ഡ്രൈവര്‍മാര്‍ക്ക് രണ്ട് വര്‍ഷം പരിശീലന കാലാവധി വരുന്നു; റോഡ് സുരക്ഷയ്ക്കുള്ള മികച്ച നടപടിയെന്ന് വിദഗ്ധര്‍

അബുദാബി: പുതിയതായി ലൈസന്‍സ് ലഭിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പരിശീലന കാലാവധി അടുത്ത ജുലൈ മുതല്‍ നിലവില്‍ വരും. ഈ തീരുമാനം ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാതിരിക്കാനും നല്ല ഡ്രൈവിംഗ് ശീലങ്ങള്‍ പരിശീലിച്ച് റോഡപകടങ്ങള്‍ കുറയ്ക്കാനും സഹായകമാകുമെന്ന് റോഡ് സുരക്ഷ വിദഗ്ധര്‍ വിലയിരുത്തുന്നു. നല്ല ഡ്രൈവര്‍മാര്‍ക്ക് ഭാവിയില്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇളവുകള്‍ ലഭിക്കുമെന്നതിനാല്‍ പുതിയ തീരുമാനം പൊതുവെ സ്വീകാര്യമായാണ് കരുതപ്പെടുന്നത്.

മികച്ച് ഡ്രൈവര്‍മാര്‍ അപകടങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും, ഇങ്ങനെയുള്ള ഡ്രൈവര്‍മാര്‍ക്ക് ഭാവിയില്‍ തങ്ങളുടെ ശീലങ്ങള്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കാനും ഉപകാരപ്പെടും. ഡ്രൈവിംഗ് മികവ് അടിസ്ഥാനപ്പെടുത്തിയാണ് ഓരോ ഡ്രൈവര്‍മാരുടെയും ഇന്‍ഷുറന്‍സ് പ്രീമിയം തീരുമാനിക്കപ്പെടുകയെന്ന് ഖത്തര്‍ ഇന്‍ഷുറന്‍സിലെ വൈസ് പ്രസിഡന്റ് ഫെഡറിക് ബിസ്‌ബെര്‍ഗ് വ്യക്തമാക്കി.

നിലവില്‍ യുഎഇയില്‍ ഒരു ഡ്രൈവര്‍ എത്രകാലമായി വാഹനമോടിക്കുന്നു, അതില്‍ എത്ര അപകടങ്ങള്‍ ഉണ്ടായി എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രീമിയം തുക നിശ്ചയിക്കുന്നത്. അതായത് നല്ല ഡ്രൈവിംഗ് ശീലങ്ങള്‍ക്ക് കുറഞ്ഞ പ്രീമിയം തുക പാരിതോഷികമായി ലഭിക്കുമെന്ന് സാരം.

18നും 30നും ഇടയില്‍ പ്രാമമുള്ള ഡ്രൈവര്‍മാരില്‍ നിന്നുമാണ് പകുതിയിലധികം അപകടങ്ങളും ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം 725 ജീവനുകളാണ് റോഡപകടങ്ങളില്‍ പൊലിഞ്ഞത്. 2015ല്‍ ഇത് 675 ആയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് മാത്രം ലൈസന്‍സ് നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്. പ്രവാസികള്‍ക്ക് നിലവില്‍ 5 വര്‍ഷത്തേക്ക് മാത്രമാണ് ലൈസന്‍സ് നല്‍കുന്നത്. ഇക്കാലയളവിലെ ഇവരുടെ പ്രകടനത്തിന് അനുസരിച്ചായിരിക്കും മുന്നോട്ട് ലൈസന്‍സ് നല്‍കണമോ എന്ന് തീരുമാനിക്കുക.

മോശം ഡ്രൈവര്‍മാരെ വളരെ പെട്ടന്ന് കണ്ടെത്താനും പുതിയ തീരുമാനം സഹായകമാകും.

അതേസമയം പുതിയ തീരുമാനങ്ങള്‍ ഉടന്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ പ്രതിഫലിക്കില്ലെന്ന് ഗര്‍ഗാശ് ഇന്‍ഷുറന്‍സ് വൈസ് പ്രസിഡന്റ് സനീഷ് വേലായുധന്‍ അറിയിച്ചു. എന്നാല്‍ ഭാവിയില്‍ ഡ്രൈവര്‍മാരുടെ പ്രകടനത്തിനനുസരിച്ച് പ്രീമിയം തുകയില്‍ വ്യത്യാസമുണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ വേഗനിയന്ത്രണം, സീറ്റ് ബെല്‍റ്റ് ധരിക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാതിരിക്കല്‍ തുടങ്ങിയ നിലവിലെ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന് അധികാരികള്‍ നടപടിയെടുക്കേണ്ടതുണ്ട്.

ഡ്രൈവിംഗിനെ ബാധിക്കുന്ന ചില അസുഖങ്ങളും ശാരീരിക അവസ്ഥകളും ഉള്ളവര്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്നും പുതിയ ഉത്തരവില്‍ പറയുന്നു.