ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ വിസാ ചട്ടങ്ങൾ ഉദാരമാക്കിയേക്കും

മസ്കറ്റ്: സഞ്ചാരികളെ ആകർഷിക്കാൻ വിസാ ചട്ടങ്ങളിൽ ഭേദഗതി ഉൾപ്പെടെ വിവിധ പദ്ധതികൾ നടപ്പിൽ വരുത്താൻ വിനോദ സഞ്ചാര വകുപ്പ് ആലോചിക്കുന്നു. ഇന്ത്യ, ചൈന, റഷ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ ടൂറിസ്റ്റ് വിസാ ചട്ടങ്ങൾ ലഘൂകരിക്കുന്നത് സംബന്ധിച്ച നടപടികൾ നടന്നു വരികയാണെന്നാണ് ടൂറിസം പ്രൊമോഷൻ ഡയറക്ടർ ജനറൽ സാലിം അൽ മഹ്മരി പറഞ്ഞു.

ഇന്ത്യയും ചൈനയും ഏറെ സാധ്യതയുള്ള വിപണിയാണ്. ആണവ പ്രശ്നത്തിലെ ഉപരോധം നീക്കിയ ശേഷം ഇറാൻ വിപണിയും ശക്തമാവുകയാണ്.നൂറു ദശ ലക്ഷത്തിലധികം ജനങ്ങളാണ് ഈ രാജ്യങ്ങളിലായി ഉള്ളത്. ഒമാനിലെ ടൂറിസം മേഖലക്ക് വലിയ സാധ്യതകളാണ് ഈ വിപണികൾ തുറന്നു വെക്കുന്നതെന്നും
മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗെറ്റ് കണക്ടഡ് ഫോറം പരിപാടിയിൽ അൽ മഹ്മരി പറഞ്ഞു.

വിസാ നടപടികൾ വേഗത്തിലാക്കുന്നത് സംബന്ധിച്ച് റഷ്യ ചൈന ഇറാൻ എന്നീ രാഷ്ട്രങ്ങളുമായി ഇതിനകം കരാർ ഒപ്പിട്ടിട്ടുമുണ്ട്. ഈ രാഷ്ട്രങ്ങളിൽ നിന്ന് കൂട്ടമായി വരുന്ന സഞ്ചാരികൾക്കുള്ള വിസ ലഭ്യമാക്കാൻ മൂന്നു നക്ഷത്രം മുതൽ അഞ്ചു നക്ഷത്രം വരെയുള്ള ഹോട്ടലുകാർക്കും ടൂർ ഓപ്പറേറ്റർമാർക്കും അനുമതിയുണ്ടാകും. ഇത് സംബന്ധിച്ച് ഇമിഗ്രേഷൻ ഓഫീസുമായി ധാരണയിൽ എത്തിയിട്ടുണ്ടെന്നും അൽ മഹ്മരി അറിയിച്ചു.ഇ-വിസ പ്രോജക്ട് സംബന്ധിച്ച പ്രസേൻറ്റേഷനും ആർ പി പരിപാടിയിൽ അവതരിപ്പിച്ചു. സംവിധാനത്തിന്റെ സുരക്ഷയടക്കം ഉറപ്പാക്കിയ ശേഷം മാത്രമായിരിക്കും ഇ-വിസ സംവിധാനം നടപ്പാക്കുക.

ഇതോടെ അപേക്ഷ സമർപ്പിക്കുന്നതും പണമടക്കുന്നതും ഉൾപ്പെടെ ഇലക്ട്രോണിക് രീതിയിലേക്ക് മാറും. ടൂറിസം മന്ത്രാലയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രചാരണപരിപാടികളിൽ ഒന്നായ ഡിസ്കവർ ഒമാൻസ് ബ്യൂട്ടി കമ്പനിയെക്കുറിച്ചും ഫോറത്തിൽ അവതരിപ്പിച്ചു.എല്ലാ വർഷവും ജനുവരി മുതൽ സെപ്റ്റംബർ വരെ കാലയളവിൽ ലാകും ഡിസ്കവർ ഒമാൻസ് ബ്യൂട്ടി പ്രചാരണ പരിപാടി നൽകുക.

കഴിഞ്ഞ വർഷം ആരംഭിച്ച പരിപാടിക്ക് മികച്ച പ്രതികരണം ഉണ്ടായതിനെ തുടർന്ന് കൂടുതൽ വിപുലമായ രീതിയിലാകും ഡിസ്കവർ ഒമാൻ ഈ വർഷങ്ങളിലും വരും വർഷങ്ങളിലും നടത്തുക.ടൂറിവും മന്ത്രി അഹമ്മദ് ബിൻ നാസർ അൽ മെഹ്‌റീസിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന പരിപാടിയിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിദഗ്ദ്ധർ, വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ,ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് ഓൺ അറൈവൽ വിസയടക്കം സംവിധാനം ഏർപ്പെടുത്തുന്നത് വഴി ഒമാനിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിലെ സാഹചര്യത്തിൽ ഒമാനിൽ എത്തുന്ന ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം ഓരോ വർഷവും വർധിച്ചു വരികയാണ്. ഒമാൻ ടൂറിസം മന്ത്രാലയം ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ വ്യാപക പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.