സ്വിമ്മിംഗ് പൂള്‍, പാര്‍ക്ക്, ജിം, ഗെയിംസ് റൂം! വരുന്നു എമിറേറ്റ്‌സിന്റെ മൂന്നുനില വിമാനം

അത്യാഢംബരങ്ങളോടു കൂടിയ ഒരു മൂന്നുനില വിമാനം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒന്ന്. വിമാനചരിത്രം തന്നെ മാറ്റിയെഴുതുന്ന അത്തരമൊരു വിമാനം പറത്താന്‍ ഒരുങ്ങുകയാണ് ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് എയര്‍ലൈന്‍. അവിശ്വസിനീയമല്ലേ?

ഇന്നലെ അര്‍ധരാത്രിയോടെയാണ് തങ്ങളുടെ പുതിയ പദ്ധതിയായ ‘APR001’ എന്ന ലോകത്തിലെ ഏറ്റവും വലിയ കൊമേഴ്‌സ്യല്‍ വിമാനത്തെ കുറിച്ച് എമിറേറ്റ്‌സ് ലോകത്തെ അറിയിച്ചത്. സ്വിമ്മിംഗ് പൂള്‍, പാര്‍ക്ക്, ജിം, ഗെയിംസ് റൂം എന്നിവയാണ് മൂന്നുനിലകളിലുള്ള ഈ വിമാനത്തിന്റെ സവിശേഷതകള്‍.
വിമാനത്തിന്റെ ഭാവനാചിത്രങ്ങളും എയര്‍ലൈന്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തു.

ആഢംബര പ്രേമികളായ യാത്രക്കാര്‍ ആകെ ത്രില്ലടിച്ചു പോയി. ആ വിമാനം വന്നിട്ടുവേണം ആകാശത്ത് വച്ച് ഒന്ന് കുളിക്കാനും കളിക്കാനുമൊക്കെ എന്ന് കരുതിയിരിക്കുമ്പോഴാണ് അബദ്ധം മനസിലാക്കുന്നത്. സംഗതി എമിറേറ്റ്‌സിന്റെ വിഡ്ഢിദിന സമ്മാനമാണ്.

യാത്രക്കാരെ രസിപ്പിക്കുന്ന സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ എമിറേറ്റ്‌സിന്റെ പതിവാണ്. ദുബായ് അടക്കമുള്ള ചില വിമാനത്താവളങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിരോധിക്കാനുള്ള യുഎസ് തീരുമാനത്തിന് പിന്നാലെ ‘ആര്‍ക്കു വേണം ലാപ്‌ടോപ്പും ടാബ്‌ലെറ്റും, ഞങ്ങള്‍ നിങ്ങളെ സന്തോഷിപ്പിക്കും’ എന്ന മുദ്രാവാക്യവുമായി എമിറേറ്റ്‌സ് സോഷ്യല്‍മീഡിയ പ്രചാരണവുമായി രംഗത്തെത്തിയിരുന്നു.

ഏതായാലും ചിത്രങ്ങള്‍ കണ്ട് മോഹിച്ചവര്‍ക്ക് ഭാവിയില്‍ എന്നെങ്കിലും അത്തരമൊരു അത്യാഢംബര വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.