പത്ത് വഴികളിലൂടെ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്താം: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: വോട്ടിംഗ് യാന്ത്രങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും രംഗത്ത്. വോട്ടിംഗ് യന്ത്രത്തില്‍ പത്ത് വഴികളിലൂടെയെങ്കിലും കൃത്രിമം നടത്താമെന്നാണ് കെജ്‌രിവാളിന്റെ ആരോപണം. ഡല്‍ഹിയില്‍ രജൗരി ഗാര്‍ഡണില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തങ്ങളുടെ സിറ്റിംഗ് സീറ്റില്‍ കനത്ത പരാജയമേറ്റതിന് ശേഷമാണ് കെജ്‌രിവാള്‍ വീണ്ടും ആരോപണവുമായി രംഗത്തെത്തിയത്.

‘ഞാന്‍ ഒരു ഐഐടി എഞ്ചിനീയറാണ്. ഇലക്ടോണിക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താനുള്ള പത്ത് വഴികള്‍ എനിക്കറിയാം.’ കെജ്‌രിവാള്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് പിന്നാലെ കെജ് രിവാള്‍ അടക്കം ഒട്ടേറെ നേതാക്കള്‍ വോട്ടിങ് യന്ത്രത്തിനെതിരെ രംഗത്തുവന്നിരുന്നു. പുനെയില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വോട്ടുകള്‍ ഒന്നും ലഭിച്ചില്ല. അദ്ദേഹത്തിന്റെ വോട്ടുകള്‍ എവിടെ പോയി നമുക്ക് ഇതിനെതിരെ കണ്ണടക്കാനാകില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

എഎപി സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞ കെജ് രിവാള്‍ അഴിമതിക്കെതിരായി പ്രവര്‍ത്തിക്കുന്നവരാണ് തങ്ങളുടെ മന്ത്രിമാരും എംഎല്‍എമാരുമെന്നും പറഞ്ഞു. ഏപ്രില്‍ 23ന് നടക്കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.