ഓസീസ് താരങ്ങള്‍ ഇനി സുഹൃത്തുകളല്ലെന്ന് കോഹ്ലി; മാപ്പ് ചോദിച്ച് സ്മിത്ത്

ധര്‍മ്മശാല: ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇനിയൊരിക്കലും തന്റെ നല്ല സുഹൃത്തുകളല്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. പരമ്പര വിജയത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് കോഹ്ലി ഇക്കാര്യം പറഞ്ഞത്. കളത്തിന് പുറത്ത് ഓസീസ് താരങ്ങള്‍ മികച്ച സുഹൃത്തുക്കളാണെന്ന് ടെസ്റ്റ് പരമ്പരയുടെ തുടക്കത്തില്‍ പങ്കുവച്ച അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുളള മറുപടിയായാണ് കോഹ്ലി നിലപാട് വ്യക്തമാക്കിയത്.

‘ഇല്ല, തീര്‍ച്ചയായും അത് മാറിയിട്ടുണ്ട്. അത്തരത്തിലായിരിക്കും ടീമുകള്‍ തമ്മിലെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അത് മാറി കഴിഞ്ഞു. യുദ്ധകളത്തില്‍ പോരാട്ട വീര്യം പതിവാണെന്നും കളത്തിന് പുറത്തേക്ക് അതില്‍ കാര്യമില്ലെന്നും ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ അത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഒന്നാം ടെസ്റ്റിന് മുന്നോടിയായി ഞാന്‍ പങ്കുവച്ച അഭിപ്രായം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഇനിയൊരിക്കലും എന്നില്‍ നിന്നും അത്തരം വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കില്ല’ കോഹ്ലി പറയുന്നു.

അതെസമയം ഇന്ത്യയ്‌ക്കെതിരായ പരമ്പരക്കിടെ തന്റേയും ടീമംഗങ്ങളുടേയും ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിനെല്ലാം പരസ്യമായി മാപ്പ് ചോദിച്ച് ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് രംഗത്തെത്തി. മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിലാണ് ഓസ്‌ട്രേലിയന്‍ നായകന്‍ മാപ്പ് ചോദിച്ചത്.

‘പരമ്പരയിലുടനീളം ചില അരുതായ്മകള്‍ സംഭവിച്ചിട്ടുണ്ട്, അവസാന മത്സരത്തില്‍ എന്റെ നിയന്ത്രണം വിട്ടു, എല്ലാത്തിനും മാപ്പ് ചോദിക്കുന്നു, മുരളി വിജയുമായുണ്ടായ സംഭവ വികാസം സൂചിപ്പിച്ച് സ്മിത്ത് പറഞ്ഞു.

അതെസമയം നാലാം ടെസ്റ്റില്‍ വാഡും ജഡേജയും തമ്മിലുണ്ടായ സംഭാഷണം പുറത്ത് വിട്ട ബിസിസിഐയുടെ നടപടിയില്‍ സ്മിത്ത് അതൃപ്തി പ്രകടിപ്പിച്ചു.

ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പര ഇന്ത്യ 2-1ന് ജയിച്ചിരുന്നു. ധര്‍മ്മശാലയില്‍ വെച്ച് നടന്ന അവസാന ടെസ്റ്റ് മത്സരം എട്ട് വിക്കറ്റിനാണ് ടീം ഇന്ത്യ ജയിച്ചത്.