‘ഫോര്‍ യു സൊമാലിയ’ സൊമാലിയയ്ക്ക് 500 മില്യണ്‍ ദിര്‍ഹം ധനസഹായ ദൗത്യവുമായി യുഎഇ

അബുദാബി: പട്ടിണിമരണം അഭിമൂഖീകരിക്കുന്ന പതിനായിരക്കണക്കിന് സൊമാലിയന്‍ കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും സഹായിക്കാന്‍ 500 മില്യണ്‍ ദിര്‍ഹത്തിന്റെ ധനസഹായ ദൗത്യവുമായി യുഎഇ. സൊമാലിയയ്ക്ക് കൈത്താങ്ങാകാന്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന സംഭാവന പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖാലിഫ നിര്‍ദ്ദേശം നല്‍കി.

25 വര്‍ഷത്തിനിടെ മൂന്നാമത്തെ കൊടുംപട്ടിണിയാണ് സൊമാലിയ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഭക്ഷണം, കുടിവെള്ളം,മരുന്ന് മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ നല്‍കാനാണ് ഇപ്പോള്‍ യുഎഇ പദ്ധതി.

ഷെയ്ഖ് ഖാലിഫയുടെ നിര്‍ദ്ദേശത്തെ ദുബായ് വൈസ് പ്രസിഡന്റും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്, അബുദാബി കിരീടാവകാശിയും സൈന്യാധികാരിയുമാ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് എന്നിവര്‍ പിന്തുണച്ചു.

‘ഫോര്‍ യു സൊമാലിയ’ എന്ന പേരില്‍ രാജ്യത്തുടനീളം ഒരു മാസം നീണ്ടുനില്‍ക്കുന്ന സംഭാവന പരിപാടിയാണ് യുഎഇ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഏപ്രില്‍ 21ന് നിരവധി ടെലിവിഷന്‍ കേന്ദ്രങ്ങളി്ല്‍ ടെലിത്തോണ്‍(ധര്‍മ്മസ്ഥാപനങ്ങളുടെ ധനശേഖരണാര്‍ത്ഥം സംപ്രക്ഷണം ചെയ്യപ്പെടുന്ന ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ടെലിവിഷന്‍ – മാരത്തോണ്‍ പരിപാടികള്‍) നടത്തും.

500 മില്യണ്‍ ദിര്‍ഹത്തില്‍ കുറയാത്ത ധനസഹായമാണ് ലക്ഷ്യമിടുന്നതെന്ന് എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫഹദ് ബിന്‍ സുല്‍ത്താന്‍ പറഞ്ഞു. 100 മില്യണ്‍ ദിര്‍ഹം സര്‍ക്കാരില്‍ നിന്നും ബാക്കി 400 ദിര്‍ഹം റമദാന് മുമ്പായി ജനങ്ങളില്‍ നിന്നും വിവിധ സ്ഥാപനങ്ങളില്‍ നിന്നും സംഭാവനയായി പിരിച്ചെടുക്കാമെന്നുമാണ് അധികാരികള്‍ കരുതുന്നത്.

ഏകദേശം 360,000 സൊമാലിയന്‍ കുഞ്ഞുങ്ങള്‍ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നതായി കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ ലോകജനതയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കടുത്ത വരള്‍ച്ച 6.2 മില്യണ്‍, അതായത് സൊമാലിയന്‍ ജനസംഖ്യയുടെ പകുതിയോളം വരുന്ന ജനതയെയാണ് പട്ടിണിയില്‍ തളച്ചിട്ടിരിക്കുന്നത്.