടെ മലയാളി ലുക്ക് പോയിക്കാണണം , ഇവിടെ നടക്കുന്ന എക്സിബിഷൻ ഒന്ന് വിവരിക്കാമോ എന്ന് ഹിന്ദിയിൽ രണ്ടു പിള്ളേർസ് . അതുണ്ടല്ലോ എന്ന് തുടങ്ങിയപ്പോ , ഹോ , മലയാളിയായിരുന്നു എന്ന് ആശ്വാസപ്പെടൽ . എന്ത് രസമാണ് യാത്രകൾ .

അവിടെ നിന്നിറങ്ങിയപ്പോൾ മസാല ദോശ തിന്നാനൊരു കൊതി . ഗൂഗിൾ മാപ്പിൽ അടുത്തുള്ള സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റ് നോക്കി നടക്കാൻ തുടങ്ങി .നടക്കാം എന്നു തീരുമാനിച്ചതാണ് . തലേ ദിവസത്തെ ഓട്ടം അത്രയധികം തലയ്ക്ക് പിടിച്ചിരുന്നു . ആദ്യം മെല്ലെ , പിന്നെ സ്പീഡിൽ …ഹോ ജയ്പൂർ നടന്നു കാണണം .

ജെ കെ കെ മുതലങ്ങോട്ടുള്ള വഴി മുഴുവൻ രണ്ടു വശത്തും മരങ്ങൾ നട്ടു പിടിപ്പിച്ചിട്ടുണ്ട് .എന്തോരം സ്ഥലമാണെന്നോ വഴിയരികിലൊക്കെ.കൊതി വന്നു പോയി .കേരളം ഇത്തിരിപ്പോന്ന വാലറ്റത്തായിപ്പോയിട്ടല്ലേ , അല്ലെങ്കി നമ്മള് കാണിച്ചു കൊടുത്തേനെ .

അങ്ങനെ നടന്ന് നടന്ന് ഞങ്ങൾ അടുത്ത ജംഗ്‌ഷനെത്തി . അതിനിടെ അനിലേട്ടൻ വിളിച്ചു , എവിടെയാണെന്ന് ചോദിച്ചപ്പോ സ്ഥലം പറഞ്ഞു കൊടുത്തു . ആൾക്ക് അറിഞ്ഞൂടാ ആ സ്ഥലം ! ആഹാ , അപ്പൊ നമ്മളാടാ ഈ സ്ഥലം കണ്ടു പിടിച്ചത് എന്ന് ഞങ്ങളങ്ങ് നീട്ടി വലിച്ചു നടന്നു . ഒരുവിധം നല്ലോണം സന്ധ്യയായി .

നല്ല തണുപ്പുണ്ട് , പക്ഷെ അറിയുന്നില്ല . നല്ല നടത്തമല്ലേ . അങ്ങനെ മസാല ദോശ കിട്ടുന്ന കടയെത്തി . കമന്നു വീണ് അത് കഴിച്ചു , ഫോൺ പോയ സങ്കടം തിന്നു തീർത്തതാണ് . എന്നിട്ടിറങ്ങി , സായന്തേ വീട് വരെ നടന്നാലോ ? അവന് അങ്ങനെയൊരു ഗുണമുണ്ട് , എനിക്കും . അങ്ങോട്ടുമിങ്ങോട്ടും ചോദിക്കുന്നതിനൊക്കെ അതിനെന്താ എന്ന് മാത്രേ ഉത്തരം പറയൂ . നടന്നു . കിലോ മീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് . ഞങ്ങളോട് ചെന്ന അന്നു മുതൽ എത്ര പേര് എന്തൊക്കെ കാണണമെന്ന് പറഞ്ഞെന്നോ .

ഞങ്ങളതിലൊന്നും കണ്ടില്ല , തെരുവൊഴികെ . ഫ്‌ളൈ ഓവറുകൾ , നടപ്പാതകൾ , പാർക്കുകൾ , ചിത്ര മതിലുകൾ ….ഗൂഗിൾ മാപ്പേ, ഞങ്ങൾ നടന്നോട്ടെ എന്ന് എല്ലാ വഴിക്കും നടന്നു . തളർന്നപ്പോ വഴിയരികിലിരുന്നു . എന്തൊരു വൃത്തിയുള്ള നഗരം .

