യെമനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 12 സൗദി ജവാന്മാര്‍ക്ക് വീരമൃത്യു

വാഷിംഗ്ടണ്‍: യെമനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് രണ്ട് ഓഫീസര്‍മാര്‍ അടക്കം 12 സൗദി ജവാന്മാര്‍ മരിച്ചു. ഇന്നലെ യെമനിലെ മാരിബ് പ്രവശ്യയിലാണ് സംഭവം. ഇറാന്റെ പിന്തുണയുള്ള യെമനി വിമതരുടെ അറബ് സംഖ്യ സേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഹെലികോപ്റ്റര്‍ തകരാനിടയായ സാഹചര്യം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.

അപകടകാരണം സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് സഖ്യസേന വക്താവ് ജനറല്‍ അഹമ്മദ് അസീറി പറഞ്ഞു. യെമനില്‍ സഖ്യസേനകള്‍ ഉള്‍പ്പെട്ട ഏറ്റവും വലിയ അപകടങ്ങളില്‍ ഒന്നാണിത്.

യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാട്ടിസ് സന സന്ദര്‍ശിക്കാനിരിക്കെയാണ് അപകടം. ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടു കൂടി സമാധാനചര്‍ച്ച നടക്കുന്ന അവസ്ഥയിലേക്ക് യെമനെ എത്രയും പെട്ടന്ന് തിരിച്ചെത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് മാട്ടിസ് പറഞ്ഞിരുന്നു. യെമനിലെ സൗദി നേതൃത്വത്തിലുള്ള സഖ്യസേനയ്ക്ക് അമേരിക്കയുടെ പിന്തുണ വളരെ കുറവാണ്. ഇറാന്റെ പിന്തുണയോടു കൂടിയുള്ള വിമതരുടെ യുദ്ധത്തില്‍ യെമന്‍ സര്‍ക്കാരിന് പിന്തുണ നല്‍കുകയാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി സൗദി നേതൃത്വത്തിലുള്ള സഖ്യ സേന.

ഇറാഖിലെയും സിറിയയിലെയും തീവ്രവാദ സംഘടനകള്‍ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയെ വിപുലീകരിക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. അതേസമയം അറബ് രാജ്യങ്ങളില്‍ ഏറ്റവും ദരിദ്രമായ യെമനിലെ ഭരണകൂട സ്വാധീനം കുറഞ്ഞ മേഖലകളെ അമേരിക്കക്കെതിരെ ആക്രമണം നടത്താന്‍ ഉപയോഗിക്കുന്ന അല്‍ ഖ്വയ്ദയെ തുരത്താനും അമേരിക്ക ശ്രമിക്കുന്നുണ്ട്.