ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം കൊയ്ത് ഇന്ത്യക്കാരന്‍; 5 മില്യണ്‍ ദിര്‍ഹം സ്വന്തമാക്കിയത് തങ്കരാജ്

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യന്‍ തരംഗം. അബുദാബിയില്‍ താമസക്കാരനായ തമിഴ്‌നാട് സ്വദേശി തങ്കരാജ് നാഗരാജനെയാണ് ഇത്തവണ ഭാഗ്യം തേടിയെത്തിയത്. 5 മില്യണ്‍ ദിര്‍ഹമാണ് (ഏതാണ്ട് എട്ടര കോടിയോളം രൂപ) സമ്മാനത്തുക. കഴിഞ്ഞ മാസം ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 10 മില്യണ്‍ ദിര്‍ഹം സമ്മാനമായി ലഭിച്ച മലയാളിയായ നിഷിത രാധാകൃഷ്ണ പിള്ളയാണ് 066002 എന്ന ടിക്കറ്റ് നമ്പറിനുടമയായ തങ്കരാജിനെ ഈ മാസത്തെ വിജയിയായി പ്രഖ്യാപിച്ചത്.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഒറ്റരാത്രി കൊണ്ട് മില്യണയര്‍ പദവിയിലെത്തുന്ന 179ാമത് ആളാണ് തങ്കരാജ്.

വിജയത്തില്‍ വളരെ സന്തോഷമുണ്ടെന്ന് അപ്രതീക്ഷിത ഭാഗ്യത്തിന്റെ അമ്പരപ്പ് വിടാതെ തങ്കരാജ് അറിയിച്ചു. വിജയത്തുക മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കും. ബാക്കി വരുന്ന തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ചെന്നൈയില്‍ വീട് പണിയുന്നതിനും ഉപയോഗിക്കുമെന്നും അബുദാബിയില്‍ പ്രോജക്ട് മാനേജറായ തങ്കരാജ് പറഞ്ഞു.