ഐപിഎല്ലിന് ഹാട്രിക്ക് വെള്ളി: മുംബൈയ്ക്കും ഗുജറാത്തിനും ജയം

രാജ്‌കോട്ട്: ഐപിഎല്ലില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് ഹാട്രിക്കുകള്‍ പിറന്ന രാവില്‍ ഗുജറാത്ത് ലയണ്‍സിനും മുംബൈ ഇന്ത്യന്‍സിനും ജയം. റൈസിംഗ് പൂണെ സൂപ്പര്‍ ജെയ്ന്റ്‌സിനെ ഗുജറാത്ത് തകര്‍ത്തപ്പോള്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെയാണ് മുംബൈ തോല്‍പിച്ചത്. ബംഗളൂരുവിനായി സാമുവല്‍ ബദ്രിയും ഗുജറാത്തിനായി അരങ്ങേറ്റ താരം ആന്‍ഡ്രൂ ടൈയുമാണ് ഹാട്രിക്കുകള്‍ നേടിയത്.

വെള്ളിയാഴ്ച്ച വൈകിട്ട് നടന്ന ആദ്യ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന്റെ ജയം നാല് വിക്കറ്റിനായിരുന്നു. ഏഴ് പന്ത് ബാക്കി നില്‍ക്കെയാണ് എതിരാളികളുടെ സ്‌കോര്‍ മുംബൈ മറികടന്നത്. 47 പന്തില്‍ 70 റണ്‍സുമായി ഈ സീസണില്‍ ആദ്യമായി തിളങ്ങിയ കീറോണ്‍ പൊള്ളാര്‍ഡിന്റെ ബാറ്റിങ്ങാണ് മുംബൈക്ക് ജയം സമ്മാനിച്ചത്.

ബാംഗ്ലൂര്‍ മുന്നോട്ടുവെച്ച 143 റണ്‍സ് എന്ന ചെറിയ ലക്ഷ്യം അനായാസം മറികടക്കാനൊരുങ്ങിയ മുംബൈയുടെ തുടക്കം ദയനീയമായിരുന്നു. പത്താം സീസണിലാദ്യമായി ഒമ്പത് റണ്‍സ്വഴങ്ങി നാല് വിക്കറ്റ് കൊയ്ത് ഹാട്രിക് നേടിയ സാമുവല്‍ ബദ്രി മുബൈയുടെ മുനയൊടിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 33 റണ്‍സെന്ന നിലയിലായിരുന്ന മുബൈയുടെ ആദ്യ നാല് ബാറ്റ്‌സ്മാന്‍മാരും രണ്ടക്കം കാണാതെയാണ് പുറത്തായത്. പിന്നീട് രക്ഷാ ദൗത്യം ഏറ്റെടുത്ത പൊള്ളാര്‍ഡും 30 പന്തില്‍ 37 റണ്‍സടിച്ച് പുറത്താകാതെ നിന്ന ക്രുണാല്‍ പാണ്ഡ്യയുമാണ്എതിരാളികളില്‍ നിന്ന് വിജയം തട്ടിപ്പറിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റ്‌ചെയ്ത ബാംഗ്ലൂര്‍ നിരയില്‍ പരിക്ക് മാറി മടങ്ങിയെത്തി 47 പന്തില്‍ 62 റണ്‍സടിച്ച കോഹ്ലിയാണ് തിളങ്ങിയത്. അഞ്ച് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെയാണ് കോഹ്ലി 62 റണ്‍സ്അടിച്ചെടുത്തത്.

അതെസമയം മറ്റൊരു മത്സരു മത്സരത്തില്‍ പുണെ സൂപ്പര്‍ ജയന്റിനെതിരെ ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് ലയണ്‍സിന്റെ ഐപിഎല്‍ പത്താം സീസണിലെ ആദ്യ ജയം. പൂണെയുടെ 171 എന്ന സ്‌കോര്‍ രണ്ട് ഓവര്‍ അവശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടതത്തില്‍ ഗുജറാത്ത് മറികടക്കുകയായിരുന്നു.

ഗുജറാത്ത് ഓപ്പണര്‍മാരായ ഡ്വെയിന്‍ സ്മിത്ത്-ബ്രണ്ടന്‍ മക്കല്ലം സഖ്യം നേടിയ 94 റണ്‍സാണ് ഗുജറാത്തിന് മികച്ച ബ്രേക് ത്രൂ നല്‍കിയത്. പിന്നീടെത്തി പുറത്താകാതെ 22 പന്തില്‍ 35 റണ്‍സ് നേടിയ നായകന്‍ റെയ്‌നയും 19 പന്തില്‍ 33 റണ്‍സ് അടിച്ചെടുത്ത ഫിഞ്ചും ഗുജറാത്തിനെ വിജയത്തിലെത്തിച്ചു.

അവസാന ഓവറില്‍ ഹാട്രിക് ഉള്‍പ്പെടെ 17 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് നേടിയ ഓസീസ് താരം ആന്‍ഡ്രൂ ടൈയുടെ ബൗളിങ് മികവാണ് പൂണെയുടെ ബാറ്റിങ് വേഗം കുറച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പുണെക്ക് റണ്ണെടുക്കും മുെമ്പ രഹാനെയെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയവര്‍ കുറഞ്ഞ പന്തില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തത് ടീം ടോട്ടല്‍ മികച്ചതാവാന്‍ കാരണമായി. എട്ട് പന്തില്‍ അഞ്ച് റണ്‍സ് നേടി പുറത്തായി ധോണി ഇക്കുറിയും പരാജയപ്പെട്ടു.