ഹൈവേ സൈഡിൽ ഇരിക്കാൻ കസേരകൾ ! സ്റ്റേഡിയത്തിന് മുൻപിൽ ആകാശത്തേക്ക് വില്ലു കുലച്ച് അർജുനൻ . അതിനു ചുറ്റിലുമായി ഓരോ കായിക ഇനത്തിന്റെയും അർജുന അവാർഡ് പട്ടിക . രാജസ്ഥാനിൽ നിന്ന് ഓരോ ഇനത്തിനും അവാർഡ് കിട്ടിയവരുടെ പേര് കല്ലിൽ കൊത്തി വെച്ചിരിക്കുന്നു .

പിന്നെയും നടന്നപ്പോ ഓരോ വഴിയരികിലും ഭംഗിയേറിയ ശിൽപങ്ങൾ , ചിത്രങ്ങൾ . എന്തൊരു ജീവനുള്ള നഗരം . അതിനിടെ മൺ ഗ്ലാസ്സിൽ ബദാം കേസരി പാൽ കുടിച്ച സായന്തിന് ഗ്ലാസ്സ് വീട്ടിൽ കൊണ്ടു പോകണം . അവിടെയാണെങ്കിലോ , കുടിച്ചവരൊക്കെ ഗ്ളാസ് വേസ്റ്റ് പാത്രത്തിൽ ഇടുന്നു .

എങ്ങനെ താങ്ങും അല്ലെ ! എന്തും വരട്ടെ എന്നു കരുതി ചോദിച്ചു , ഭയ്യാ രണ്ടു ഗ്ളാസ് വീട്ടീ കൊണ്ടോക്കോട്ടെ ? ആ ഭയ്യ അന്തം വിട്ട് നോക്കി ഇവറ്റങ്ങ ഏത് നാട്ടീന്ന് വരണ്ടാ എന്ന മട്ടിൽ . ഏതായാലും അവനും അമ്മയും ഇപ്പൊ ചായ കുടിക്കണത് ആ ഗ്ളാസിലാണ് , നമ്മൾക്ക് അത്രേ അറിയുള്ളു .

അങ്ങനെ പിന്നെയും നടന്ന് നടന്ന് , ജാക്കറ്റ് ഊരി , കാലിലെ സോക്സ് വിയർത്ത് കുതിർന്നു , മുട്ടുകാൽ വേദനിച്ചു മടങ്ങാതായി , വീടെത്തി .ഇത്രമേൽ സ്വാതന്ത്ര്യം അനുഭവിക്കായ്കയാലാകണം , ഇന്നെങ്ങോട്ടായിരുന്നു യാത്ര എന്നും ചോദിച്ച് അനിലേട്ടൻ ചിരിച്ചു കൊണ്ട് വാതിൽ തുറക്കുമ്പോൾ വിശേഷം പറയാൻ മുട്ടി നിന്നിരുന്നത് . സായന്തും അനിലേട്ടനും ഫോട്ടോഗ്രഫി , ആർട്ട് പഠനം – പഠിപ്പിക്കലിൽ ഏർപ്പെട്ടിരുന്നപ്പോൾ ഞാനെന്തു ചെയ്യുകയായിരുന്നു ! ആവോ . അതന്നേരം കിട്ടിയിട്ടുള്ളതിൽ ഏറ്റവും നല്ല ഇടമായിരുന്നു .

നഗരവഴികളിൽ വീണ്ടും ഒരുപാട് നടന്നു പോരുന്നതിനു മുൻപ് . നിയമസഭയ്ക്ക് മുന്നിലൂടെ , സിവിൽ ലൈൻസിലൂടെ , എം ഐ റോഡിലൂടെ , മെട്രോ വഴിയിലൂടെ …. എങ്ങോട്ട് തിരിഞ്ഞാലും ഭംഗിയുള്ള ഒരു നഗരം . പക്ഷേ ടൂറിസം കൊണ്ട് ജീവിക്കുന്ന ഒരു സ്ഥലത്തിന് ഇങ്ങനെയൊക്കെ ഒരുക്കി വെച്ചാലേ കാര്യം നടക്കു എന്ന് ചിത്രം വരച്ച വലിയ മതിലുകൾക്ക് പിറകിലെ നീണ്ടു നീണ്ടു കിടന്ന ഗലികൾ പറഞ്ഞു .

