101 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗജന്യ പ്രാതലൊരുക്കി വ്യത്യസ്തമായൊരു ഗിന്നസ് റെക്കോഡ്

2017 ദാനങ്ങളുടെ വര്‍ഷമായി യുഎഇ കൊണ്ടാടുമ്പോള്‍ ദുബായിലെ സിഖ് ക്ഷേത്രം ഈ ആശയം അല്‍പം കൂടി മഹനീയമാക്കി കൊണ്ട് ഒരു റെക്കോഡിട്ടു. ‘ബ്രേക്ക്ഫാസ്റ്റ് ഫോര്‍ ഡൈവേര്‍സിറ്റി’ എന്ന പേരില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഒരുപാട് പേര്‍ക്ക് പാരമ്പര്യത്തനിമയുള്ള ഗംഭീര പ്രാതലൊരുക്കി വ്യത്യസ്തമായിരിക്കുകയാണ് ജബെല്‍ അലിയിലെ ഗുരുദ്വാര ഗുരുനാനാക് ദര്‍ബാര്‍ എന്ന ക്ഷേത്രം.

കൃത്യമായി പറഞ്ഞാല്‍ 101 രാജ്യങ്ങളില്‍ നിന്നുള്ള 600 ഓളം പേര്‍ക്ക് മണിക്കൂറുകളോളം പരമ്പരാഗത വിഭവങ്ങള്‍ കൊണ്ട് തയ്യാറാക്കിയ പ്രാതല്‍ വിളമ്പിയാണ് വ്യാഴാഴ്ച ഈ ക്ഷേത്ര ജീവനക്കാര്‍ ഗിന്നസ് ബുക്കില്‍ ലോക റെക്കോഡിട്ടത്. 2015ല്‍ ഇറ്റലിയിലെ മിലന്‍ എക്‌സ്‌പോയില്‍ നൂട്ടെല്ല സംഘടിപ്പിച്ച പ്രഭാത ഭക്ഷണ പരിപാടിയുടെ റെക്കോഡാണ് ഈ മാരത്തോണ്‍ പ്രഭാത ഭക്ഷണ പരിപാടി തകര്‍ത്തത്. 55 രാജ്യങ്ങളില്‍ നിന്നുള്ള ആളുകളാണ് അന്ന് മിലന്‍ എക്‌സ്‌പോയില്‍ ‘കോണ്ടിനെന്റര്‍ ബ്രേക്ഫാസ്റ്റ്’ കഴിക്കാനെത്തിയത്. സിഖ് ക്ഷേത്രത്തിലെ പ്രഭാത ഭക്ഷണ പരിപാടി ഈ റെക്കോഡ് ഭേദിച്ചതായി ഗിന്നസ് ബുക്ക് അധികൃതര്‍ വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെ മുതല്‍ക്ക് തന്നെ യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ജബെല്‍ അലി ഗാര്‍ഡനിലേക്ക് ഒഴുകി. മുന്‍കൂട്ടസയുള്ള രജിസ്‌ട്രേഷന്‍ വഴിയായിരുന്നു പ്രവേശനം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, നയതന്ത്രജ്ഞര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി നാനാതുറകളില്‍ നിന്നുള്ളവര്‍ പ്രാതലിനായി ഇവിടെയെത്തി. യുഎഇയിലെ ഇന്ത്യന്‍ അംബാസഡറായ നവ്ദീപ് സിംഗ് സൂരിയായിരുന്നു പരിപാടിയിലെ മുഖ്യാതിഥി.

യുഎഇയിലെ 50,000ത്തിലധികം വരുന്ന സിഖ് സമൂഹത്തിന്റെ ആരാധനാകേന്ദ്രമാണ് ജബെല്‍ അലിയിലെ ഈ ഗുരുദ്വാര. സന്ദര്‍ശകര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി നേരത്തെ തന്നെ ഈ ക്ഷേത്രം ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. പ്രവൃത്തിദിനങ്ങളില്‍ ആയിരംപേര്‍ക്കും അവധിദിനങ്ങളില്‍ പതിനായിരത്തിലധികം പേര്‍ക്കും ഇവിടെ സൗജന്യ ഭക്ഷണം ഒരുക്കാറുണ്ട്.