ബാബ്‌റി മസ്ജിദ്: അദ്വാനിക്കെതിരെയുള്ള ഗൂഢാലോചന കുറ്റം ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് സിബിഐ

ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് തകര്‍ത്തതു സംബന്ധിച്ച കേസില്‍ എല്‍.കെ.അദ്വാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരെയിള്ള ഗൂഡാലോചന കുറ്റം ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് സിബിഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരടക്കമുള്ള ബിജെപി നേതാക്കളെ ഗൂഢാലോചനാകുറ്റത്തില്‍ നിന്നും ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതി വിധിയെ സിബിഐ കോടതിയില്‍ എതിര്‍ത്തു.

ബിജെപി നേതാക്കളെ ഗൂഢാലോചന കുറ്റത്തില്‍ നിന്നും വിമുക്തമാക്കിയ കോടതി വിധിക്കെതിരെ സിബിഐയും ഹാജി മഹ്മൂദ് അഹമ്മദുമാണ് സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ നല്‍കിയത്. ഗൂഢാലോചന കുറ്റം പുനഃസ്ഥാപിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

രണ്ടാഴ്ച മുമ്പ് ഹര്‍ജികള്‍ പരിഗണിച്ച കോടതി അദ്വാനിയും മുരളി മനോഹര്‍ ജോഷി എന്നിവരുള്‍പ്പടെ എല്ലാ കക്ഷികളും വാദങ്ങള്‍ എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അദ്വാനി, മുരളി മനോഹര്‍ ജോഷി,കേന്ദ്രമന്ത്രി ഉമാഭാരതി, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ്, വിനയ് കട്യാര്‍, സാധ്വി ഋതംബര തുടങ്ങിയവരെ ഗൂഢാലോചന കുറ്റത്തില്‍ നിന്നും ഒഴിവാക്കിയിരുന്ന സിബിഐ പ്രത്യേകകോടതി വിധി അലഹബാദ് കോടതി 2010ല്‍ ശരിവച്ചിരുന്നു.