മികച്ച ലക്ഷ്യങ്ങൾ കൈവരിക്കാൻ യു എ ഇ പ്രതിജ്ഞാ ബദ്ധം:ഷെയ്ഖ് മുഹമ്മദ്

വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി മികച്ച ലക്ഷ്യങ്ങൾ കൈവരിക്കാൻ യു എ ഇ പ്രതിജ്ഞാബദ്ധമാണെന്ന് വൈസ് പ്രസിഡന്റും മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.ഒരു ഗവണ്മെന്റിന്റെ കാര്യക്ഷമതയും വിജയവും വിലയിരുത്തപ്പെടുന്നത് യഥാസമയം രാജ്യം കൈവരിക്കുന്ന നേട്ടങ്ങളാണ്.

2021 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി യു എ ഇയെ മാറ്റുകയെന്നതാണ് ലക്ഷ്യമെന്നും ഇത്തിഹാദ് മ്യൂസിയത്തിൽ നടന്ന സർക്കാർ ഉന്നത തല യോഗത്തിൽ വ്യക്തമാക്കി. ദേശീയ നയ പരിപാടികളുടെ ഭാഗമായി 36 എക്സിക്യൂട്ടീവ് ടീമുകളുടെ മേൽനോട്ടത്തിൽ നടപ്പാക്കി വരുന്ന പദ്ധതികളുടെ പുരോഗതി ഷെയ്ഖ് മുഹമ്മദ് വിലയിരുത്തി.ആരോഗ്യം,വികസനം,സാമ്പത്തികം, പരിസ്തിഥി അടിസ്ഥാന സൗകര്യ വികസനം,സാമൂഹികം, സുരക്ഷാ നീതി നിർവ്വഹണം എന്നീ ആറു മേഖലകളിലാണ് പദ്ധതി നടപ്പാക്കി വരുന്നത്.

ഗവണ്മെന്റ് പെർഫോമെൻസ് മോണിറ്റർ എന്ന ഇലക്ട്രോണിക് സംവിധാനത്തിന്റെ ഉദ്‌ഘാടനവും ഷെയ്ഖ് മുഹമ്മദ് നിർവ്വഹിച്ചു.വിവരങ്ങൾ ലഭ്യമാക്കാനും ക്രോഡീകരിക്കാനും പദ്ധതികളുടെ മുൻഗണനാക്രമം നിശ്ചയിക്കാനും മറ്റും സൗകര്യമൊരുക്കുന്ന വിപുലമായ ശ്രിംഖലയാണിത്.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം,യു എ ഇ ഉപപ്രധാന മന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, കാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി എന്നിവരും ഷെയ്ഖ് മുഹമ്മദിനൊപ്പം ഉണ്ടായിരുന്നു.