വരകളുടെ ലോകത്തിൽ കുഞ്ഞു മനസ്സുകൾ

ദോഹ:ഫ്രണ്ട്സ് ഓഫ് തൃശൂർ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ പെയിന്റിങ് മത്സരം ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി പി.കുമാരൻ ഉദ്ഘാടനം ചെയ്തു.ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുക്കാനെത്തിയത് മത്സരത്തിന്റെ ജനപ്രീതിയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

മികച്ച രീതിയിൽ മത്സരം നടത്തിയതിനും പ്രചാരണം നടത്തിയതിനും സംഘാടകരെ അദ്ദേഹം അഭിനന്ദിച്ചു.കോസ്റ്റ് ഗാർഡ് വാറന്റ് ഓഫീസർ ഇബ്രാഹീം അൽ മൽക്കി ആഭ്യന്തര മന്ത്രാലയത്തെ പ്രധിനിതീകരിച്ചു പങ്കെടുത്തു.

പ്രസിഡന്റ് പി നാസറുദ്ദീൻ അധ്യക്ഷത വഹിച്ചു.ഐ സി സി പ്രസിഡന്റ് മിലൻ അരുൺ,മുൻ പ്രസിഡന്റ് ഗിരീഷ് കുമാർ,ഫ്രണ്ട്സ് ഓഫ് തൃശൂർ ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ,മുൻ പ്രസിഡന്റ് ശാഹുൽ പനക്ക വീട്ടിൽ,ലേഡീസ് വിങ് ചെയർപേഴ്സൺ ഷീല സുകുമാരൻ എന്നിവർ പ്രസംഗിച്ചു.

നാലായിരത്തോളം വിദ്യാർത്ഥികളാണ് എം ഇ എസ് ഇന്ത്യൻ സ്‌കൂൾ കെ ജി ക്യാംപസിൽ നടത്തിയ മത്സരത്തിൽ പങ്കെടുത്തത്. രണ്ടു മണിക്ക് ചിത്രരചനാ മത്സരം ആരംഭിച്ചു.കൊച്ചു കുട്ടികൾക്കായി നാലരയ്ക്ക് ശേഷമായിരുന്നു മത്സരം.ചിട്ടയോടെയുള്ള പ്രവർത്തനം നടത്തുന്നതിന് നൂറുകണക്കിന് വളണ്ടിയർമാരും സ്ഥലത്തുണ്ടായിരുന്നു.തത്സമയ രജിസ്‌ട്രേഷനും ഇത്തവണ അവസരം ഒരുക്കിയിരുന്നു.

മത്സരം നടക്കുന്ന വേളയിൽ രക്ഷിതാക്കൾക്കും മറ്റു കുട്ടികൾക്കുമായി കെ ജി ഓഡിറ്റോറിയത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് നടന്നു.കുട്ടികൾക്ക് വിവിധ മത്സരത്തിൽ കൂടിയാണ് ബോധവൽക്കരണം നടത്തിയത്.

ഓരോ വിഭാഗത്തിലും വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനമായി നൽകും.കൂടുതൽ വിജയികളുള്ള സ്‌കൂളിന് എം എഫ് ഹുസ്സൈൻ മെമ്മോറിയൽ ട്രോഫിയും കൂടുതൽ മത്സരാർത്ഥികളെ പങ്കെടുപ്പിക്കുന്ന സ്‌കൂളിന് രാജാ രവിവർമ്മ മെമ്മോറിയൽ ട്രോഫിയും മെയ് ആറിന് ഐ സി സി അശോകൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.