മലപ്പുറം എന്തെന്ന് അറിയാത്തവരാണ് വര്‍ഗീയാരോപണങ്ങള്‍ ഉന്നയിക്കുന്നത്: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മലപ്പുറത്തെക്കുറിച്ച് അറിയാത്തവരാണു മുസ്ലിം ലീഗിനെ വര്‍ഗീയപാര്‍ട്ടിയെന്നു വിളിക്കുന്നതെന്നു മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. ഇടതുനേതാക്കളില്‍ ചിലരുടെ വിമര്‍ശനം ഇതുകൊണ്ടാണ്. മുസ്ലീം ലീഗിനെതിരെയുള്ള ചില നേതാക്കളുടെ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദു ഭൂരിപക്ഷ മേഖലയായ വള്ളിക്കുന്നില്‍, ലീഗ് നേടിയ വോട്ടുകളാണ് ഇതിനു മറുപടി. വാക്കുകള്‍ക്ക് ലൈസന്‍സില്ലെന്നും ആര്‍ക്ക് വേണമെങ്കിലും എന്തുപറയാമല്ലോയെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. മലപ്പുറം ഉപതിരഞ്ഞെടുപ്പ് ജയത്തിന് ശേഷം തിരുവനന്തപുരത്ത് സിഎച്ച് ഹാളില്‍ എത്തിയതായിരുന്നു അദ്ദേഹം.

മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖലയാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരാമര്‍ശമാണ് കുഞ്ഞാലിക്കുട്ടിയെ പ്രകോപിപ്പിച്ചത്. മലപ്പുറത്തിന്റെ ഉളളടക്കം തന്നെ വര്‍ഗീയമാണെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. മുതിര്‍ന്ന ലീഗ് നേതാക്കളെല്ലാം കടകംപള്ളിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. നിയമനടപടി സ്വീകരിക്കുന്നതടക്കം ആലോചിക്കുമെന്ന് നേരത്തെ ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു. വര്‍ഗീയ പരാമര്‍ശത്തിലൂടെ കടകംപള്ളി സത്യപ്രതിജ്ഞാലംഘനം നടത്തി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി രാജിവെക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടിരുന്നു.

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ജയിച്ചതിനു പിന്നാലെ വര്‍ഗീയ വോട്ടുകളുടെ ഏകീകരണമാണ് വിജയത്തിനു പിന്നിലെന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥി എം.ബി. ഫൈസലും അഭിപ്രായപ്പെട്ടിരുന്നു. ന്യൂനപക്ഷ വര്‍ഗീയ കക്ഷികളുമായി ചേര്‍ന്നു വര്‍ഗീയ വോട്ടുകളുടെ ഏകീകരണമാണു ലീഗ് ഉണ്ടാക്കിയതെന്നാണ് ഫൈസല്‍ പറഞ്ഞത്. കടുത്ത വര്‍ഗീയ പ്രചാരണം നടന്നു. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയുമായി മുന്നണിയുണ്ടാക്കിയാണ് ഈ വിജയം കൊയ്തതെന്നും ഫൈസല്‍ ആരോപിച്ചിരുന്നു.