ഹാജി മസ്താന്‍; രജനിയ്ക്ക് വക്കീല്‍ നോട്ടീസ്

ന്യൂഡല്‍ഹി: സ്റ്റെല്‍ മന്നന്‍ രജനീകാന്തിന് വക്കീല്‍ നോട്ടീസ്. ഹാജി മസ്താന്‍ മിര്‍സയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ അദ്ദേഹത്തെ അധോലോക നായകനാക്കി ചിത്രീകരിക്കരുതെന്ന് ചൂണ്ടിക്കാട്ടി മകനെന്ന് അവകാശപ്പെടുന്ന സുന്ദര്‍ ശേഖറാണ് നോട്ടീസ് അയച്ചത്.

കബാലിക്കു ശേഷം സംവിധായകന്‍ പാ രഞ്ജിത്തുമായി രജനി ഒരുമിക്കുന്ന ചിത്രത്തില്‍ ഹാജി മസ്താനായി രജനിയെത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഞങ്ങളുടെ ഗോഡ്ഫാദറും പ്രമുഖ രാഷട്രീയ നേതാവുമായ ഹാജി മസ്താനെ കൊള്ളക്കാരനും അധോലോക നായകനുമാക്കി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചിത്രീകരിക്കുന്നതിനെ എതിര്‍ക്കുന്നുവെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഹാജി മസ്താന്റെ രാഷ്ട്രീയപാര്‍ട്ടിയിലെ പ്രവര്‍ത്തകരും ഇക്കാര്യത്തെ എതിര്‍ക്കുന്നുവെന്നും സിനിമയുമായി മുന്നോട്ടു പോകുകയാണെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

ഹാജി മസ്താന്‍ എന്നറിയപ്പെടുന്ന മസ്താന്‍ ഹൈദര്‍ മിര്‍സ 1926 1994 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വ്യക്തിയാണ്. തമിഴനാണെങ്കിലും മുംബൈയില്‍ ജീവിച്ച അദ്ദേഹം കുപ്രസിദ്ധ അധോലോക നായകനായാണ് അറിയപ്പെട്ടത്.