ഡല്‍ഹിയിലെ തോല്‍വി: തെറ്റ് പറ്റിയെന്ന് കെജ്രിവാളിന്റെ കുറ്റസമ്മതം

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ചില തെറ്റുകള്‍ പറ്റിയെന്ന് സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. എവിടെയാണ് തെറ്റ്പറ്റിയതെന്ന് പരിശോധിച്ച് തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ തോല്‍വി സംബന്ധിച്ച് ഇന്ന് രാവിലെയാണ് ട്വിറ്ററിലൂടെ കെജ്രിവാള്‍ തെറ്റ് സമ്മതിച്ച് കുറിപ്പ് പുറത്തിറക്കിയത്.

കഴിഞ്ഞ രണ്ടുദിവസം പാര്‍ട്ടി പ്രവര്‍ത്തകരുമായും വോട്ടര്‍മാരുമായും നടത്തിയ ആശയവിനിമയത്തിലൂടെ ഒരു തിരിച്ച്‌പോക്ക് ആവശ്യമാണെന്ന് തെളിഞ്ഞതായും ന്യായീകരണമല്ല, തിരുത്തലുകളാണ് ഇപ്പോള്‍ ആവശ്യമെന്നും കുറിപ്പില്‍ കെജ്രിവാള്‍ വ്യക്തമാക്കി.

പഞ്ചാബിലെയും ഗോവയിലെയും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ നടന്ന തിരിമറിയാണെന്ന് ആരോപിച്ച കെജ്രിവാള്‍ പക്ഷേ ഡല്‍ഹി തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്ക് തന്നെയാണെന്ന് സമ്മതിച്ചിരിക്കുകയാണ്.

എഎപി ഭരിക്കുന്ന ഡല്‍ഹിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രണ്ടാംസ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. 272 സീറ്റുകളില്‍ കേവലം 48 സീറ്റുകളുമായി ദയനീയ പരാജയമാണ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. മോദി പ്രഭാവത്തില്‍ ഡല്‍ഹിയില്‍ മിന്നുന്ന വിജയം കൈവരിച്ച ബിജെപിയോട് പൊരുതുന്നത് തീരെ നിസാരമല്ലെന്ന തിരിച്ചറിവ് പാര്‍ട്ടിക്ക് കൈവന്നു എന്നുവേണം മനസിലാക്കാന്‍. കഴിഞ്ഞ 10 വര്‍ഷമായി ഡല്‍ഹിയിലെ മൂന്ന് കോര്‍പ്പറേഷനുകളും ഭരിക്കുന്ന ബിജെപി കൂടുതല്‍ സീറ്റുകളുമായി വീണ്ടും ഭരണത്തിനൊരുങ്ങുകയാണ്.