സെന്‍കുമാര്‍ വീണ്ടും പോലീസ് മേധാവി; ലോകനാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറാകും

തിരുവനന്തപുരം: ഡിജിപി ടി പി സെന്‍കുമാര്‍ വീണ്ടും സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ട നിയമന ഉത്തരവ് കയ്യില്‍ കിട്ടിയതോടെയാണ് സെന്‍കുമാര്‍ വീണ്ടും പോലീസ് തലപ്പത്ത് എത്തിയത്. വൈകിട്ട് 4.30ഓടെ പോലീസ് ആസ്ഥാനത്തെത്തി സ്ഥാനമൊഴിയുന്ന ഡിജിപി ലോകനാഥ് ബെഹ്‌റയില്‍ നിന്നുമാണ് സെന്‍കുമാര്‍ അധികാരമേറ്റത്.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ രാത്രിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമന ഉത്തരവില്‍ ഒപ്പുവെച്ചത്. പോലീസ് മേധാവി സ്ഥാനമൊഴിയുന്ന ഡിജിപി ലോക്‌നാഥ് ബെഹറയെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കാനാണ് തീരുമാനം. പക്ഷേ ഇത് സംബന്ധിച്ച ഉത്തരവൊന്നും പുറത്തിറങ്ങിയിട്ടില്ല.

സെന്‍കുമാറിനെ തിരികെ നിയമിക്കണമെന്ന് സുപ്രീംകോടതി വിധി ഉണ്ടായിട്ടും പുനര്‍നിയമനത്തിന് കാലതാമസം ഉണ്ടായതിനെതിരെ വീണ്ടും സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കേസ് പരിഗണിച്ച കോടതി ഇന്നലെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് എത്രയും പെട്ടന്ന് സെന്‍കുമാറിനെ തിരികെ നിയമിക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഒരു വര്‍ഷത്തെ നിയമയുദ്ധങ്ങള്‍ക്കൊടുവിലാണ് സെന്‍കുമാര്‍ വീണ്ടും പോലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തുന്നത്. 2016 മെയ് 30നാണ് സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്നും പിണറായി സര്‍ക്കാര്‍ മാറ്റിയത്. ഇതിനെതിരെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും വിധി സര്‍ക്കാരിന് അനുകൂലമായിട്ടായിരുന്നു. തുടര്‍ന്നാണ് സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഏപ്രില്‍ 24ന് കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി സെന്‍കുമാറിനെ എത്രയും വേഗം പോലീസ് മേധാവിയായി നിയമിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.