ഹൈവേകൾക്ക് പിറകിലെ ചെറിയ റോഡുകൾ ഇളകിക്കിടന്ന കല്ലുകളിൽ തട്ടി ചിലപ്പോഴൊക്കെ വീണു . വമ്പൻ കെട്ടിടങ്ങൾക്ക് പിറകിൽ ഞങ്ങൾ 10 രൂപക്ക് ആലു പറാത്ത കഴിക്കാൻ പോയ തട്ടുകടയ്ക്ക് തൊട്ടരികിൽ , മതിലിൽ തൂക്കിയിട്ട കണ്ണാടിക്ക് മുന്നിലിരുന്ന ഒരാളുടെ വെട്ടിയ മുടി വായുവിൽ പാറിപ്പറന്നു . എത്രയൊളിപ്പിച്ചാൽ എന്താണ് , ജീവിതങ്ങൾ അയയിൽ തൂക്കിയിട്ട പോലെ ആടിക്കൊണ്ടിരിക്കും .

കാറ്റിന്റെ കൊട്ടാരം :

ഹവാ മഹൽ കാണാനല്ല അങ്ങോട്ട് പോയത് . സ്റ്റുഡിയോയിൽ രണ്ടാമത് പോയപ്പോൾ പറഞ്ഞു വിട്ടതാണ് അങ്ങോട്ട് , ആ വഴിയിൽ നിന്നു വേണം തിരികെ പോരുമ്പോൾ മൂന്നു ബാഗും ഒരു സാരിയും രണ്ടു ഷോളും വാങ്ങിക്കൊണ്ടു പോരാൻ , ചിലർ പറഞ്ഞേൽപ്പിച്ചതാണ്.

നിറങ്ങളുടെ പൂരമാണ് ആ വഴിയുടെ രണ്ടരികും . കൗതുക വസ്തുക്കളുടെ ഒരു തീരാത്ത നിര . വെള്ളി , ആന്റിക്ക് ആഭരണങ്ങൾ , ബാഗുകൾ , പഴ്‌സുകൾ , വസ്ത്രങ്ങൾ …..ചിന്തിക്കാൻ പറ്റാത്തത്ര കുറഞ്ഞ വിലയിൽ . നിറയെ വിദേശികളും . അവർക്ക് പക്ഷെ നല്ല വില വ്യത്യാസമുണ്ട് ഇതൊക്കെ വാങ്ങണമെങ്കിൽ . അത് പോട്ടെ മഹലിനെ പറ്റി പറയാം .

ഇക്കൊട്ടാരം ഞങ്ങൾക്കുള്ളതാണ് , എന്നു വെച്ചാൽ പെണ്ണുങ്ങൾക്ക് . കാറ്റും പെണ്ണുങ്ങളും തമ്മിലെന്താ എന്നാണോ ? ഹവാ മഹലിന്റെ വലിയ ചുമർ നിറയെ വിരൽ വലിപ്പത്തിലുള്ള ജനലുകളാണ് , പുറമെ നിന്ന് നോക്കിയാൽ അവരെ കാണാതെ കൊട്ടാരത്തിന് അകത്തെ പെണ്ണുങ്ങൾക്ക് തെരുവിൽ നടക്കുന്ന ഉത്സവങ്ങൾ കാണാൻ വേണ്ടിയുള്ളവ ! ചുവപ്പും പിങ്കും സാൻഡ് സ്റ്റോൺ കൊണ്ടാണ് ഇക്കെട്ടിടം പണിതിരിക്കുന്നത് .

കണ്ടാലറിയാം , ഓരോ മുഖപ്പിലും നിന്ന് പെണ്ണുങ്ങളായ പെണ്ണുങ്ങളൊക്കെ പട്ടം പറത്തിക്കളിച്ചിട്ടുണ്ട് . ഓരോ വാതിലും ചിത്രകലയുടെ കൂടാരമാണ് . സവായി പ്രതാപ് സിങ് എന്നൊരു ചങ്ങാതിയാണ് ഇക്കണ്ട കെട്ടിടങ്ങളുടെയൊക്കെ ആശാൻ . ആളെ ഇപ്പോക്കണ്ടാൽ നമസ്കരിക്കും ഞാൻ . എന്തൊരു മുൻകൂട്ടി കാഴ്ചയായിരിക്കണം ഒരു നഗരത്തിനെ ഇങ്ങനെയങ്ങ് പ്ലാൻ ചെയ്യാൻ .

