സിറിയയില്‍ വീണ്ടും രാസായുധാക്രമണം: 100 മരണം

ഡമസ്‌കസ്: ലോകമനസാക്ഷിയെ ഞെട്ടിച്ച് സിറിയയില്‍ വീണ്ടും രാസായുധാക്രമണത്തിലൂടെ കൂട്ടക്കൊല. ആക്രമത്തില്‍ നിരവധി കുട്ടികളടക്കം നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ശൈഖൂനിലാണ് പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിെന്റ സൈന്യം രാസായുധാക്രമണം നടത്തിയത്. എന്നാല്‍ സൈന്യം ഇതു നിഷേധിച്ചിട്ടുണ്ട്.

വിമതരെ നേരിടുന്ന സിറിയന്‍, റഷ്യന്‍ സേനകള്‍ നിരന്തരം വ്യോമാക്രമണം നടത്തുന്ന മേഖലയാണിത്. അതിനാല്‍ സംഭവത്തിനു പിന്നില്‍ റഷ്യന്‍ വ്യോമസേനയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും അവശരാകുകയും ചെയ്തവരെ ചികില്‍സിച്ച ആശുപത്രിക്കു നേരെയും വ്യോമാക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഖാന്‍ ശൈഖൂനിലെ ചിലര്‍ ശ്വാസതടസ്സവും മറ്റും കാരണം ആശുപത്രിയെ സമീപിച്ചപ്പോഴാണ് മേഖലയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വിഷവാതകം പ്രയോഗിച്ചതിെന്റ സൂചന ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാസവാതകം പ്രയോഗിച്ചതായി മനസ്സിലായത്.

ആറു വര്‍ഷം പിന്നിട്ട സിറിയന്‍ സംഘര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് രാജ്യത്ത് രാസായുധം പ്രയോഗിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 2014-15 കാലത്ത് ബശ്ശാര്‍ സൈന്യം മൂന്നു തവണ വിമതരെ ലക്ഷ്യമിട്ട് ക്ലോറിന്‍ വാതകം പ്രയോഗിച്ചതായി യു.എന്‍ ആരോപിച്ചിരുന്നു. ഇക്കാര്യം ബശ്ശാര്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും വിഷവാതകം പ്രയോഗിച്ചതിെന്റ തെളിവുകള്‍ പിന്നീട് പുറത്തുവന്നു.