മലബാറിലെ പ്രവാസി മലയാളികൾക്ക് ആശ്വാസം: എയർ ഇന്ത്യ ജിദ്ദ- കരിപ്പൂർ സർവ്വീസ് ആരംഭിക്കുന്നു

റിയാദ്: സൗദിയിലെ മലബാർ മേഖലയിൽ നിന്നുള്ള പ്രവാസികൾക്ക് ആശ്വാസമായി കരിപ്പൂർ-ജിദ്ദ സെക്ടറിൽ എയർ ഇന്ത്യ സർവ്വീസ് ആരംഭിക്കുന്നു. എ-320 നിയോ എന്ന പുതിയ വിമാനമാണ് ജിദ്ദ കരിപ്പൂർ ആകാശയാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ഒക്ടോബറിൽ സർവ്വീസ് ആരംഭിക്കും. കഴിഞ്ഞ 2015 ഏപ്രിൽ 30 മുതൽ കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതോടെയാണ് കരിപ്പൂർ-ജിദ്ദ സെക്ടറിൽ സർവ്വീസ് നിലച്ചത്. പിന്നീട് സൗദിയിലെ ദമാം, റിയാദ് മേഖലയിലേക്ക് വരെ നേരിട്ട് സർവ്വീസ് പുനരാരംഭിച്ചെങ്കിലും കരിപ്പൂർ-ജിദ്ദ സെക്ടറിലേക്ക് ആകാശ ദൂരം കൂടുതലായതിനാൽ ചെറിയ വിമാനങ്ങൾക്ക് പറന്നെത്താൻ പ്രയാസമാവുകയായിരുന്നു. കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് അഞ്ച് മണിക്കൂർ വിശ്രമമില്ലാതെ പറക്കാൻ ചെറിയ വിമാനങ്ങൾക്ക് കഴിയില്ല. എന്നാൽ ദമാം, റിയാദ് മേഖലയിലേക്ക് ദൂരം കുറവായതിനാൽ പ്രയാസമില്ല

നിലവിൽ കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് കണക്ഷൻ സർവ്വീസ് വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. അല്ലാത്തവർ നെടുമ്പാശേരിയിലെത്തി വേണം നേരിട്ട് പറക്കാൻ. ഉംറ, ഹജ്ജ് തീർത്ഥാടകരും മറ്റു വിമാനത്താവളങ്ങളിൽ മണിക്കൂറുകൾ ഇറങ്ങി കാത്തിരുന്നാണ് ജിദ്ദയിലെത്തുന്നത്. നേരിട്ട് വിമാനമെത്തുന്നതോടെ ഈ പ്രയാസങ്ങളെല്ലാം ദൂരീകരിക്കും. 420 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനമായിരുന്നു നേരത്തെ കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് സർവ്വീസ് നടത്തിയിരുന്നത്. തുടർച്ചയായി എട്ട് മണിക്കൂർ പറക്കാൻ സാധിക്കുന്ന എ-320 നിയോ എന്ന പുതിയ വിമാനം കഴിഞ്ഞ ഫെബ്രുവരിയിലാണ് എയർ ഇന്ത്യ വാങ്ങാൻ തീരുമാനിച്ചത്. ഈ ശ്രേണിയിൽ പെട്ട 13 വിമാനങ്ങൾ വാങ്ങാനാണ് തീരുമാനം. വിമാനം ലഭ്യമായാൽ കരിപ്പൂർ-ജിദ്ദ സർവ്വീസിനാണ് എയർ ഇന്ത്യ മുൻഗണന നൽകുക.

ഇക്കോണമി ക്ലാസിൽ 162 സീറ്റുകളും ബിസിനസ്സ് ക്ലാസിൽ 12 സീറ്റുകളുമാണ് ഈ വിമാനത്തിലുള്ളത്. പതിവ് യാത്രക്കാർക്ക് പുറമെ ഉംറ, ഹജ്ജ് തീർത്ഥാടകരും ജിദ്ദയിലേക്ക് നേരിട്ട് സർവ്വീസ് ആരംഭിക്കുന്നത് ഏറെ ആശ്വാസമാകും. ആഴ്ച്ചയിൽ എല്ലാ ദിവസവും സർവ്വീസ് നടത്താനാണ് പദ്ധതി. എയർ ഇന്ത്യയുടെ പുതിയ സർവ്വീസ് ദീർഘ കാലമായുള്ള മലബാറിലെ പ്രവാസികളുടെ യാത്രാ ക്ലേശത്തിന് ഒരു പരിധി വരെ ആശ്വാസമാകും.