വീണ്ടും ഗെയിലാട്ടം; ഗുജറാത്തിനെ തകര്‍ത്ത് ബംഗളൂരു

രാജ്‌കോട്ട്: ഐപിഎല്ലില്‍ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ ഗുജറാത്ത് ലയണ്‍സിനെ തകര്‍ത്ത് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്. 21 റണ്‍സിനാണ് ബംഗളൂരു ഗുജറാത്തിനെ തോല്‍പിച്ചത്. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്രിസ് ഗെയ്‌ലിന്റെയും വിരാട് കോലിയുടെയും അര്‍ധസെഞ്ച്വറിയുടെ ബലത്തില്‍ 213 റണ്‍സാണ് അടിച്ചു കൂട്ടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനു നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ഗുജറാത്തിനു വേണ്ടി ബ്രണ്ടന്‍ മെക്കല്ലവും( 44 പന്തില്‍ 72) വാലറ്റത്ത് ഇഷാന്‍ കിഷനും(16 പന്തില്‍ 39) അടിച്ച് തകര്‍ത്തെങ്കിലും വിജയം ബാംഗ്ലൂരിനൊപ്പം തന്നെ നിന്നു.

ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായ മത്സരത്തില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 213 റണ്‍സടിച്ചത്. ഗെയ്‌ലും കോഹ്ലിയും ചേര്‍ന്ന് മികച്ച തുടക്കമായിരുന്നു ബാംഗ്ലൂരിന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 12.4 ഓവറില്‍ 122 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗെയ്ല്‍ 38 പന്തില്‍ ഏഴു സിക്‌സിന്റെയും അഞ്ചു ഫോറിന്റെയും അകമ്പടിയോടെ 77 റണ്‍സടിച്ചപ്പോള്‍ കോഹ്ലി 50 പന്തില്‍ നിന്ന് 64 റണ്‍സ് നേടി. ഒപ്പം ടിട്വന്റിയില്‍ 10,000 റണ്‍സെന്ന നേട്ടവും ഗെയ്ല്‍ പിന്നിട്ടു.

ടിട്വന്റിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബാറ്റ്‌സ്മാന്‍ 10,000 റണ്‍സ് നേടുന്നത്. മലയാളി താരം ബേസില്‍ തമ്പിയ്ക്കാണ് ഗെയ്‌ലിന്റെ വിക്കറ്റ്. ബംഗളൂരുവിനായി അവസാന ഓവറുകളില്‍ ട്രാവിസ് 16 പന്തില്‍ 30ഉം ജാദവ് അത്രയും പന്തില്‍ 38ഉം റണ്‍സടിച്ചു.