അബുദാബിയില്‍ ഒരാള്‍ക്ക് മെര്‍സ് കോറോണവൈറസ് ബാധ സ്ഥിരീകരിച്ചു

അബുദാബി: മെര്‍സ് രോഗത്തിനെതിരെ അബുദാബിയില്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. ഒരു രോഗിയില്‍ മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രത്തിന് കാരണമാകുന്ന കോറോണാവൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യമന്ത്രാലയം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയത്. കഴിഞ്ഞ ജൂണിന് ശേഷം ഇതാദ്യമായാണ് യുഎഇയില്‍ മെര്‍സ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒട്ടകങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന കോറോണാവൈറസ് എന്ന രോഗാണുവാണ് മെര്‍സിന് കാരണം. രോഗം സ്ഥിരീകരിച്ച ആളില്‍ നിന്നും വൈറസ് മറ്റുള്ളവരിലേക്ക് പടരാതിരിക്കാനുള്ള കരുതല്‍ നടപടികള്‍ എടുത്തിട്ടുണ്ട്. മെര്‍സ് രോഗത്തിനെതിരായ നടപടികള്‍ അബുദാബി ആരോഗ്യ അതോറിട്ടിയും ആരോഗ്യമന്ത്രാലയവും മറ്റ് അനുബന്ധ സ്ഥാപനങ്ങളും സഹകരിച്ച് നടപ്പിലാക്കുന്നതായി ആരോഗ്യ അതോറിട്ടി വക്താവ് അറിയിച്ചു.

രോഗം വരാതിരിക്കാന്‍ ജനങ്ങള്‍ ആതീവ ജാഗ്രതയോടെ ഇരിക്കണമെന്നും ഇടയ്ക്കിടെ സോപ്പ് വെള്ളം ഉപയോഗിച്ച് കൈകള്‍ കഴുകുകയും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തുണി കൊണ്ടോ ടിഷ്യൂ കൊണ്ടോ മറയ്ക്കുകയും ഉപയോഗ ശേഷം അത് ഉപേക്ഷിക്കുകയും ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

രോഗബാധ സ്ഥിരീകരിച്ച ആളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പനിയും ചുമ, പെട്ടന്ന് ശ്വാസമെടുക്കേണ്ടി വരിക തുടങ്ങിയ ശ്വസന ബുദ്ധിമുട്ടുകളുമാണ് രോഗലക്ഷണങ്ങള്‍. കഴിഞ്ഞ ജൂണില്‍ 37കാരനായ ഒരു ബംഗ്ലാദേശി തൊഴിലാളിക്ക് മെര്‍സ് സ്ഥിരീകരിച്ചിരുന്നു. അതിന് മുമ്പ് ഒട്ടകങ്ങളുമായി അടുത്തിടപെഴുകുന്ന ഒരു വൃദ്ധന്‍ രോഗബാധയാല്‍ മരണപ്പെടുകയും മറ്റൊരു വയോധികയ്ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

കഴിഞ്ഞ ആഴ്ച സൗദി അറേബ്യയിലെ ഒരു ആശുപത്രിയിലെ ഹീമോഡയാലിസിസ് യൂണിറ്റില്‍ 10 പേര്‍ക്ക് മെര്‍സ് രോഗം സ്ഥിരീകരിച്ചിരുന്നു.