വിസ്മയങ്ങളുടെ സൗന്ദര്യ തീരത്ത് മറ്റൊരു ആഡംബര ഉല്ലാസ കേന്ദ്രത്തിനു തുടക്കം കുറിക്കുന്നു

വിസ്മയങ്ങളുടെ സൗന്ദര്യ തീരത്ത് മറ്റൊരു ആഡംബര ഉല്ലാസ കേന്ദ്രത്തിനു തുടക്കം കുറിക്കുന്നു.ജുമൈറ ബീച്ചിൽ ബുർജ് അൽ അറബിനു സമീപമാണ് എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഉല്ലാസ കേന്ദ്രം വരിക. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ഭരണാധികാരിയുമായ ഷെയ്ഖ് ഹിസ് ഹൈനസ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം പദ്ധതിക്ക് തുടക്കമിട്ടു.

എം.ജി.എം ആൻഡ് ബെല്ലാജിയോ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വൻപദ്ധതിയാണ് വരുന്നത്.ഈ വർഷം മൂന്നാം പാദത്തിൽ നിർമ്മാണം തുടങ്ങി നാല് വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നു.വാസൽ അസറ്റ് മാനേജ്‌മന്റ് ഗ്രൂപ്പിന്റെ സബ്സിഡിയറി സ്ഥാപനമായ വാസൽ ഹോസ്പിറ്റാലിറ്റി ആൻഡ് ലീഷറിന് ആണ് നിർമ്മാണ ചുമതല.

ദുബായിയെ ലോകത്തെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമാക്കാനുള്ള പദ്ധതികളുടെ തുടർച്ചയായാണ് പുതിയ സംരംഭം .20 ലക്ഷം ചതുരാശ്രയടിയിൽ വ്യാപിച്ചു കിടക്കുന്ന റിസോർട്ടിൽ 1,000 മുറികളും പത്തു വില്ലകളും ഉണ്ടാകും.അഞ്ചു ലക്ഷം ചതുരശ്ര അടിയുള്ള തിയറ്റർ വൈവിധ്യമാർന്ന റെസ്റ്റോറന്റുകൾ,മ്യൂസിയം,ബീച്ച് ക്ലബ്ബ്,കുട്ടികൾക്കും മുതിർന്നവർക്കുമുള്ള അഡ്വെഞ്ചർ സോൺ എന്നിവയും ഇതിന്റെ ഭാഗമാണ്.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം,ദുബായ് ഉപഭരണാധികാരിയും ദുബായ് റിയൽ എസ്റ്റേറ്റ് കോർപറേഷൻ ചെയർമാനുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ,ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി-എമിറേറ്റ്സ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പ്രോട്ടോകോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറൽ ഖലീഫ സഈദ് സുലൈമാൻ തുടങ്ങിയർ പങ്കെടുത്തു.