ഒരു മാസത്തിനിടയിൽ 30 ടൺ ഭക്ഷ്യ വസ്തുക്കൾ പിടികൂടി

ജിദ്ദ:ഒരുമാസത്തിനിടയിൽ 30 ടൺ ഭക്ഷ്യ വസ്തുക്കൾ പിടികൂടിയതായി ഫുഡ് ആൻഡ് ഗ്രേഡ് അതോറിറ്റി അറിയിച്ചു. രാജ്യത്തിൻറെ വിവിധ മേഖലകളിലെ 594 ഗോഡൗണുകളിലും, ഫാക്ടറികളിലും നടത്തിയ പരിശോധനയിലാണ് ഇത്രയും ഭക്ഷ്യ വസ്തുക്കൾ പിടികൂടിയത്. ഇറക്കുമതി ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണുകൾ, ഭക്ഷ്യ നിർമ്മാണ ഫാക്ടറികൾ, പ്രാദേശിക ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിലാണ് നടപടി. റമദാനിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഉൽപ്പാദിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

ഭക്ഷ്യ സുരക്ഷാ ഉറപ്പു വരുത്തുകയും മാർക്കറ്റുകളിൽവക്ക് എത്തുന്നതിന് മുമ്പ് ഉപയോഗിക്കാൻ കൊള്ളാത്തവ തടയുകയും ചെയ്യുന്നതിനാണിത്. പട്ടണത്തിനകത്തും പുറത്തുമുള്ള 250 ഫാക്ടറികൾ സന്ദർശിച്ചു. ഇറച്ചി, കോഴി, ജ്യൂസ് ഈത്തപ്പഴം തുടങ്ങിയ കേന്ദ്രങ്ങൾ ഇതിലുൾപ്പെടും.

നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കാലാവധി തീർന്ന 12,541 ഭക്ഷ്യ ഉത്പന്നങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ജുബ്ന, മിഠായി,കോഴി,ഇറച്ചി,പഞ്ചസാര, പയറുകൾ ഇതിലുൾപ്പടും. 344 ഗോഡൗണുകളിലും പരിശോധന നടത്തി. കാലാവധി തീർന്നതും മോശമായ രീതിയിൽ സൂക്ഷിച്ചതുമായ 17,896 കിലോ സാധനങ്ങൾ പിടിച്ചെടുത്തു. ജ്യൂസ്, പാൽ, എണ്ണ, ഫ്രീസ് ചെയ്ത പഴങ്ങൾ, മാംസം എന്നിവ ഇതിൽ ഉൾപ്പെടും. നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും റമദാൻ അവസാനം വരെ പരിശോധന തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി.