ദുബായ് വീണ്ടും പഴയപടിയിലേക്ക്

നഗരത്തിൽ മൂന്ന് ദിവസം പെയ്ത മഴയിൽ കെട്ടിക്കിടന്ന വെള്ളം നീക്കം ചെയ്തു ഗതാഗതം സുഗമമാക്കാൻ വഴിയൊരുക്കിയത് ദുബായ് മുനിസിപ്പാലിറ്റിയുടെ അതിവേഗ സേവനം.വെള്ളവും മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത ഉൾറോഡുകൾ ഉൾപ്പെടെ എമിറേറ്റിന്റെ എല്ലാ ഗതാഗത മാർഗങ്ങളും ദുബായ് മുനിസിപ്പാലിറ്റി ഗതാഗതയോഗ്യമാക്കിയെന്ന് മുൻസിപ്പാലിറ്റി പരിസ്ഥിതി പൊതുസേവന വിഭാഗം അസി.ഡയറക്ടർ താലിബ് ജുൽഫാർ പറഞ്ഞു.

ദുബായ് ലോകകപ്പിനായി ദുബായ് ഹോർസ് റെയ്‌സ് അരീനയും വൃത്തിയാക്കി. തൊഴിലാളികൾ സാങ്കേതിക വിദഗ്ധർ, ഇൻസ്‌പെക്ടർമാർ,സാങ്കേതിക വിദഗ്ധർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെടെ മൂവായിരം പേരുടെ ശ്രമഫലമായാണ് മഴവെള്ളവും മറ്റും നീക്കം ചെയ്യാനായത്.മുനിസിപ്പാലിറ്റിയുടെ അമ്പതു ടാങ്കുകൾ കരാറുകാരുടെ അറുപതിലേറെ ടാങ്കറുകൾ തുടങ്ങിയവ ആർ ടി എയുടെ സഹകരണത്തോടെ പ്രവർത്തനനിരതമായി.

മഴവെള്ളം ഒഴുകിപ്പോകാനുള്ള കുഴലുകളുമായി ബന്ധിപ്പിക്കാത്ത സ്ഥലങ്ങളിൽ നിന്ന് വൻതോതിലാണ് വെള്ളം ടാങ്കറുകൾ നീക്കം ചെയ്തത്.ഇതിനിടെ മഴവെള്ളം പോകാനുള്ള സംവിധാനമാണെന്ന് കരുതി ചിലർ മാലിന്യ പൈപ്പ് ശൃംഖലകളുടെ മൂടികൾ തുറന്ന് മഴവെള്ളം നീക്കം ചെയ്യാനുള്ള മുനിസിപ്പാലിറ്റിയുടെ നടപടികൾക്ക് തടസ്സമുണ്ടാക്കിയെങ്കിലും പ്രശ്നം വേഗം തരണം ചെയ്‌തെന്ന് അധികൃതർ പറഞ്ഞു.മഴക്കാലത്ത് കെട്ടിട നിർമ്മാതാക്കൾക്ക് സൗജന്യമായി ശുദ്ധീകരിച്ച വെള്ളം നൽകുമെന്നും തലൈഫ് ജുൽഫാർ അറിയിച്ചു.

മഴവെള്ളം ലഭിക്കുന്നതിടെ കെട്ടിട നിർമ്മാതാക്കൾ മുനിസിപ്പാലിറ്റി നൽകുന്ന വെള്ളം സ്വീകരിക്കാതിരിക്കുന്ന അവസ്ഥയാണ്.ഇതോടെ ട്രീറ്റ്മെന്റ് പ്ലാന്റുകളിലെ വെള്ളം ഉപയോഗിക്കാതെ പോകുന്നു.ഇത് കടലിൽ ഒഴുക്കുകയാണ് പതിവ്. ഈ അവസ്ഥ ഒഴിവാക്കാനാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.