ഏറ്റവും പുതിയ വിവരങ്ങളും അറിവുകളും പങ്കുവെയ്ക്കുന്ന ദുബായ് പോസ്റ്റ് എന്ന ഓൺലൈൻ കമ്മ്യൂണിറ്റി പോർട്ടലിന് തുടക്കമായി

ഏറ്റവും പുതിയ വിവരങ്ങളും അറിവുകളും പങ്കുവെയ്ക്കുന്ന ദുബായ് പോസ്റ്റ് എന്ന ഓൺലൈൻ കമ്മ്യൂണിറ്റി പോർട്ടലിന് തുടക്കമായി.ഓഡിയോ വിഷ്വൽ ഉള്ളടക്കത്തോട് കൂടിയ പോർട്ടൽ ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റഷീദ് അൽ മക്‌തൂം ഉദ്ഘാടനം ചെയ്തു.

സാമ്പത്തിക സാമൂഹിക സാംസ്‌കാരിക മേഖലയിലെ ഉൾപ്പടെ വിവരങ്ങൾ കൈമാറാൻ ഈ സംവിധാനം സഹായകമാകുമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. മേഖല രാജ്യാന്തര തലത്തിലുണ്ടാകുന്ന സാങ്കേതിക വിപ്ലവത്തിനനുസ്‌മൃതമായി ഇത്തരമൊരു മാറ്റം അനിവാര്യമാണ്.

സത്യസന്ധമായ വിവരങ്ങൾ കൂടുതൽ കൃത്യതയോടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കും.ഏറ്റവും ശാസ്ത്രീയമായി സംവിധാനം ചെയ്ത പോർട്ടൽ രൂപപ്പെടുത്തിയതു സ്വദേശി സംഘമാണെന്ന് ദുബായ് മീഡിയ ഇൻകോർപറേറ്റഡ് (ഡി.എം.ഐ) ഡെപ്യൂട്ടി ചെയർമാൻ സെമി അൽ ഖംസിയും ദുബായ് ഗവണ്മെന്റ് മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ മോനാ അൽ മർറിയും പറഞ്ഞു. സാമൂഹിക മാധ്യമങ്ങൾ മാധ്യമ രംഗത്ത് സമഗ്രമാറ്റത്തിന് വഴിയൊരുക്കിയ സാഹചര്യത്തിൽ ദുബായ് പോസ്റ്റ് പുതിയൊരു അനുഭവമാകും.

പൊതുജനങ്ങൾക്ക് ക്രിയാത്മകമായ ആശയങ്ങളും അറിവുകളും പുതിയ വിവരങ്ങളും പങ്കുവയ്ക്കാൻ അവസരം ലഭിക്കും.യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മഖ്‌തൂം വിഭാവനം ചെയ്യുന്ന സ്മാർട്ട് സംരംഭങ്ങളുടെ ഭാഗമായാണ് പുതിയ പോർട്ടൽ.

പോർട്ടലിന് രാജ്യാന്തര നിലവാരം ഉറപ്പാക്കണമെന്ന് ഡി.എം.ഐ യുടെ എല്ലാ യൂണിറ്റുകൾക്കും ദുബായ് ഉപഭരണാധികാരിയും ഡി.എം.ഐ ചെയർമാനുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം നിർദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.

ക്രിയാത്മക സംവാദത്തിന് നവീന ആശയങ്ങൾക്കുമുള്ള ആധികാരിക പോർട്ടൽ ആയിരിക്കും ഇതെന്ന് ദുബായ് പോസ്റ്റ് എഡിറ്റർ ഇൻ ചീഫ് ഖദീജ അൽ മർസൂഖി പറഞ്ഞു.