പിന്നെ , ഈ ഹവാ മഹലിന്റെ വേറൊരു രസം ,പുറത്തു നിന്ന് നോക്കുമ്പോ കാണുന്ന ആ വലിയ ചുമരുണ്ടല്ലോ , അത് കൃഷ്ണന്റെ കിരീടത്തിന്റെ ആകൃതിയിലാണ് പണിതിരിക്കുന്നത് , ഹ നമ്മടെ കൃഷ്ണൻ ന്ന് ! 953 ജനാലകളുണ്ട് 1799 ൽ പണിത ഈ കെട്ടിടത്തിനകത്ത് . ഇതൊന്നു കണ്ടു തീർന്നിട്ട് വേണമല്ലോ അടുത്തു കിടക്കുന്ന സിറ്റി പാലസും ജന്തർ മന്തറുമൊക്കെ കാണാൻ .

എന്തിനാണ് ഓടിയോടി കാണുന്നത് , നമുക്ക് ഇതങ്ങ് നിറയെ കാണാം എന്ന് ഞങ്ങൾ തീരുമാനിച്ചു . അതുകൊണ്ട് രാജസ്ഥാൻ ടൂറിസത്തിന്റെ പരസ്യത്തിൽ കാണുന്നതിൽ ഈ ഒന്നൊഴികെ മറ്റൊന്നും ഞങ്ങൾ കണ്ടില്ല . വേറെ പലതും കണ്ടു താനും .

ഹവാ മഹലിനു മുൻവശത്ത് ടിക്കാം ചന്ദ് ഇരിപ്പുണ്ട് , 150 വർഷം പഴക്കമുള്ള ജർമൻ ക്യാമറയുമായി . ഞങ്ങൾ നടക്കുമ്പോൾ ജർമനിയിൽ നിന്നുള്ള ചിലരെ ഫോട്ടോ എടുക്കുകയാണ് . സായന്ത് അവരെ ഫോട്ടോ എടുക്കുന്ന ഫോട്ടോ എടുക്കാൻ തുടങ്ങി . അതോടെ ആകെ രസമായി .

തന്നെക്കുറിച്ച് വന്നിട്ടുള്ള വാർത്ത പത്രങ്ങളൊക്കെ കാണിച്ചു തന്നു , ഞങ്ങൾക്കും ജർമൻകാർക്കും . അവരാകട്ടെ ആകെ രസിച്ചിരിപ്പാണ് . വലിയ സ്റ്റുഡിയോയൊക്കെ ഉള്ള , വർക്ക് ഷോപ്പൊക്കെ നടത്തുന്ന ഒരു സ്ത്രീയാണ് മെയിൻ കഥാപാത്രം .

ഞങ്ങൾ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ ഒരിക്കലെങ്കിലും അവിടെ വരണമെന്നായി ആ ചേച്ചിക്ക് . പോരാത്തതിന് അവരുടെ ജർമൻ കാരി കൂട്ടുകാരി എന്നെപ്പോലെയാണത്രെ ഇരിക്കുന്നത് . അതിനിടെ ടിക്കാം ചന്ദ് കഥ പറഞ്ഞു തുടങ്ങി …..

ഞാനുമവനും തിരികെ പോരും മുൻപ് വേറെ രണ്ടു വഴിക്കു കൂടെ പോയി . അത് പറയാം . ഇപ്പൊ ഇതാണ് , ഞങ്ങൾ കണ്ട ജയ്പൂർ . ആരും കണ്ടതൊന്നും ഇതിലില്ല . യാത്രാ വിവരണവും അല്ല . ഇതൊരു ജീവിതത്തിന്റെ നല്ല വഴികളാണ് , ഓർമ്മിച്ചു വെക്കാൻ ഏറെ ഇഷ്ടമുള്ളവ .