ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ഇന്ത്യക്കാരിക്ക് വീണ്ടും അധിക്ഷേപം ;സുഷമ സ്വരാജ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ബംഗളൂരു: ജര്‍മ്മിനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യക്കാരിക്ക് നേരെ വംശീയ അധിക്ഷേപം നടന്നതായി പരാതി. കര്‍ണ്ണാടക സ്വദേശിയായ യുവതിയോട് പരിശോധനയ്ക്കായി സുരക്ഷാജീവനക്കാര്‍ വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ടതായാണ് പരാതി. ഐസ്‌ലാന്‍ഡ് സ്വദേശിയായ ഭര്‍ത്താവിനെ കണ്ടപ്പോള്‍ ജീവനക്കാര്‍ നിലപാട് മയപ്പെടുത്തി. അധിക്ഷേപത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫെയ്‌സ്ബുക്കിലൂടെ യുവതി രംഗത്തെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ജര്‍മ്മിനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനോട് റിപ്പോര്‍ട്ട് തേടി.

സഹയാത്രികരായി യൂറോപ്യന്‍ പങ്കാളികള്‍ ഉണ്ടെങ്കില്‍ തവിട്ടുനിറമുള്ള ആളുകള്‍ സംശയാലുക്കളാകില്ലന്നുണ്ടൊ എന്ന രൂക്ഷ വിമര്‍ശനമാണ് 30കാരിയായ ശ്രുതി ബാസപ്പ ഫെയ്‌സ്ബുക്കിലൂടെ ഉന്നയിച്ചത്.

കഴിഞ്ഞ ശനിയാഴ്ച ബംഗളൂരുവില്‍ നിന്നും ഐസ് ലാന്‍ഡിലേക്കുള്ള യാത്രയ്ക്കിടയിലാണ് ശ്രുതിക്ക് ഈ ദുരനുഭവം നേരിട്ടത്. സാധാരണ ദേഹപരിശോധനയ്ക്ക് ശേഷം സെക്യൂരിറ്റി ഓഫീസര്‍മാരുടെ സംശയം തീരാതെ വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ടാഴ്ച മുമ്പ് അടിവയറ്റില്‍ ശസ്ത്രക്രിയ നടത്തിയതിനാല്‍ സൂക്ഷിച്ച് വസ്ത്രങ്ങള്‍ക്ക് മുകളിലൂടെ തടവി പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആ ആവശ്യം സുരക്ഷാഉദ്യോഗസ്ഥര്‍ നിരാകരിച്ചു. ശസ്ത്രക്രിയയുടെ മെഡിക്കല്‍ റെക്കോര്‍ഡുകളും ശ്രുതിയുടെ കൈവശം ഉണ്ടായിരുന്നു.

വസ്ത്രം അഴിക്കാന്‍ തയ്യാറാകാതെ ശ്രുതി ഭര്‍ത്താവിനെ വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഐസ് ലാന്‍ഡ് സ്വദേശിയായ ഭര്‍ത്താവിനെ കണ്ടതോടെ സുരക്ഷാ ഓഫീസര്‍മാരുടെ നിലപാട് മയപ്പെട്ടതായി ശ്രുതി ആരോപിക്കുന്നു. വസ്ത്രമഴിക്കലിന് പകരം ശ്രുതി നേരത്തെ ആവശ്യപ്പെട്ട തടവിനോക്കി പരിശോധനയ്ക്ക് അവര്‍ തയ്യാറായി.

“വസ്ത്രമഴിച്ച് പരിശോധിക്കുന്നത് പുതിയ നിയമമാണെങ്കില്‍ അനുസരിക്കാം.പക്ഷേ ഒരു കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ട ഒരാളായി എന്നും മാറുക അനുവദിനീയമാണോ. വസ്ത്രമഴിക്കാന്‍ ആവശ്യപ്പെടാന്‍ സാധ്യത ഉള്ളതു കൊണ്ട് അതൊഴിവാക്കാന്‍ ഞാന്‍ എപ്പോഴും തല മൂടിക്കെട്ടി നടക്കണോ. പരിശോധന മുന്നില്‍ കണ്ട് ദേഹം വൃത്തിയാക്കി, അതിന് തയ്യാറായി യാത്രയ്ക്ക് വരണോ. എന്നാല്‍ ഇതിനേക്കാളൊക്കെ ശ്രുതിയെ അസ്വസ്ഥയാക്കിയത് ഭര്‍ത്താവിനെ കണ്ടതോടെ സുരക്ഷാജീവനക്കാരുടെ നിലപാട് മാറിയതാണ്. ഭര്‍ത്താവിനെ കണ്ടതോടെ ഞാന്‍ ഒരു ഭീഷണിക്കാരി ആകാതായി, ഞാന്‍ ഒറ്റയ്ക്ക് ആയിരുന്നെങ്കിലോ ഭര്‍ത്താവ് യൂറോപ്യന്‍ അല്ലായിരുന്നെങ്കിലോ എന്താകുമായിരുന്നു അവസ്ഥ”.
ശ്രുതി കടുത്ത ഭാഷയില്‍ ചോദിക്കുന്നു.

ആറുവര്‍ഷമായി യൂറോപ്പില്‍ ജീവിക്കുന്ന ശ്രുതി ഇത് വംശീയ അധിക്ഷേപം തന്നെയാണെന്ന് ഉറപ്പിച്ച് പറയുന്നു. പലപ്പോഴും ഇതുപോലെ മാറ്റിനിര്‍ത്തലുകള്‍ക്കും പ്രത്യേക പരിശോധനകള്‍ക്കും തടവി നോക്കലുകള്‍ക്കുമൊക്കെ വിധേയയാകേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഇത് കുറച്ച് കടന്നുപോയി.

അതേസമയം ഇത്തരം നടപടികള്‍ എയര്‍പോര്‍ട്ടിലെ സാധാരണ നടപടിക്രമമല്ലെന്ന് ശ്രുതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനോട് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവള അധികൃതര്‍ പ്രതികരിച്ചു. സംഭവം ഞെട്ടിച്ചു. താങ്കളുടെ പ്രതികരണത്തെ അഭിനന്ദിക്കുന്നു.സംഭവത്തിന്റെ വിശദാംശങ്ങള്‍ എന്താണെന്നും അധികൃതര്‍ ചോദിച്ചു.

സംഭവത്തിന് ശേഷം വിമാനത്താവളത്തില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ശ്രുതിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

സമാനമായ പരാതികള്‍ നേരത്തെയും ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുലപ്പാല്‍ ശേഖരിക്കുന്ന യന്ത്രവുമായി കുട്ടിയില്ലാതെ യാത്ര ചെയ്യാനെത്തിയ ഇന്ത്യന്‍ വംശജയായ സിംഗപ്പൂര്‍ വനിതയോട് മുലപ്പാല്‍ ഉണ്ടെന്ന് ഉറപ്പു വരുത്താനായി മുല ചുരത്തി കാണിക്കാന്‍ സുരക്ഷാഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി പരാതിയുണ്ടായിരുന്നു.