ദുബൈയില്‍ പന്തുതട്ടാനൊരുങ്ങി സല്‍മാന്‍ ഖാന്‍

ദുബൈ: ബോളിവുഡ് താരനിരയെ പങ്കെടുപ്പിച്ച് കൊണ്ട് ദുബൈയില്‍ ഫുട്‌ബോള്‍ മത്സരം വരുന്നു. സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുളള താരനിരയാണ് മത്സരത്തില്‍ പങ്കെടുക്കുക. മേയ് 19ന് വൈകിട്ട് ദുബൈ അല്‍ വാസല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

ആഗോള ഗവേഷക സംഘമായ അരാന്‍കയുടെ സഹകരണത്തോടെ മെഹര്‍ മിറാക്കിള്‍സ്, സുഹൈല്‍ ഖാന്റെ ജെഎ ഇവന്റ്സ് എന്നീ കമ്പനികളാണ് പരിപാടിയുടെ സംഘാടകര്‍.

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സ്ട്രൈക്കേഴ്സും ദുബായ് ഡാഷേഴ്സ് ഇലവനും തമ്മിലാണ് മത്സരം. ദുബായ് സ്പോര്‍ട്സ് കൗണ്‍സിലാണ് ദുബായ് ടീമിനെ തെരഞ്ഞെടുക്കുക. ബോളിവുഡില്‍ നിന്ന് നടന്മാരായ സുശാന്ത് സിങ് രജപുത്, ബോബി ഡിയോള്‍, വിദ്യുത് ജാംവാല്‍, സൂരജ് പാഞ്ചോളി, അമിത് സധ്, സചിന്‍ ജോഷി, വട് സല്‍ സേത്ത്, ഓംകാര്‍ കപൂര്‍, ഡിനോ മൊറെ, അഫ് താബ് ശിവദാസിനി, സാഖിബ് സാലിം എന്നിവരുള്‍പ്പെടെ 16 പ്രമുഖ താരങ്ങള്‍ പങ്കെടുക്കുമെന്ന് നടനും നിര്‍മാതാവുമായ സുഹൈല്‍ ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

8000 പേര്‍ മത്സരം വീക്ഷിക്കാനെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫുട്ബോള്‍ മത്സരത്തിനൊപ്പം സംഗീത പരിപാടിയും അരങ്ങേറും.