ബാത്ത്‌റൂമില്‍ രക്തം; യുപിയില്‍ 70 വിദ്യാര്‍ത്ഥിനികളെ തുണിയഴിച്ച് ആര്‍ത്തവപരിശോധനയ്ക്ക് വിധേയരാക്കി

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ ഒരു സ്‌കൂളില്‍ 70 വിദ്യാര്‍ത്ഥിനികളെ വാര്‍ഡന്‍ വസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന നടത്തി. ബാത്ത്‌റൂമില്‍ രക്തക്കറ കണ്ടതാണ് വാര്‍ഡനെ പ്രകോപിതയാക്കിയത്. പെണ്‍കുട്ടികളെ ക്ലാസ്മുറിയില്‍ നഗ്നരായി ഇരുത്തുകയും ചെയ്തു.

കസ്തൂര്‍ബ ഗാന്ധി റെസിഡെന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടികളെ വസ്ത്രമഴിച്ച് ആക്ഷേപിക്കുക മാത്രമല്ല അനുസരിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് വാര്‍ഡന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ചന്ദ്രകേശ് യാദവ് പറഞ്ഞു. സംഭവത്തില്‍ ജില്ലാഭരണകൂടം അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു.

വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ വാര്‍ഡനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വാര്‍ഡനെ തത്സ്ഥാനത്ത് നിന്നും നീക്കി. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുതിര്‍ന്ന വനിത പോലീസുദ്യോഗസ്ഥയ്ക്കാണ് അന്വേഷണ ചുമതല.

സംഭവസമയത്ത് ടീച്ചര്‍ സ്ഥലത്തില്ലായിരുന്നെന്നും വാര്‍ഡന്‍ താഴേക്ക് വിളിപ്പിച്ച് വസ്ത്രമഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞു. അനുസരിച്ചില്ലെങ്കില്‍ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി, കുട്ടികളായ തങ്ങള്‍ക്ക് പറയുക അനുസരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ലായിരുന്നുവെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. പലപ്പോഴും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുമായിരുന്ന ഈ വാര്‍ഡനെ ശിക്ഷിക്കണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.

അതേസമയം വാര്‍ഡന്‍ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. തന്നെ നീക്കാന്‍ സ്റ്റാഫംഗങ്ങള്‍ നടത്തിയ ഗൂഢാലോചന ആണെന്നും താന്‍ കര്‍ശന നിലപാട് ഉള്ള ആളായതിനാലാണ് അവര്‍ തന്നെ വെറുക്കുന്നതെന്നും വാര്‍ഡന്‍ ആരോപിച്ചു.