ദുബായില്‍ നിന്നുള്ള ഇന്ത്യന്‍ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്

ദുബായില്‍ നിന്നും തിരിച്ച ഇന്ത്യന്‍ വാണിജ്യ കപ്പല്‍ സൊമാലിയന്‍ തീരത്തിന് സമീപം കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. ആന്റി പൈറസി വിഭാഗം മുന്‍ ഉദ്യോഗസ്ഥന്‍ ഇക്കാര്യം വെളിപ്പെടുത്തിയതായി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

“സൊമാലിയന്‍ തീരത്തേക്ക് അടുക്കുകയായിരുന്ന ഇന്ത്യന്‍ വാണിജ്യക്കപ്പല്‍ സൊമാലി കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തതായാണ് മനസിലാക്കുന്നത്.” സൊമാലിയയിലെ അര്‍ദ്ധ സ്വയംഭരണാവകാശ പ്രദേശമായ പുണ്‍ഡ്‌ലാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ആന്റി പൈറസി ഏജന്‍സി മുന്‍ ഡയറക്ടറായ അബ്ദിരിസാക് മുഹമ്മദ് ദിരിര്‍ പറഞ്ഞു.

ദുബായില്‍ നിന്നും ബോസാസോയിലുള്ള യാത്രാമധ്യേ ശനിയാഴ്ചയാണ് കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തതെന്ന് ചില വൃത്തങ്ങളില്‍ നിന്ന് അറിഞ്ഞതായി യു കെ ആസ്ഥാനമായുള്ള ദ്രിയാഡ് സമുദ്ര സുരക്ഷാസേനയുടെ ഉദ്യോഗസ്ഥനായ ഗ്രാമെ ഗിബ്ബണ്‍ ബ്രൂക്‌സ് പറഞ്ഞു. കപ്പലും 11 ജീവനക്കാരെയും കൊള്ളക്കാര്‍ പുണ്‍ഡ്‌ലാന്‍ഡിലെ എയ്‌ലിലേക്കാണ് കൊണ്ടുപോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2012നു ശേഷം കഴിഞ്ഞ മാസം ഒരു എണ്ണക്കപ്പല്‍ സൊമാലിയന്‍ കൊള്ളക്കാര്‍ കടത്തിക്കൊണ്ടുപോയിരുന്നു. എന്നാല്‍ പുണ്‍ഡ്‌ലാന്‍ഡിലെ സമുദ്രസേനയുമായുള്ള യുദ്ധത്തെ തുടര്‍ന്ന് കപ്പല്‍ വിട്ടുനല്‍കുകയും ചെയ്തു.