എണ്ണപ്പാടങ്ങളുടെ നാട്ടില്‍ നെല്ല് കൊയ്ത് യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

ഷാര്‍ജ: ഈന്തപ്പനകളുടെയും എണ്ണപ്പാടങ്ങളുടെയും നാട്ടില്‍ ഇന്നലെ ഒരു വിളവെടുപ്പ് ഉത്സവം നടന്നു. വിളഞ്ഞുനിന്ന നെല്‍ക്കതിരുകള്‍ കൊയ്‌തെടുക്കാന്‍ കുട്ടിക്കര്‍ഷകരായി യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കര്‍ഷകവേഷത്തില്‍ ഒരുങ്ങിയിറങ്ങിയപ്പോള്‍ ഷാര്‍ജയിലൊരു വില്ലയുടെ പുറംമുറ്റത്തിന് കുട്ടനാടിന്റെ ചാരുത വന്നു.

കൃഷിയില്‍ അഞ്ച് ലോകറെക്കോഡുകള്‍ക്ക് ഉടമയായ ഷാര്‍ജയിലെ യുവകര്‍ഷകന്‍ സുധീഷ് ഗുരുവായൂരാണ് പ്രവാസികളായ കുട്ടികള്‍ക്ക് തന്റെ മണ്ണില്‍ ആദ്യമായി വിളവെടുപ്പിന് അവസരം നല്‍കിയത്. ഷാര്‍ജയിലെ സുധീഷിന്റെ വില്ലയുടെ പിറകിലായിട്ടാണ് നെല്‍കൃഷിക്ക് വിളനിലമൊരുക്കിയത്. അഞ്ച്മാസം മുമ്പ് നെല്ല് വിതയ്ക്കുന്നതിലും സുധീഷ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചിരുന്നു. മാസങ്ങള്‍ക്കു ശേഷം തങ്ങള്‍ വിതച്ചത് കൊയ്തപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അത് ഇതുവരെ അറിയാത്ത അനുഭവമായി.

നാലുമാസം കൊണ്ടാണ് മരുഭൂപ്രദേശമായിരുന്ന ഭൂമി സുധീഷ് നെല്‍കൃഷിക്കനുയോജ്യമാക്കി മാറ്റിയത്. വിദ്യാര്‍ത്ഥികളെ കൂടാതെ അധ്യാപകരും, രക്ഷിതാക്കളും, പല കൂട്ടായ്മകളിലെ അംഗങ്ങളും വിളവെടുപ്പ് ഉത്സവത്തില്‍ പങ്കുകൊണ്ടു.

40 ഡിഗ്രി ചൂടിലും അരിവാളുകൊണ്ട് വിളവൊത്ത നെല്‍ക്കതിരുകള്‍ കൊയ്‌തെടുക്കാനുള്ള ആവേശത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍. നെല്ല് കൊയ്ത ശേഷം നെല്ലും കതിരും വേര്‍തിരിക്കുന്നതിലും വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി. പശ്ചാത്തലത്തില്‍ കൊയ്ത്തുപാട്ടുകള്‍ ഉയര്‍ന്നപ്പോള്‍ കൊയ്ത്തുത്സവം ഷാര്‍ജയ്ക്ക് തികച്ചും പുത്തന്‍ അനുഭവമായി.

ലോകത്തെ ഊട്ടാന്‍ കര്‍ഷകര്‍ ചെയ്യുന്ന പരിശ്രമത്തിന്റെയും ഭക്ഷണം വെറുതെ പാഴാക്കി കളയുന്നതിലെ നീതികേടിന്റെയും പാഠങ്ങളാണ് ഈ പുതിയ തങ്ങള്‍ക്ക് മനസിലാക്കി തന്നതെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു.

ഇലക്ട്രിക്കല്‍ എഞ്ചിനീയറായ സുധീഷ് 2004ല്‍ യുഎഇയില്‍ ആദ്യമായി നെല്ല് വിളവെടുത്ത് റെക്കോഡിട്ടിരുന്നു. ഇതിന് മുമ്പ് ഗോതമ്പും പച്ചക്കറികളുമെല്ലാം ഷാര്‍ജയുടെ മണ്ണില്‍ വിളവെടുത്ത ഈ തൃശ്ശൂരുകാരന്‍ മരുഭൂ സമാനമായ മണ്ണിനെ കൃഷിക്കായി പാകപ്പെടുത്തി. തന്റെ ഈ ഉദ്യമത്തില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സുധീഷ് പറഞ്ഞു.

ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിന്റ് വൈ എ റഹീം, മറ്റ് പ്രതിനിധികള്‍ എന്നിവര്‍ കര്‍ഷകവേഷത്തില്‍ വിളവെടുപ്പ് ഉത്സവത്തില്‍ പങ്കെടുത്തു. പരിശ്രമങ്ങള്‍ക്കും ഉദ്യമങ്ങള്‍ക്കും ഇവര്‍ സുധീഷിനെ അഭിനന്ദിച്ചു.

കടപ്പാട് : ഗള്‍ഫ് ന്യൂസ്
റിപ്പോര്‍ട്ടര്‍: സജില ശശീന്ദ്രന്‍