സബ്‌ടൈറ്റിലുകള്‍ക്കപ്പുറത്തേക്കൊരു ‘ടേക്ക് ഓഫ്’

മഞ്ജരി അശോക്

‘ടേക്ക് ഓഫ്’ ഒരു മികച്ച സിനിമയാണന്നോ ഒരു മികച്ച സ്ത്രീപക്ഷ സിനിമയാണെന്നോ ഒരു മികച്ച രാഷ്ട്രീയ സിനിമയാണെന്നോ ഇതില്‍ ഏതാണ് പറയേണ്ടതെന്ന് അറിയില്ല. ഒന്നുറപ്പിച്ച് പറയാം, ഇത്രമേല്‍ ആഗോളമായൊരു രാഷ്ട്രീയ പ്രശ്‌നം ചര്‍ച്ച ചെയ്ത, ഇത്രത്തോളം സ്ത്രീ പക്ഷത്ത് നിന്ന ഒരു സിനിമ അടുത്ത കാലത്തതൊന്നും മലയാളം കണ്ടിട്ടില്ല.

സബ് ടൈറ്റിലുകള്‍ ഇല്ലാതെയും ആര്‍ക്കും ഈ സിനിമ ആസ്വദിക്കാനാകും. കാരണം ഭീകരതയ്ക്കും ദയനീയതയ്ക്കും ഭാഷ ഇല്ലല്ലോ. പേരുകളും സന്ദര്‍ഭങ്ങളും ഭാഷയും മാറിയാലും അത് പങ്കു വെയ്ക്കുന്ന രാഷ്ട്രീയത്തിന് ഒരേ നിറമാണ്.

ഈ സിനിമയുടെ രാഷ്ട്രീയം അത്രയേറെ വ്യക്തമാണ്. സ്ത്രീയുടെ കരുത്തിനെ, സഹനത്തെ, ദൈന്യതയെ, മനോവ്യഥകളെ, നിസ്സഹായതയെ, പോരാട്ടത്തെ ഇത്രയും ആത്മാര്‍ത്ഥമായി വരച്ചു കാണിച്ച ഒരു സിനിമയും അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. ഇരയ്ക്കും വേട്ടക്കാരനും ഇടയിലുള്ള അന്തരം ‘ടേക്ക് ഓഫ്’ വിഷയമാക്കുന്നുണ്ട്. യഥാര്‍ത്ഥ ‘ഇര’ താനാണെന്ന് സ്വയം തിരിച്ചറിയാതെ മതത്തിനു വേണ്ടി മരിക്കുന്ന ‘അന്ധരായ’ വേട്ടക്കാരെ വരച്ചു കാട്ടുന്നുണ്ട് ഈ സിനിമ.

പുരുഷന്റെ മറുപാതിയായി മാത്രം സ്‌ക്രീനില്‍ നായികമാരെ കണ്ടു ശീലിച്ച മലയാളിക്ക് ‘സമീറ’ എന്ന കഥാപാത്രത്തെ ഉള്‍കൊള്ളാന്‍ മനസ്സൊന്നു ഉടച്ച് വാര്‍ക്കേണ്ടി വരും. വിവാഹ ‘മോചിത’യായ ഒരു സ്ത്രീയുടെ മനോ വ്യാപാരങ്ങളെ അത്രെയേറെ സഹാനുഭൂതിയോടെ ആണ് ‘ടേക്ക് ഓഫ്’ വരച്ച് കാട്ടിയിരിക്കുന്നത്. സമൂഹം കല്‍പ്പിക്കുന്ന വിലക്കുകളെ ദൃഢമായ മനസ് കൊണ്ട് നേരിടുന്ന സമീറ എന്ന കഥാപാത്രത്തിന്റെ മനസിന്റെ ആര്‍ദ്രതയും ഓരോ പ്രേക്ഷകനും അനുഭവവേദ്യമാകും. നേഴ്‌സ്മാരുടെ ജീവിതം അത്രമേല്‍ യഥാര്‍ത്ഥമായി ഒപ്പിയെടുത്തിരിക്കുന്നു ‘ടേക്ക് ഓഫ്’.

2014-ലെ ആഭ്യന്തര യുദ്ധകാലത്ത് ഇറാഖിലുണ്ടായിരുന്ന നഴ്സുമാര്‍ അനുഭവിച്ച ദുരിതം സ്‌ക്രീനിനിപ്പുറമിരിക്കുന്ന നമ്മളും അറിയാതെ തന്നെ സ്വയം അനുഭവിച്ചറിയും. രക്തത്തില്‍ക്കിടന്നു മുഴങ്ങുന്ന മൊബൈല്‍ ഫോണും, മരണത്തില്‍ നിന്നും രക്ഷപ്പെടാനായി എടുത്തണിയുകയും ഒളിപ്പിക്കുകയും ചെയുന്ന മത ചിഹ്നങ്ങളും മേലങ്കികളും മരണാസന്നനായി കിടക്കുമ്പോള്‍ തൊണ്ടയില്‍ ബാക്കി അവശേഷിക്കുന്ന അമ്മയെന്ന ഏക ശബ്ദവും ഓരോ ബിംബംങ്ങളാണ്.

ട്രാഫിക്ക് എന്ന നന്മയുള്ള സിനിമയിലൂടെ മാനവികതയുടെ തലങ്ങളെ അനുഭവവേദ്യമാക്കിയ യശഃശരീരനായ രാജേഷ് പിള്ളയ്ക്ക് ഇതിനപ്പുറം ഒരു ആദരവ് ഇനി സമര്‍പ്പിക്കാനില്ല.

പാര്‍വതി തിരുവോത്ത് എന്ന കലാകാരിയുടെ ഏറ്റവും മികച്ച കഥാപാത്രമാവും സമീറ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ആസിഫലിയും അലന്‍സിയര്‍ ലേയും എല്ലാം തങ്ങളുടെ കഥാപാത്രങ്ങള്‍ അത്രയേറെ മികച്ചതാക്കിയിരിക്കുന്നു. ഗോപീ സുന്ദര്‍ ഒരുക്കിയ മികച്ച പശ്ചാത്തല സംഗീതം സിനിമയ്ക്ക് മറ്റൊരു മാനം തന്നെ നല്‍കിയിരിക്കുന്നു.

തിരക്കഥാകൃത്ത് പി.വി. ഷാജികുമാറും, തന്റെ ആദ്യ ചിത്രം എന്ന നിലയില്‍ മഹേഷ് നാരായണനും പൂര്‍ണമായും ഈ പ്രമേയത്തോട് നീതി പുലര്‍ത്തിയിരിക്കുന്നു.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ സിനിമ ആണ് ടേക്ക് ഓഫ് എന്നറിയുമ്പോഴാണ് ഇത് ആദരവോടെ മാത്രം കാണേണ്ട ഒന്നാണെന്ന് നാം തിരിച്ചറിയുക.