സിൽക്ക് സിറ്റി പദ്ധതി:രണ്ട് ലക്ഷം തൊഴിലവസരം:നാസർ സബാഹ് അൽ അഹ്മദ്

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സമുദ്ര പരിധിയിൽ സ്ഥിതി ചെയ്യുന്ന അഞ്ച് ദ്വീപുകളെ ബന്ധിപ്പിച്ച് കൊണ്ടുള്ള നിർദിഷ്ട സിൽക്ക് പദ്ധതി യാഥാർഥ്യമാകുന്നതോടെ രണ്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് വെളിപ്പെടുത്തൽ.

ചൈനീസ് എംബസിയുടെ സഹകരണത്തോടെ കുവൈത്ത് യൂണിവേഴ്സിറ്റിയിലെ പഠന വിഭാഗം സംഘടിപ്പിച്ച സിൽക്ക് സിറ്റി സ്വപ്നവും യാഥാർഥ്യവും എന്ന സിമ്പോസിയത്തിൽ സംസാരിക്കവെ അമീരി ദിവാനി കാര്യമന്ത്രി ഷെയ്ഖ് നാസർ സബാഹ് അൽ അഹ്മദ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്.നിർമ്മാണ പ്രവൃത്തികൾ മുഴുവൻ അവസാനിച്ച് സിറ്റി പ്രവർത്തന ക്ഷമമാകുന്നതോടെ പ്രതിവർഷം 35 മില്യൺ അമേരിക്കൻ ഡോളർ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തിന്റെ ചിത്രം തന്നെ മാറ്റി മറിക്കുന്ന പദ്ധതിയാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.ടൂറിസം മേഖലയിൽ ഇടം നേടാൻ സാധിക്കാതെ കുവൈത്തിന് പുതിയ ഹോൻഗാംഗ് എന്ന ഖ്യാതി ഇതിലൂടെ കൈവരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ഉൾപ്പടെയുള്ള കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങളുമായ് ഒരുങ്ങുന്ന സുബിയ്യ സിൽക്ക് സിറ്റിയെയും കുവൈത്ത് സിറ്റിയെയും ബന്ധിപ്പിക്കുന്ന ജാബിർ പാലം നിർമ്മാണം അവസാന ഘട്ടത്തിലാണ്.

കുവൈത്തിലെ വടക്കൻ അതിർത്തിയിലെ സുബിയ്യയിൽ 73,87,50,000 ദീനാർ ചെലവിൽ വിഭാവനം ചെയ്തിരിക്കുന്ന സിൽക്ക് സിറ്റി മേഖലയിലെ ഏറ്റവും വലിയ ഫ്രീ ട്രേഡ് സോൺ ആയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ബ്യുബാനിൽ ഒരുങ്ങുന്ന വൻകിട കണ്ടയ്നർ ടെർമിനലിനോട് ചേർന്ന് നിർമ്മിക്കുന്ന സിൽക്ക് സിറ്റി 2030 യോടെ പൂർത്തിയാക്കാനാണ് പദ്ധതി. സിൽക്ക് സിറ്റി യാഥാർത്യമാവുമ്പോൾ ഉണ്ടായേക്കാവുന്ന ഗതാഗത തിരക്ക് കണക്കിലെടുത്താണ് പദ്ധതി പ്രദേശത്തു നിന്ന് നേരിട്ട് കുവൈത്ത് സിറ്റിയിലേക്ക് ഏത്താൻ അമീർ ഷെയ്ഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നാമദേയത്തിൽ പുതിയ പാലം വിഭാവനം ചെയ്തത്.

ആകെ 12.4 കിലോമീറ്റർ വരുന്ന പാലത്തിന്റെ ഏഴ് കിലോമീറ്റർ ഭാഗം കടലിന് മുകളിലൂടെയാണ്. ജാബിർ പാലം നിർമ്മാണ പ്രവർത്തനങ്ങൾ 2018 ഓടെ പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്ന് കൊടുക്കാനാണ് ലക്ഷ്യമിടുന്നത്.

ഷെയ്ഖ് ജാബിർ പാലം പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പാലമായാണ് കണക്കാക്കപ്പെടുന്നത്.പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതോടെ കുവൈത്തിൽ നിന്ന് സിൽക്ക് സിറ്റിയിലെത്താൻ കുറഞ്ഞ സമയം മതിയാവും.