ഞായറാഴ്ച്ച പെട്രോള്‍ പമ്പുകള്‍ ഇല്ല; മറ്റ് ദിവസങ്ങളില്‍ 9 മുതല്‍ 6 വരെ

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ചകളില്‍ അടച്ചിടാനും പ്രവര്‍ത്തനസമയം നിശ്ചയിക്കാനുമൊരുങ്ങി പമ്പുടമകള്‍. മെയ് 14 മുതല്‍ ഞായറാഴ്ചയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനാണ് തീരുമാനമെന്ന് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് കണ്‍സോര്‍ഷ്യം അറിയിച്ചു.

തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാക്കി പമ്പുകളുടെ പ്രവര്‍ത്തനസമയം നിശ്ചയിക്കുമെന്നും കണ്‍സോര്‍ഷ്യം ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ അറിയിച്ചു.

പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന ചെലവ് കുറക്കുന്നതിനാണ് ഇത്തരത്തിലുള്ള നീക്കമെന്ന് ഷിന്‍ഡെ പറഞ്ഞു. മെയ് 10 ന് പെട്രോള്‍ ഡീലേഴ്‌സിന് ‘നോ പഴ്‌ച്ചേസ് ഡേ’ ആയിരിക്കും. ഡീലേഴ്‌സിെന്റ തീരുമാനങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല, എന്നാല്‍ ഇത് എണ്ണ കമ്പനികള്‍ക്കുള്ള സൂചനയാണെന്നും രവി ഷിന്‍ഡെ പറഞ്ഞു. അപൂര്‍വ്വ ചന്ദ്ര കമ്മിറ്റി നിശ്ചയിച്ചതു പ്രകാരമുളള വിഹിതം നല്‍കാമൈന്ന ഉറപ്പ് എണ്ണ കമ്പനികള്‍ ഇതുവരെയും പാലിച്ചിട്ടില്ലന്നും രവി ഷിന്‍ഡെ പറഞ്ഞു.

കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം പെട്രോള്‍ കിലോ ലിറ്ററിന് 3,333 രൂപയും ഡീസല്‍ കിലോ ലിറ്ററിന് 2,126 രൂപയും പമ്പുടമകള്‍ക്ക് നല്‍കണം. നിലവില്‍ പെട്രോളിന് 2,570 രൂപയും ഡീസലിന് 1,620 രൂപയുമാണ് പമ്പുടമകള്‍ക്ക് ലഭിക്കുന്നത്

ഞായറാഴ്ച പമ്പുകള്‍ അടച്ചിടുന്നത് കേരളത്തില്‍ നടപ്പിലാക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്അറിയിച്ചത്.