യുഎഇയിലെ കുട്ടികളില്‍ മുതിര്‍ന്നവരില്‍ കാണപ്പെടുന്ന കരള്‍രോഗം വ്യാപകമാകുന്നു

അബുദാബി: സാധാരണയായി മുതിര്‍ന്നവരില്‍ കാണപ്പെടുന്ന കരള്‍രോഗം യുഎഇയിലെ കൗമാരക്കാരിലും റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുണര്‍ത്തുന്നു. നോണ്‍ ആല്‍ക്കഹോളിക് സ്റ്റീതോഹെപ്പറ്റൈറ്റിസ് ഫാറ്റി ലിവര്‍ എന്ന അസുഖം 10-15 വയസിനിടയിലുള്ള കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ആരോഗ്യപ്രദമല്ലാത്ത ഭക്ഷണക്രമവും അലസമായ ജീവിതശൈലിയുമാണ് ഇതിന് കാരണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

ഭക്ഷണത്തിലെ കൊഴുപ്പ് കരളിന്റെ പ്രവര്‍ത്തനത്തെ ക്ഷയിപ്പിക്കന്നതാണ് ഈ രോഗം. സാധാരണയായി 30-40നും ഇടയില്‍ പ്രായമുള്ളവരിലാണ് ഈ കരള്‍രോഗം കാണപ്പെടാറ്. 30% രോഗികളിലും കരള്‍ മാറ്റിവെക്കലാണ് പരിഹാരം.

അടുത്തിടെ പൊണ്ണത്തടിയുമായി എത്തിയ ഒരു പതിനഞ്ചുകാരനില്‍ ഈ രോഗത്തിന്റെ ആരംഭം കണ്ടെത്തിയതായി ദുബായ് മെഡിയോര്‍ ആശുപത്രിയിലെ ഗാസ്‌ട്രോഎന്റെറോളജിസ്റ്റ് ഡോ.ഗണേഷ് ഭട്ട് പറഞ്ഞു. 32 ആയിരുന്നു ആ കുട്ടിയുടെ ബോഡി മാസ് ഇന്‍ഡെക്‌സ്. ഒരുപാട് ഫാസ്റ്റ്ഫുഡും ജങ്ക്ഫുഡും കഴിക്കുന്ന ശീലം ഉള്ള ഈ കുട്ടി തീരെ വ്യായാമം ചെയ്യാറില്ല. ഇത്തരം കേസുകള്‍ യുഎഇയില്‍ സാധാരണയാകുന്നതായി ഡോക്ടര്‍ അഭിപ്രായപ്പെട്ടു. 10 വയസില്‍ താഴെയുള്ള കുട്ടികളില്‍ അധികമായി കാണുന്നില്ലെങ്കിലും കൗമാരക്കാരില്‍ ഇതിനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്.

അലസമായ ജീവിതചര്യ, വ്യായാമക്കുറവ്, ഫാസ്റ്റ്ഫുഡ് എന്നിവയാണ് പ്രധാനമായ രോഗകാരണങ്ങള്‍. 2020ഓടെ കരള്‍ മാറ്റിവയ്ക്കുന്നതിനുള്ള പ്രധാനകാരണമായി ഈ രോഗം മാറുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

പ്രാരംഭദിശയില്‍ കണ്ടെത്തുകയാണങ്കില്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിലൂടെ രോഗത്തെ ചെറുത്തുനില്‍ക്കാം. എന്നാല്‍ ആരംഭത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ കരള്‍ മാറ്റിവെക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തും.

പൊണ്ണത്തടി ഉള്ളവര്‍ പ്രമേഹം, കൊളസ്‌ട്രോള്‍, ഹൃദ്രോഗം എന്നിവയെ മാത്രമാണ് ഭയപ്പെടുന്നതെന്നും കരള്‍രോഗത്തെ കുറിച്ച് ഇവര്‍ ചിന്തിക്കാറില്ലെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. പലരും ആകസ്മികയാണ് കരള്‍രോഗം ഉള്ളതായി തിരിച്ചറിയുന്നത്.