ബധിരര്‍ക്കായൊരു സംഗീതം, തൊഴിലാളികള്‍ക്ക് വെന്റിലേഷന്‍ ജാക്കറ്റ്: തിങ്ക് സയന്‍സ് ഫെയറിലെ കണ്ടുപിടിത്തങ്ങള്‍

അന്ധര്‍ക്കും ബധിരര്‍ക്കും സംഗീതം, തൊഴിലാളികള്‍ക്ക് വെന്റിലേഷന്‍ ജാക്കറ്റ്, ഒട്ടകത്തിന്റെ ശാരീരഭാഷ മനസിലാക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍. ഇത്തവണത്തെ തിങ്ക് ആന്‍ഡ് സയന്‍സ് ഫെയറില്‍ പിറന്നത് വളരെ ഭാവനാത്മകമായ ഒട്ടനവധി കണ്ടുപിടിത്തങ്ങള്‍. നൂറുകണക്കിന് കുട്ടികളാണ് മേളയില്‍ തങ്ങളുടെ കഴിവുകള്‍ മാറ്റുരച്ചത്.

അബുദാബിയിലെ അല്‍ മാ അലി ഇന്റെര്‍നാഷ്ണല്‍ സ്‌കൂളിലെ റാഷിദ് അല്‍ ഹമീദിയും സംഘവുമാണ് അന്ധര്‍ക്കും ബധിരര്‍ക്കും ആസ്വദിക്കാവുന്ന സംഗീതമെന്ന ആശയവുമായി എത്തിയത്. ഹേര്‍ട്‌സ് ഡിസൈന്‍ എന്ന് പേരിട്ട ഈ ആശയത്തില്‍ അന്ധര്‍ക്കായി ബ്രെയിലി ലിപിയോടു കൂടിയ പിയാനോയും ബധിരര്‍ക്ക് ഗിറ്റാറിന്റെ സ്പന്ദനങ്ങള്‍ അനുഭവഭേദ്യമാക്കുന്ന ഒരു ചെറിയ സ്റ്റേജുമാണ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത്.

മറ്റേവരും ആസ്വദിക്കുന്നത് പോലെ അന്ധര്‍ക്കും ബധിരര്‍ക്കും സംഗീതത്തെ അടുത്തറിയാന്‍ സാധിക്കണം. അവരെ സഹായിക്കാനാണ് തങ്ങളുടെ ശ്രമം. ഗിറ്റാറിന്റെ ഓരോ കമ്പിയുടെയും ശബ്ദവും സ്പന്ദനവും വ്യത്യസ്തമാണ്. അതുകൊണ്ട് വ്യത്യസ്തരീതിയിലുള്ള സംഗീതവും അവര്‍ക്കറിയാനാകുമെന്ന് 17കാരനായ ഹമീദി പറഞ്ഞു.

ഒട്ടകത്തിന്റെ മൂഡ് പ്രവചിക്കുന്ന സോഫ്റ്റ്‌വെയര്‍ എന്ന ആശയം യുഎഇ യൂണിവേഴ്‌സിറ്റിയിലെ അല്‍ ഹരൂണും സംഘവും വികസിപ്പിച്ചെടുത്തതാണ്. ഒട്ടകങ്ങളുടെ മരണം തടയുക എന്ന ലക്ഷ്യമാണ് ഈ ആശയത്തിന് പിന്നിലെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഒട്ടകഓട്ട മത്സരത്തില്‍ ചില ഒട്ടകങ്ങള്‍ ആകെ സമ്മര്‍ദ്ദത്തിലായിരിക്കും ചിലവ മരിക്കുകയും ചെയ്യും, ഇത് തടയുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം ഹരൂണ്‍ പറഞ്ഞു.

കഠിനമായ ചൂടില്‍ പണിയെടുക്കുന്നവര്‍ക്കായി വെന്റിലേഷന്‍ സൗകര്യത്തോടു കൂചി കോട്ട് എന്ന ആശയം അല്‍ ഇതിഹാദ് സ്‌കൂളിലെ സയീദ് അബ്ദുള്ളയ ഷരാതിന്റെതാണ്. ശരീരത്തിലെ ചൂടകറ്റി തണുപ്പ് പ്രദാനം ചെയ്യുന്ന രീതിയിലാണ് ഇതിന്റെ ഡിസൈന്‍.

ചില പ്രത്യേകരീതിയിലുള്ള പ്ലേറ്റുകള്‍ നിരുത്തുകളില്‍ പതിപ്പിച്ച് കാറുകള്‍ ഓടുമ്പോള്‍ മെക്കാനിക്കല്‍ എനര്‍ജി ഇലക്ട്രിക് എനര്‍ജിയാക്കി സ്ട്രീറ്റ്‌ലൈറ്റുകള്‍ക്കും സിഗ്നലുകള്‍ക്കും വൈദ്യുതി ഉത്പാദിപ്പിക്കുക, ഫോണുകളിലെ വൈഫൈ സിഗ്നലുകള്‍ ഓഫ് ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ എന്നിങ്ങനെയുള്ള ആകര്‍ഷകമായ മറ്റ് കണ്ടുപിടിത്തങ്ങളും മേളയില്‍ പിറന്നു.

2012 മുതല്‍ ആരംഭിച്ച തിങ്ക് സയന്‍സ് ഫെയറിന്റെ ഈ വര്‍ഷത്തെ കാഴ്ചകള്‍ ഏപ്രില്‍ 20 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ കാണാനാകും.