‘എയര്‍ ഇന്ത്യ മാനേജറോടല്ല, വേണമെങ്കില്‍ പാര്‍ലമെന്റില്‍ മാപ്പ് പറയാം’ അഹന്ത വിടാതെ ശിവസേന എംപി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ മാനേജറെ മര്‍ദ്ദിച്ച സംഭവത്തില്‍ അഹങ്കാരം വിടാതെ വിമാനവിലക്ക് നേരിടുന്ന ശിവസേന എംപി രവീന്ദ്ര ഗക്വെയ്ദ്. പാര്‍ലമെന്റില്‍ ഞാന്‍ മാപ്പ് പറയാം, പക്ഷേ അയാളോട് പറയില്ല. പാര്‍ലമെന്റില്‍ തന്റെ ഭാഗം ന്യായീകരിച്ച് ഗക്വെയ്ദ് പറഞ്ഞു. ഗക്വയ്ദിന്റെ ദീര്‍ഘപ്രസംഗത്തെ കയ്യടിയോടെയാണ് ശിവസേന എംപിമാര്‍ സ്വീകരിച്ചത്.

എയര്‍ഇന്ത്യ മാനേജറെ മര്‍ദ്ദിച്ച ശേഷം ഇതുവരെ ഗക്വെയ്ദിന് വിമാനക്കമ്പനിക്കാര്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നാലുപ്രാവശ്യം വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും എയര്‍ലൈന്‍ കമ്പനികള്‍ അവ നിരാകരിക്കുകയായിരുന്നു.

ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്, എന്താണെന്റെ കുറ്റം താനൊരു സ്‌കൂള്‍ ടീച്ചറാണെന്നും ഇത് തന്റെ പ്രകൃതം ഇങ്ങനെയാണെന്നും ഊന്നിപ്പറഞ്ഞ് കൊണ്ട് പാര്‍ലമെന്റില്‍ ഗക്വെയ്ദ് ന്യായീകരിച്ചു. മാധ്യമങ്ങള്‍ സംഭവങ്ങളുടെ വളച്ചൊടിച്ച രൂപമാണ് അവതരിപ്പിച്ചതെന്നും ഗക്വയ്ദ് കുറ്റപ്പെടുത്തി. നേരത്തെ ഗക്വയ്ദിനെ അനുകൂലിച്ച് കൊണ്ട് ശിവസേന പറഞ്ഞ കാര്യങ്ങളും ഗക്വയ്ദ് പാര്‍ലമെന്റില്‍ ആവര്‍ത്തിച്ചു.

നിങ്ങള്‍ ആരാണെന്നാണ് വിചാരം, നരേന്ദ്ര മോദിയാണെന്നോ എന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ കൊണ്ട് 60 വയസുള്ള മാനേജര്‍ തന്നെ പ്രകോപിക്കുകയായിരുന്നു. ഞാന്‍ മര്യാദയോടു കൂടി പരാതി എഴുതാനുള്ള പുസ്തകം ആവശ്യപ്പെടുകയാണ് ചെയ്തത്. പക്ഷേ മര്യാദയില്ലാതെ തന്നോട് അവര്‍ പെരുമാറി കോളറില്‍ പിടിച്ചു

കഴിഞ്ഞ മാസമാണ് പൂനെയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഗക്വെയ്ദ് എയര്‍ഇന്ത്യ മാനേജറെ തന്റെ ചെരുപ്പ് കൊണ്ട് 25 പ്രാവശ്യം അടിച്ചത്. എക്കണോമി ക്ലാസ് മാത്രമുള്ള വിമാനത്തില്‍ ബിസിനസ് ക്ലാസ് നല്‍കിയില്ലെന്ന കാരണം പറഞ്ഞായിരുന്നു ഗക്വെയ്ദ് മാനേജറെ മര്‍ദ്ദിച്ചത്. ഡല്‍ഹിയിലെത്തിയ ശേഷം ഒരു മണിക്കൂറോളം ഗക്വെയ്ദ് വിമാനത്തില്‍ നിന്ന് ഇറങ്ങാനും തയ്യാറായില്ല. നൂറോളം യാത്രക്കാര്‍ വിമാനത്തില്‍ കയറാന്‍ കാത്ത് നില്‍ക്കുമ്പോഴായിരുന്നു പ്രതിഷേധവുമായി ഗക്വെയ്ദ് വിമാനത്തില്‍ കുത്തിയിരുന്നത്.

എന്റെ പെരുമാറ്റത്തിന് ഞാന്‍ മാപ്പ് ചോദിക്കുന്നു, പക്ഷേ എന്നെ ആക്ഷേപിക്കുകയും മോശമായി പെരുമാറുകയും എംപിമാരെയും പ്രധാനമന്ത്രിയെയും കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത വിമാനജീവനക്കാരനോട് ഞാന്‍ മാപ്പ് പറയില്ല. അത് അംഗീകരിക്കാന്‍ കഴിയില്ല, പ്രധാനമന്ത്രിയെയും പാര്‍ലമെന്റിനെയും ആക്ഷേപിച്ചപ്പോഴാണ് ഞാന്‍ അയാളെ മര്‍ദ്ദച്ചത്. പക്ഷേ ആ ദൃശ്യങ്ങള്‍ മാത്രമാണ് പുറത്തുവന്നത്.

എയര്‍ഇന്ത്യ ഗക്വയ്ദിനെതിരെ രണ്ട് ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. സുരക്ഷ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും നടക്കില്ലെന്നാണ് സംഭവത്തില്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് രജപതി രാജു പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. പക്ഷേ വിമാനസര്‍വ്വീസിനെതിരായ ഗക്വയ്ദിന്റെ പരാതിയില്‍ സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്‌മെന്റ് വിശദീകരണം നല്‍കാത്ത പക്ഷം വെറുതെ ഇരിക്കില്ലെന്ന ഭീഷണിയാണ് ശിവസേന ഉയര്‍ത്തുന്നത്.