ഷാർജ പൈതൃകോത്സവങ്ങൾ ഇന്ന് തുടങ്ങും

കഴിഞ്ഞു പോയ കാലത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നിടത്തു വെച്ചാണ് ജനിച്ചു വളർന്ന നാടിന്റെ ഓരോ പടവുകളെ കുറിച്ച് അവർക്ക് തിരിച്ചറിവുകൾ ഉണ്ടാവുകയുള്ളു എന്ന കാഴ്ചപ്പാടോടെ നടക്കുന്ന പതിനഞ്ചാമത് ഷാർജ പൈതൃക മേള ഇന്ന് ആരംഭിക്കും.

പൈതൃകം-ഘടനയും ഭാവവും എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടികൾ കോർത്തിണക്കിയിരിക്കുന്നത്. ഷാർജ റോളയിലെ കൾച്ചറൽ ഹെറിറ്റേജ് ഇവെന്റ്സ് സെന്ററാണ് വേദി.

22 വരെ നീളുന്ന പൈതൃകാഘോഷങ്ങളിൽ യു എ ഇയുടെ നാൾ വഴികളിലൂടെ സഞ്ചരിക്കാനുള്ള അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ ലോക പൈതൃകവും സാംസ്കാരികവും സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രശ്നം വെളിപ്പെടുത്തുന്ന പൈതൃക പ്രദർശനം,പരമ്പരാഗത കലാപരിപാടികൾ, ശിൽപശാലകൾ,സെമിനാറുകൾ തുടങ്ങിയ പരിപാടികൾ അരങ്ങേറും.

ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിന്റെയും ഷാർജ ഹെറിറ്റേജ് ഡേയ്സ് ഉന്നത സമിതിയുടെയും ചെയർമാൻ അബ്ദുൽ അസീസ് അൽ മുസല്ലം വൈകിട്ട് നാലിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

സൗദി അറേബ്യ, ഈജിപ്ത്,ഇറാഖ്, യമൻ,ട്യൂണീസിയ,മൊറോക്കോ,അൾജീരിയ, ലബനോൻ, മാൾട്ട, ഇറ്റലി, മാലിദ്വീപ്,ജോർജിയ, സെർബിയ, സുഡാൻ, കുവൈത്, ഒമാൻ, ബഹ്‌റൈൻ, ഖത്തർ, താജിക്കിസ്ഥാൻ, സ്ലൊവാക്യ, പരാഗ്വേ,കൊറിയ,ഫ്രാൻസ് റഷ്യ,ഓസ്‌ട്രേലിയ,ചൈന ഉൾപ്പെടെ 31 രാജ്യങ്ങൾ പങ്കെടുക്കും.

പൈതൃകം-ഘടനയും ഭാവവും എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഈ രംഗത്തെ 20 വിദഗ്ധർ പങ്കെടുക്കുന്ന കൾച്ചറൽ കഫെ പ്രധാന പ്രത്യേകതയാണ്. കൂടാതെ സാമൂഹ്യ മാധ്യമ കഫെ,അൽ മവറൂത് ലൈബ്രറി, പുരാതന പൈതൃക മുദ്രകൾ, കരകൗശല വസ്തുക്കൾ, നാടൻ കഥകൾ തുടഞ്ഞിയവ ഉൾപ്പെടുന്ന പരിപാടികളും അരങ്ങേറും.പ്രവേശനം സൗജന്യമായിരിക്കും.