ധോണിയുടെ ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തി; സാക്ഷി ധോണിയുടെ പരാതിയില്‍ ആധാര്‍ ഏജന്‍സിയെ കരിമ്പട്ടികയില്‍ പെടുത്തി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചിത്രം സഹിതം പരസ്യപ്പെടുത്തിയ ആധാര്‍ ഏജന്‍സിയെ പത്ത് വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍ പെടുത്തി. ധോണി ആധാര്‍ ബയോമെട്രിക് സംവിധാനത്തില്‍ വിവരങ്ങള്‍ നല്‍കുന്ന ചിത്രവും ധോണിയുടെ ആധാര്‍ കാര്‍ഡിലെ വിശദാംശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും ട്വിറ്ററിലൂടെ പുറത്തുവിട്ടതിനെ ധോണിയുടെ ഭാര്യ സാക്ഷി ചോദ്യം ചെയ്തിരുന്നു.

ആധാര്‍ വിവരശേഖരണത്തിനായുള്ള നിരവധി ഏജന്‍സികളിലൊന്നായ കോമണ്‍ സര്‍വ്വീസ് സെന്റര്‍ തങ്ങളുടെ ജീവനക്കാരന്‍ ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതിന് ധോണിയെ സഹായിക്കുന്ന ദൃശ്യവും ധോണിയുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങളുടെ സ്‌ക്രീന്‍ഷോട്ടും ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.

അപേക്ഷയടക്കം ആധാര്‍ കാര്‍ഡിലെ എല്ലാ വിവരങ്ങളും പുറത്തുവിട്ട സ്ഥിതിക്ക് തങ്ങള്‍ക്ക് എന്തെങ്കിലും സ്വകാര്യത ബാക്കിയുണ്ടോ എന്ന് സാക്ഷി ധോണി കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ട്വിറ്ററിലൂടെ സംഭവത്തെ കുറിച്ച് ആശയവിനിമയം നടത്തി.

സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടു കൂടി ആധാര്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് പറഞ്ഞ് രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. അറിഞ്ഞിടത്തോളം ഒരു വ്യക്തി വിവരങ്ങളും പുറത്തായിട്ടില്ല, എങ്കിലും ധോണിയുടെ ഒരു വിവരങ്ങളും ചോര്‍ന്നിട്ടില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കുമെന്ന് സാക്ഷിക്ക് ഉറപ്പ് നല്‍കിയതായി മന്ത്രി അറിയിച്ചു.

വിവാദമായ ട്വീറ്റ് കോമണ്‍ സര്‍വ്വീസ് സെന്റര്‍ പിന്‍വലിച്ചിട്ടുണ്ട്. മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം എസ് ധോണി തന്റെ ആധാര്‍ വിവരങ്ങള്‍ പുതുക്കിയെന്നും വീട്ടിലെത്തി അദ്ദേഹത്തെ ഇതിനായി സഹായിച്ച തങ്ങളുടെ ജീവനക്കാരനായ അഹ്‌സന്‍ അലിക്ക് ഇത് ആരാധ്യ നിമിഷമാണെന്നുമാണ് ഏജന്‍സി ട്വീറ്റ് ചെയ്തത്.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഏജന്‍സിയോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. മന്ത്രിയും സാക്ഷി ധോണിയും തമ്മിലുണ്ടായ ട്വിറ്റര്‍ സംവാദം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.

ജനങ്ങളുടെ വിവരങ്ങള്‍ അനധികൃതമായി സൂക്ഷിക്കുന്നതായി ശ്രദ്ധയില്‍ പെട്ട് ആക്‌സിസ് ബാങ്കുമായി ഉണ്ടായിരുന്ന ബന്ധം ഏകീകൃത തിരിച്ചറിയല്‍ അതോറിട്ടി നിര്‍ത്തലാക്കിയിരുന്നു. 112 കോടി ആധാര്‍ നമ്പറുകളാണ് ഇതുവരെ രാജ്യത്ത് നല്‍കിയിട്ടുള്ളത്. അതീവ സുരക്ഷിതമായാണ് ജനങ്ങളുടെ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കുന്നതെന്നാണ് അധാര്‍ അതോറിട്ടിയുടെ വാദം.