കോമ്പിഫ്‌ളാം,ഡി കോള്‍ഡ് ടോറ്റല്‍ തുടങ്ങി 58 പ്രമുഖ മരുന്നുകള്‍ നിലവാരം കുറഞ്ഞത്

ഇന്ത്യയിലെ മിക്കവീടുകളിലും നിസ്സാരമായ രോഗങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്ന കോമ്പിഫ്‌ളാം, ഡി കോള്‍ഡ് ടോറ്റല്‍ എന്നീ ഗുളികകള്‍ കേന്ദ്ര മരുന്ന് നിലവാര നിയന്ത്രണ അതോറിട്ടി നിലവാരം കുറഞ്ഞവയെന്ന് പട്ടികപ്പെടുത്തിയ 58 മരുന്നുകളില്‍ ഉള്‍പ്പെട്ടവ.

ഡി കോള്‍ജ് ടോട്ടല്‍, കോമ്പിഫ്‌ളാം,സെട്രിസീന്‍, പാരസെറ്റാമോള്‍,പാന്റോ പ്രസോള്‍സ,ഒഫ്‌ളോക്‌സാകി, ലെമിത്തോണ്‍ തുടങ്ങിയ പ്രമുഖ മരുന്നുകളും നിലവാരം കുറഞ്ഞ പട്ടികയില്‍ പെടുന്നു. ദേശീയ ഔഷധ നിയന്ത്രണ അതോറിട്ടി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് നിലവാരം കുറഞ്ഞ മരുന്നുകളുടെ പട്ടികയുള്ളത്.

ഫ്രഞ്ച് മരുന്ന് നിര്‍മ്മാണ കമ്പനിയായ സനോഫിയുടെ ഇന്ത്യന്‍ യൂണിറ്റ് ഉത്പാദിപ്പിക്കുന്ന വേദനാസംഹാരിയാണ് കോമ്പിഫ്‌ളാം. കഴിഞ്ഞ വര്‍ഷവും നിലവാര പരിശോധനകളില്‍ വിജയിക്കാന്‍ ഈ ഗുളികയ്ക്ക് സാധിച്ചിരുന്നില്ല. വേണ്ടത്ര നിലവാരം ഇല്ലാത്തതിനാല്‍ കോമ്പിഫ്‌ളാമിന്റെ പല ബാച്ചുകളും മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

ചുമ, ജലദോഷം, അലര്‍ജി, വേദന എന്നീ രോഗങ്ങള്‍ക്ക് പല ഇന്ത്യന്‍ കുടുംബങ്ങളും ആദ്യപടിയെന്നോണം വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകളാണ് മേല്‍പ്പറഞ്ഞവ. ഇവയുടെ ഗുണനിലവാരം സംബന്ധിച്ച് മരുന്ന് നിയന്ത്രണ അതോറിട്ടി ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ പല കുടുംബങ്ങളും ആശങ്കയിലാണ്.

ഗുണനിലവാരം കുറഞ്ഞ 60 മരുന്നുകളുടെ പട്ടികയാണ് അതോറിട്ടി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മനുഷ്യശരീരത്തില്‍ എത്തിക്കഴിഞ്ഞാല്‍ വിഘടിക്കാന്‍ ഇവ എത്ര സമയമെടുക്കുന്ന എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇവയെ നിലവാരം കുറഞ്ഞതായി പട്ടികപ്പെടുത്തിയിരിക്കുന്നത്.

വേദനസംഹാരികള്‍, അലര്‍ജി, പനി, ജലദോഷം, വയറിളക്കം, മലബന്ധം, എന്നിവയ്ക്കുള്ള വിവിധ മരുന്നുകള്‍, കാല്‍സ്യം, അയേണ്‍ ഗുളികകള്‍ എന്നിവയും നിലവാരം കുറഞ്ഞവയില്‍ പെടുന്നു.

സിപ്ല, കാഡില, സനോഫി തുടങ്ങിയ വന്‍കിട മരുന്ന് നിര്‍മ്മാണ ബ്രാന്‍ഡുകളാണ് ഇവയില്‍ പലതും നിര്‍മ്മിക്കുന്നത്.