40 വര്‍ഷം മുമ്പ് കാണാതായ സഹോദരനെ തേടി മലയാളി ദുബൈയില്‍

കാണാതായ ജമാലി​െൻറ അനുജൻ ബഷീർ

ദുബൈ: 40 വര്‍ഷം മുമ്പ് കാണാതായ മലയാളിയെ തേടി സഹോദരന്‍ ദുബൈയില്‍. കോഴിക്കോട് വടകര തിരുവള്ളൂര്‍ കോരത്ത് ഹൗസില്‍ ജമാലിനെ തേടിയാണ് സഹോദരന്‍ ബഷീര്‍ സന്ദര്‍ശക വിസയില്‍ ദുബൈയില്‍ വന്നത്. ഗള്‍ഫ് മാധ്യമം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

1977ല്‍ 18ാം വയസ്സിലാണ് ജമാല്‍ ദുബൈയിലെത്തിയതെന്ന് ബഷീര്‍ പറയുന്നു. പിന്നെ ഇതുവരെ നാട്ടില്‍ വന്നിട്ടില്ല. ആറു വര്‍ഷത്തോളം കത്തിടപാടും പണമയക്കലുമെല്ലാം ഉണ്ടായിരുന്നു. പിന്നീട് ബന്ധം കുറഞ്ഞു. പത്തുവര്‍ഷം കഴിഞ്ഞതോടെ ഒരു വിവരവും ഇല്ലാതായി. കത്തയക്കുന്ന കാലത്ത് നാട്ടില്‍ വരാന്‍ ഉമ്മയും ഉപ്പയുമെല്ലാം നിര്‍ബന്ധിച്ചെങ്കിലും ഉടന്‍ വരാമെന്ന മറുപടിയല്ലാതെ മറ്റൊന്നുമുണ്ടായില്ല. മീശ മുളക്കും മുമ്പ് പോയ ജമാലിന് ഇപ്പോള്‍ 58 വയസ്സായിക്കാണും.

മരിക്കും മുമ്പ് മകനെ ഒരുനോക്ക് കാണണമെന്ന 85 വയസ്സുകഴിഞ്ഞ ഉമ്മ പാത്തുവിെന്റ നിര്‍ബന്ധവും പ്രാര്‍ഥനയുമാണ് ബഷീറിനെ ഇവിടെയെത്തിച്ചത്. ഈ ആഗ്രഹം സഫലമാകാതെയാണ് ബാപ്പ അന്ത്രു 93ല്‍ മരിച്ചത്. ഇവരുടെ പത്ത് മക്കളില്‍ മൂന്നാമത്തെയാളാണ് ജമാല്‍.

ദുബൈയിലേക്ക് വരുന്നതിെന്റ ഏതാനും ദിവസം മുമ്പ് ജമാലിന്റെ വിവാഹം കഴിഞ്ഞിരുന്നു. ദുബൈയിലുണ്ടായിരുന്ന ഭാര്യപിതാവ് മൂസ ഹാജിയാണ് കല്യാണം കഴിഞ്ഞ് പത്താം ദിവസം മരുമകനെ പ്രവാസലോകത്തെത്തിച്ചത്. ജമാല്‍ തിരിച്ചുവരുന്നില്ലെന്ന് കണ്ടതോടെ ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ ഭാര്യപിതാവിന്റെ മുന്‍കൈയില്‍ തന്നെ വിവാഹമോചനവും നടന്നു.

പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കുടുംബം ജമാലിനെ മറന്നില്ല. 1997ല്‍ കുടുംബ സ്വത്ത് ഭാഗിച്ചപ്പോള്‍ 75 ലക്ഷത്തോളം രൂപയുടെ സ്വത്ത് കാണാതായ ജമാലിെന്റ പേരില്‍ ഉമ്മയും സഹോദരങ്ങളും എഴുതിവെച്ചതായി ബഷീര്‍ പറയുന്നു. ഏതെങ്കിലും കാലത്ത് തിരിച്ചവരുേമ്പാള്‍ നല്‍കാനായി ഇപ്പോഴും അത് കാത്തുസൂക്ഷിച്ചിട്ടുണ്ട്. നാട്ടില്‍ തന്നെ കണ്ണായ സ്ഥലത്ത് 20 സെന്റ് ഭൂമിയും 60 സെന്റ് വയലുമാണ് ജമാലിെന്റ പേരിലുള്ളത്.