അത്ഭുതങ്ങളൊന്നുമില്ല; കുഞ്ഞാലിക്കുട്ടിയുടേത് പ്രതീക്ഷിച്ച വിജയം

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വന്‍ഭൂരിപക്ഷത്തോടെ വിജയം. 171,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ വിജയം. മലപ്പുറം എംപിയായിരുന്ന ഇ. അഹമ്മദ് മരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പകരക്കാരനായി എത്തിയ കുഞ്ഞാലിക്കുട്ടി ജയിച്ചതും അദ്ദേഹം നേടിയതിലും കൂടുതല്‍ വോട്ടുകള്‍ നേടി വിജയിച്ചതും. അതേസമയം റെക്കോര്‍ഡ് ഭൂരിപക്ഷം നേടാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ല. 515325 വോട്ടുകളാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്.

ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിനാണ് ഭൂരിപക്ഷവും മേല്‍ക്കൈയും. കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം. അതേസമയം മലപ്പുറം ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കും എന്ന് പറഞ്ഞ എല്‍ഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുകള്‍ നേടാന്‍ സാധിച്ചെങ്കിലും നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. 2004ല്‍ ഇടതുപക്ഷം അട്ടിമറി വിജയം നേടിയ മലപ്പുറത്ത് ഇത്തവണയും അത് ആവര്‍ത്തിക്കുമെന്നായിരുന്നു ഇടതുപ്രതീക്ഷ. എന്നാല്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി. ഫൈസലിന് 344,287 വോട്ടുകള്‍ മാത്രമാണ് നേടാന് സാധിച്ചത്.

അതേസമയം ബീഫും വര്‍ഗീയതയും പറഞ്ഞ് വോട്ടുപിടിക്കാന്‍ ഇറങ്ങിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍. ശ്രീപ്രകാശിന് കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയ ഭൂരിപക്ഷത്തിന്റെ പകുതി വോട്ടുകള്‍ പോലും നേടാന്‍ സാധിച്ചില്ല. മലപ്പുറത്തെ വോട്ടര്‍മാര്‍ വര്‍ഗീയതോട് മുഖം തിരിഞ്ഞാണ് നില്‍ക്കുന്നതെന്നും ബീഫ് രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ലെന്നുമുള്ള സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. ആകെ 65622 വോട്ടുകള്‍ മാത്രമാണ് ശ്രീപ്രകാശിന് നേടാന്‍ സാധിച്ചത്.

കുഞ്ഞാലിക്കുട്ടിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലീം ലീഗ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ഇ. അഹമ്മദിന്റെ പിന്‍മുറക്കാരന്‍ കുഞ്ഞാലി സാഹിബാണെന്ന തരത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പ്രചരണം നടത്തിയിരുന്നു. വിജയിക്കുമെന്ന കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും മുന്നണിക്കും ആശങ്കയുണ്ടായിരുന്നില്ല. ഐസ്‌ക്രീം കേസ് ഉള്‍പ്പെടെയുള്ള പഴയകാല കേസുകളും റൗഫിന്റെ ആരോപണങ്ങളും കുത്തിപ്പൊക്കിക്കൊണ്ടു വരാനുള്ള ചില മാധ്യമ ശ്രമങ്ങളും വിലപ്പോയില്ല.