മാധ്യമ പ്രവര്‍ത്തകയ്ക്ക് നിരന്തരം അശ്ലീല സന്ദേശം; മലയാളിയ്ക്ക് യുഎഇയില്‍ ജോലി പോയി

ദുബൈ: ഇന്ത്യയ്ക്കാരിയായ പ്രമുഖ അന്വേഷണാത്മക പത്രപ്രവര്‍ത്തക റാണ അയ്യൂബിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങളയച്ച മലയാളി ജീവനക്കാരനെ യു.എ.ഇ കമ്പനി പുറത്താക്കി. ആല്‍ഫാ പെയിന്റ് കമ്പനിയുടെ ഉപഭോക്തൃ സേവന വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ബിന്‍സിലാല്‍ ബാലചന്ദന്‍ എന്ന യുവാവിനെയാണ് പുറത്താക്കിയത്.

ഇയാളുടെ സന്ദേശങ്ങളില്‍ ചിലത് ഏപ്രില്‍ ആറിന് റാണ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. റാണാ അയൂബിന്റെ സുഹൃത്തുക്കള്‍ ഈ വിവരം യുഎഇ കമ്പനിയെ അറിയിച്ചതോടെയാണ് ബിന്‍സി ബാലചന്ദ്രന്റെ ജോലി നഷ്ടപ്പെട്ടത്. കമ്പനി അധികൃതര്‍ക്ക് മുന്നില്‍ കുറ്റം സമ്മതിച്ച ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിക്കവെ റാണക്കെതിരായ സന്ദേശങ്ങള്‍ക്കു പുറമെ ഇസ്ലാമിനെ അവഹേളിക്കുന്ന നിരവധി പോസ്റ്റുകളുമുണ്ടായിരുന്നെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരാതി ലഭിച്ച് പരിശോധിച്ച് ശരിയെന്നു കണ്ട സാഹചര്യത്തില്‍ 24 മണിക്കൂറിനകം ഇയാള്‍ക്ക് പുറത്താക്കല്‍ നോട്ടീസ് നല്‍കിയെന്നും വിസ റദ്ദാക്കിയതായും കമ്പനിയുടെ എച്ച്.ആര്‍ വിഭാഗം അറിയിച്ചു. ഇയാള്‍ക്ക് യു.എ.ഇ നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങളും നാട്ടിലേക്കുള്ള ടിക്കറ്റും കമ്പനി നല്‍കും

ഇയാള്‍ക്കെതിരേ ഇന്ത്യയില്‍ കേസ് കൊടുക്കുമെന്നും റാണാ അയൂബ് അറിയിച്ചു. യു.എ.ഇയില്‍ സ്ത്രീകള്‍ക്ക് മികച്ച സുരക്ഷയുണ്ടെന്ന് പലപ്പോഴും കേട്ടിട്ടുണ്ടെന്നും ഇപ്പോള്‍ വ്യക്തിപരമായി ബോധ്യപ്പെട്ടുവെന്നും അഭിപ്രായപ്പെട്ട റാണ അടിയന്തിര നടപടി സ്വീകരിച്ച കമ്പനിക്കും യു.എ.ഇ സര്‍ക്കാറിനും അഭിനന്ദനങ്ങളറിയിച്ചു. കേരളത്തില്‍ പല പരിപാടികളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് റാണ എഴുതിയ ഗുജറാത്ത് ഫയല്‍സ് എന്ന പുസ്തകം ഇന്ത്യയില്‍ കോളിളക്കം ഉണ്ടാക്കിയിരുന്നു.