ഇന്ത്യൻ സ്‌കൂളുകളിൽ ഇന്ത്യൻ കുട്ടികൾക്ക് മുൻഗണനയാകാം

ദോഹ: ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് മുൻഗണന നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂൾ പ്രവേശനത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ നനേരിടുന്ന കടുത്ത ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് മന്ത്രാലയം ഈ നിർദ്ദേശം നൽകിയതെന്ന് ഇന്ത്യൻ സ്‌കൂൾ അധികൃതർ വ്യക്തമാക്കി.

ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകൾ ഇപ്പോൾ പ്രവേശനം ലഭിച്ചിട്ടുള്ള വിദേശ വിദ്യാർത്ഥികൾക്ക് പഠനം തുടരാം. അടുത്ത അധ്യയന വർഷം മുതൽ ആവശ്യമെങ്കിൽ മുഴുവൻ സീറ്റുകളിലും ഇന്ത്യൻ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കും.

കഴിഞ്ഞ ഏതാനും വർഷം കൊണ്ട് ഖത്തറിലെ ഇന്ത്യൻ കുടുംബങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചെങ്കിലും ആനുപാതികമായി ഇന്ത്യൻ സ്‌കൂളുകളുടെ എണ്ണം കൂടിയില്ല. ചില സാങ്കേതിക കാരണങ്ങളാൽ ഏതാനും സ്‌കൂളുകളിൽ പ്രവർത്തനത്തിന് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കാൻ കടുത്ത ബുദ്ധിമുട്ടു നേരിടാൻ ഇതാണ് കാരണം. പുതിയ നിർദ്ദേശം പ്രവേശന പ്രതിസന്ധിക്കു പൂർണ്ണ പരിഹാരമാകില്ലെങ്കിലും, വലിയൊരളവോളം ആശ്വാസം പകരുമെന്നുറപ്പാണ്.

ഖത്തറിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും ഒട്ടേറെ ഇന്ത്യൻ വിദ്യാർത്ഥികൾ വെയ്റ്റിങ് ലിസ്റ്റിലുണ്ട്.ഇന്ത്യൻ സ്‌കൂളുകളിൽ ജിസിസി വിദ്യാർത്ഥികൾ വരെ പടിക്കുന്നുമുണ്ട്. പ്രവേശനം ലഭിക്കാത്ത ഇന്ത്യൻ രക്ഷിതാക്കളിൽ നിന്ന് ഒട്ടേറെ പരാതികൾ ലഭിച്ചതോടെയാണ് മന്ത്രാലയം ഇത് സംബന്ധിച്ച വാക്കാലുള്ള നിർദ്ദേശം നൽകിയത്.

എന്നാൽ ഇന്ത്യക്കാരല്ലാത്ത വിദ്യാർത്ഥികളെ ഇന്ത്യൻ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടില്ല. രേഖാ മൂലമുള്ള സർക്കുലറുകളൊന്നും പുറപ്പെടുവിച്ചിട്ടുമില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള വിവേചനാധികാരം ഇന്ത്യൻ സ്‌കൂൾ അധികൃതർക്ക് നൽകിയത് ദി പെൺസുല റിപ്പോർട്ട് ചെയ്തു.

ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിലെ ഈ വർഷത്തെ പ്രവേഷനം ഏതാണ്ട് പൂർണ്ണമായി.താഴ്ന്ന ക്ലാസുകളിലാണ് ( ഒന്നു മുതൽ നാല് വരെ) പ്രവേശനത്തിന് ഏറെ പ്രയാസം.ഇതിൽ തന്നെ ഏറ്റവും ബുദ്ധിമുട്ട് ഒന്നാം ക്ലാസ് പ്രവേശനത്തിനാണ്.

ഈ സാഹചര്യത്തിൽ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം ഇന്ത്യൻ രക്ഷിതാക്കൾക്ക് ഏറെ സഹായകമാകും. നിലവിൽ ഇന്ത്യൻ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങൾക്ക് അതേ സ്കൂളിൽ പ്രവേശനത്തിന് മുന്ഗണന നൽകുമെന്ന് പ്രൈവറ്റ് സ്‌കൂൾസ് ഓഫീസ് ഡയറക്ടർ ഹമദ് അൽ ഗാലി നേരത്തെ നിർദ്ദേശിച്ചിരുന്നു.