ആസ്റ്റർ ഗ്രൂപ്പിന്റെ പുതിയ മെഡ് കെയർ ഹോസ്പിറ്റൽ ഷാർജ അൽ ഖസ്സിമിയയിൽ പ്രവർത്തനം ആരംഭിച്ചു.

ഷാർജ : അത്യാധുനിക സൗകര്യങ്ങളോടും ലോകോത്തര നിലവാരത്തോടും കൂടിയ 120 കിടക്കകളുള്ള ആസ്റ്റർ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ‘മെഡ് കെയർ ഹോസ്പിറ്റൽ’ ഉദ്ഘാടനം ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖസ്സിമി, ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുള്ള ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖിയാസിമിയുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. ഷാർജ കിംഗ് ഫൈസൽ റോഡിൽ അൽ ഖസ്സിമിയ പ്രദേശത്താണ് ഈ പുതിയ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും 20 വ്യത്യസ്ത സ്പെഷ്യലൈസ്ഡ് വിഭാഗവുമുള്ള ഹോസ്പിറ്റലിൽ വിദഗ്ദരായ ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും സേവനമാണ് സജ്ജമാക്കിയിട്ടുള്ളത്.ഷാർജയിൽ മികച്ച രീതിയിലുള്ള ചികിത്സാ സൗകര്യം കൊണ്ടുവരുന്നതോടൊപ്പം ആരോഗ്യ ടൂറിസത്തിൽ എമിറേറ്റിന് പ്രാധാന്യം നൽകുകയുമാണ് പുതിയ ഹോസ്പിറ്റൽ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ചെയർമാനും എം ഡിയുമായ ഡോ. ആസാദ് മൂപ്പൻ അറിയിച്ചു. ചടങ്ങിൽ ഷാർജ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ഉ എ ഇ ഇന്ത്യൻ അംബാസഡർ നവദീപ് സിങ് സൂരി, ആസ്റ്റർ എക്സിക്യൂട്ടീവ് ഡയറക്ടർ അലീഷ മൂപ്പൻ, ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എം.മത്താസ് അൽ ജമ്മൽ തുടങ്ങിയവർ സംബന്ധിച്ചു.