വെനസ്വലയിലെ സാമ്പത്തിക പ്രതിസന്ധി: പ്രതിഷേധിച്ച വൃദ്ധര്‍ക്കെതിരെ പോലീസിന്റെ കുരുമുളക് സ്‌പ്രേ

വെനസ്വലയിലെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് നിക്കോളാസ് മഡുറോ സര്‍ക്കാരിനെതിരെ ആയിരത്തിലധികം വൃദ്ധര്‍ നടത്തിയ പ്രതിഷേധത്തിനു നേരെ പോലീസ് അക്രമം. തലസ്ഥാനമായ കാരക്കാസിലെ പ്രധാനപാതയിലേക്കുള്ള പ്രവേശനം പോലീസ് നിഷേധിച്ചു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു.

പ്രായമായവരോട് പോലീസ് അല്‍പം ബഹുമാനം കാണിക്കണമെന്ന് പ്രതിഷേധക്കാര്‍ ശബ്ദമുയര്‍ത്തി. പ്രതിഷേധ പ്രകടനം പലവഴികളിലായി പിരിഞ്ഞ് വെനസ്വല ഓംബുഡ്‌സ്മാന്റെ ഓഫീസിന് മുമ്പിലെത്തി. സുരക്ഷാഉദ്യോഗസ്ഥര്‍ മൃഗീയമായി തങ്ങളെ അടിച്ചമര്‍ത്തിയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

സാമ്പത്തിക അടിയന്തരാവസ്ഥ നേരിടുന്ന വെനസ്വലയില്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളുമടക്കമുള്ള അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമം നേരിടുകയാണ്. ആരോഗ്യരംഗത്തെ പ്രതിസന്ധി ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് പ്രായമായവരെയും വൃദ്ധരെയുമാണ്.

അതേസമയം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ശിശുമരണത്തിലും മാതൃമരണത്തിലും ഉണ്ടായ വര്‍ധനവ് ചൂണ്ടിക്കാണിച്ച ആരോഗ്യമന്ത്രിയെ മഡുറോ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കി. സ്ത്രീരോഗവിദഗ്ധ കൂടിയായിരുന്ന അന്റോണിറ്റേ കാപോരാളിനെയാണ് മഡുറോ പുറത്താക്കിയത്. ഇവര്‍ക്ക് പകരമായി ആരോഗ്യ സഹമന്ത്രി ആയിരുന്ന ലൂയിസ് ലോപസിന് മന്ത്രിസ്ഥാനം നല്‍കി.

സര്‍വ്വകലാശാല നഗരമായ മെറിഡ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ സ്ഥിരം വേദിയാണ്. അതേസമയം വെള്ളിയാഴ്ച പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലേക്ക് പെന്‍ഷന്‍കാര്‍ പ്രതിഷേധപ്രകടനം നടത്തി.

മൂന്നുതരത്തില്‍ സര്‍ക്കാര്‍ തങ്ങളെ കൊല്ലുകയാണെന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. ഭക്ഷണം ഇല്ലാതെ ഞങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു, മരുന്നില്ലാതെ ഞങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു, ഇപ്പോള്‍ പ്രതിഷേധത്തിനിടെ അവര്‍ തങ്ങളെ കൊല്ലുന്നു.

സാമ്പത്തിക അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ ആരംഭിച്ച് ആറാഴ്ചയ്ക്കുള്ളില്‍ 39ലധികം പേരാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 29ന് പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള നാഷ്ണല്‍ അസംബ്ലിയില്‍ നിന്നും അധികാരം പിടിച്ചെടുക്കാന്‍ സുപ്രീംകോടതി ശ്രമിച്ചതോടെയാണ് രാജ്യത്ത് അശാന്തി ഉടലെടുത്തത്. ദിവസങ്ങള്‍ക്കുള്ളില്‍ സുപ്രീംകോടതി തീരുമാനം പിന്‍വലിച്ചു. മഡുറോയ്ക്ക് മേലുള്ള സമ്മര്‍ദ്ദം കൂട്ടുന്നതിനായുള്ള പ്രതിഷേധ പ്രകടനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെ തിരക്കിലാണ് പ്രതിപക്ഷം.

കഴിഞ്ഞ വെള്ളിയാഴ്ച മെഴുകുതിരികള്‍ കയ്യിലേന്തി സ്ത്രീകള്‍ തെരുവിലിറങ്ങിയിരുന്നു. മഡുറോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രകടനങ്ങളും വെനസ്വലയില്‍ അരങ്ങേറുന്നുണ്ട്.

പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതേസമയം ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് സര്‍ക്കാരിന്റെ അധികാരം കവര്‍ന്നെടുക്കാന്‍ ശ്രമിച്ച് രാജ്യത്ത് കലാപം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് മഡുറോയുടെ ആരോപണം.