ഉപതെരഞ്ഞെടുപ്പ്: മലപ്പുറം വിധി എഴുതുന്നു

മലപ്പുറം: ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് നടക്കുന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പുരോഗമിക്കുന്നു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ആദ്യ മണിക്കൂറില്‍ 5.33 ആണ് വോട്ടിങ് ശതമാനം. ഇത് വന്‍ പോളിംഗ് ആണ് സൂചിപ്പിക്കുന്നത്. വോട്ടെണ്ണല്‍ അടുത്ത തിങ്കളാഴ്ച്ചയാണ്.

6,56,470 സ്ത്രീകളും 6,56,273 പുരുഷന്മാരുമടക്കം 13,12,693 വോട്ടര്‍മാരാണുള്ളത്. ആറു മണിക്ക് വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും എത്ര വൈകിയാലും വോട്ടു ചെയ്യാം. 35 മാതൃക ബൂത്തുകളും വനിത ഉദ്യോഗസ്ഥര്‍ മാത്രമുള്ള 21 ബൂത്തുകളും ക്രമീകരിച്ചിട്ടുണ്ട്. നാല് കമ്പനി കേന്ദ്രസേന ഉള്‍പ്പെടെ വന്‍ സുരക്ഷ സന്നാഹമാണ് ഒരുക്കിയത്. മണ്ഡലത്തിലെ 49 പ്രശ്‌നബൂത്തുകളിലും 31 പ്രശ്‌നസാധ്യത ബൂത്തുകളിലുമായാണ് കൂടുതല്‍ സേനയെ വിന്യസിച്ചത്. ജില്ല പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ 2,300ഓളം സുരക്ഷ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്.

മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പാണക്കാട് എഎംയുപി സ്‌കൂളില്‍ രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി. യുഡിഎഫിന് മികച്ച ഭൂരിപക്ഷമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് പാണക്കാട് ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. പോളിങ് കൂടാന്‍ സാധ്യതയുണ്ടെന്നും നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. യുഡിഎഫിന്റെ പ്രചരണവും പ്രവര്‍ത്തനവും വളരെ ചിട്ടയോടെയായിരുന്നു. പ്രാദേശികമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അന്തിമതീരുമാനം ജനങ്ങളുടേതാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ടി.കെ.ഹംസ പ്രതികരിച്ചു. 2004ലെ ഒരു ട്രെന്‍ഡ് കാണുന്നുണ്ട്. അത് ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. രണ്ടു പാര്‍ട്ടികളില്‍ ആരു ജയിച്ചാലും വളരെ ചെറിയ ഭൂരിപക്ഷം മാത്രമേ ഉണ്ടാവൂവെന്നും അദ്ദേഹം വ്യക്തമാക്കി. പഴുതടച്ച പ്രവര്‍ത്തനം ഗുണം ചെയ്യുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി. ഫൈസലും പ്രതികരിച്ചു.