ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: കോടികള്‍ കൊയ്ത് ഇന്ത്യയ്ക്കാര്‍

ദുബൈ : ദുബൈയില്‍ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരെ തേടി വീണ്ടും ഭാഗ്യസമ്മാനം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പില്‍ മുംബൈ സ്വദേശി വേണുഗോപാല്‍ പാസ്സമിനും മില്ലെനിയം മില്ല്യനയര്‍ നറുക്കെടുപ്പില്‍ ബെംഗളൂരു സ്വദേശി ഫര്‍ഹാന്‍ അര്‍മാനുമാണ് ഏകദേശം ആറര കോടി രൂപ(10 ലക്ഷം യുഎസ് ഡോളര്‍)വീതം സമ്മാനം ലഭിച്ചത്.

ഫര്‍ഹാന്‍ അര്‍മാന്‍ ബെംഗ്ലുരുവില്‍ നിന്നാണ് ടിക്കറ്റെടുത്തത്. ഓണ്‍ലൈനിലൂടെ ഇളയ മകന്‍ കാവിഷ് ജന്മദിനത്തില്‍ തെരഞ്ഞെടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നതെന്ന് വേണുഗോപാല്‍ പാസ്സം പറഞ്ഞു. ഷാര്‍ജയില്‍ ഇന്‍ഷുറന്‍സ് ബ്രോക്കറായി ജോലി ചെയ്യുന്ന വേണുഗോപാല്‍ ആദ്യമായാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ടിക്കറ്റെടുത്തത്. കഴിഞ്ഞ ദിവസം ദുബായിലെത്തിയ ഫര്‍ഹാന്‍ അര്‍മാന്‍ ഡ്യുട്ടി ഫ്രീ അധികൃതരില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങി. പണം എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

അടുത്തിടെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് മലയാളികള്‍ക്ക് സമ്മാനം ലഭിച്ചിരുന്നു. അമേരിക്കയിലെ മലയാളി വനിതാ ഡോക്ടര്‍ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപ(10 ദശലക്ഷം ദിര്‍ഹം)യും ഈ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് ഇതേ നറുക്കെടുപ്പില്‍ 12 കോടി രൂപയും സമ്മാനമായി ലഭിച്ചത്.